'ദൃശ്യ'ത്തിലെ ജോർജുകുട്ടിയെയും കുടുംബത്തെയും സിനിമാപ്രേമികൾ മറന്നിട്ടുണ്ടാകില്ല. കുളിസീൻ മൊബൈലിൽ പകർത്തി ഭീഷണിയുമായി എത്തിയ കമ്മിഷണറുടെ മകനെ തലയ്ക്കടിച്ചു കൊന്ന ജോർജുകുട്ടിയുടെ മകളും, തന്റെ കുടുംബത്തെ രക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന കഥാനായകനുമൊക്കെ തിയറ്ററുകളെ പിടിച്ചുലച്ചിരുന്നു.

എന്നാൽ, തന്റെ കുടുംബം തകർക്കാൻ വന്ന വില്ലനെ തലയ്ക്കടിച്ചു കൊല്ലാൻ കഥാപാത്രം കാട്ടിയ തന്റേടം അൻസിബയ്ക്ക് യഥാർഥ ജീവിതത്തിലും ഉണ്ടാകുമോ? സൈബർ ലോകത്തിന്റെ ആക്രമണം കഥാപാത്രം നേരിട്ടതിലും രൂക്ഷമാണെന്നാണ് ഈ യുവനടി പറയുന്നത്.

സൈബർ ലോകത്തെ ചതിവലകളുടെ ഇരയാണ് അൻസിബയും. വ്യാജഫോട്ടോകളും വ്യാജവാർത്തകളും പടച്ചുവിടുന്ന ഇന്റർനെറ്റിലെ വില്ലന്മാർ അൻസിബയെയും ശല്യപ്പെടുത്തുന്നുണ്ട്. വ്യാജപ്രൊഫൈലുകൾ കൊണ്ട് പൊറുതിമുട്ടിയതോടെ സ്വന്തം ഫേസ്‌ബുക്ക് പേജ് കൈകാര്യം ചെയ്യാൻ സ്വകാര്യ ഏജൻസിയുടെ സഹായം തേടിയിരിക്കുകയാണ് അൻസിബ ഹസ്സൻ.

എന്തായാലും ഇത്തരം സൈബർ ആക്രമണത്തോട് ദൃശ്യം സിനിമയുടെ മാതൃകയിൽ പ്രതികരിക്കാൻ ഇല്ലെന്നാണ് അൻസിബ പറയുന്നത്. എന്നാൽ, സൈബർ ലോകത്ത് പതിയിരിക്കുന്ന ചതിക്കുഴികൾ തിരിച്ചറിയാനുള്ള വിവേകം പെൺകുട്ടികൾ കാണിക്കണം. ചതിവലകൾ പൊട്ടിച്ചെറിയാനുള്ള ആത്മധൈര്യം പെൺകുട്ടികൾക്കുണ്ടാകണമെന്ന സിനിമയിലെ പാഠം മനസിൽ വയ്ക്കണമെന്നാണ് അൻസിബ ഓർമിപ്പിക്കുന്നത്.