തിരുവനന്തപുരം: തനിക്കെതിരേ ഓൺലൈൻ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന അപവാദ പരാമർശങ്ങൾക്കെതിരേ പ്രതികരിച്ച് നടി അൻസിബ രംഗത്ത്. തന്റെ പേരിൽ ഓൺലൈൻ സൈറ്റുകളിൽ പ്രചരിക്കുന്ന വാർത്തകൾ മുഴുവൻ കള്ളമാണെന്ന് അവർ അവകാശപ്പെട്ടു. തട്ടമിട്ടില്ലെങ്കിൽ എന്താണു പ്രശ്‌നമെന്ന് താൻ ചോദിച്ചിട്ടില്ലെന്നും നരകമില്ലെന്നു പറഞ്ഞിട്ടില്ലെന്നും അൻസിബ വ്യക്തമാക്കി. കുടുംബസമേതം ദുബായിൽ ആഘോഷത്തിനു പോയിരിക്കുന്ന അൻസിബ യുട്യൂബിൽ പോസ്റ്റു ചെയ്ത വീഡിയോയിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

തട്ടമിട്ടില്ലെങ്കിൽ എന്താണു പ്രശ്‌നമെന്ന് അൻസിബ ചോദിച്ചു, നരകത്തിൽ പോകില്ല,നരകമില്ല, ബോളിവുഡിലുള്ളവരൊക്കെ ഇങ്ങനല്ലേ തുടങ്ങിയ പരാമർശങ്ങളൊന്നും താൻ നടത്തിയിട്ടില്ല. ഒരാളുടെയടുത്തും ഇങ്ങനെ സംസാരിച്ചിട്ടില്ല. ചില ഓൺലൈൻ മാദ്ധ്യമങ്ങളിൽ വന്ന ഇത്തരം വാർത്തകൾ വൈറലായിരുന്നു. ഇതൊക്കെ കൂട്ടുകാർ തനിക്കു കാണിച്ചുതന്നിരുന്നു. ഇവയെല്ലാം ഭയങ്കര സങ്കടം ഉണ്ടാക്കി.

ഇങ്ങനൊന്നും പറയാൻ മാത്രം വലിയ ആളല്ല താനെന്നും അൻസിബ പറഞ്ഞു. എന്തിനാണ് ഇങ്ങനുള്ള ന്യൂസുകളൊ കെട്ടിച്ചമച്ചുണ്ടാക്കുന്നതെന്ന് അറിയില്ല. താനൊരു സാധാരണ പെൺകുട്ടിയാണ്. ചെറിയ കാര്യങ്ങൾക്ക് സങ്കടവും സന്തോഷവുമൊക്കെ തോന്നുന്നയാൾ. പ്രതികരിക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് ആദ്യം വിചാരിച്ചിരുന്നത്. അതുകൊണ്ടാണ് എന്നും പറയാതിരുന്നത്.

മദ്രസ അദ്ധ്യാപകരെപ്പറ്റി ആരോ അപവാദം പറയുന്ന ഓഡിയോ ക്ലിപ്പ് യുട്യൂബിൽ അപ്‌ലോഡ് ചെയ്‌പ്പോൾ തന്റെ ഫോട്ടോയാണ് ചേർത്തത്. ഓഡിയോ കേൾക്കുന്നവർ വിചാരിക്കും അതു താൻ പറഞ്ഞതാണെന്ന്. കേട്ടപ്പോൾ തോന്നിയത് കണ്ണൂർ, കാസർകോഡ് ഭാഗത്തുനിന്നുള്ളയാളുടെ ഭാഷയാണെന്നാണ്. താനങ്ങളെ പറഞ്ഞിട്ടില്ല. ആരാണ് അതിൽ തന്റെ ഫോട്ടോ ഇട്ടതെന്നും അറിയില്ല. ആരോ ഗൂഗിളിൽ സെർച്ച് ചെയ്ത് തന്റെ ഫോട്ടോ എടുത്തിട്ടതാണ്.
അന്നൊക്കെ ആരുടെ അടുത്തുപോയി എന്തു പരാതി നല്കണമെന്നുപോലും അറിയില്ലായിരുന്നു.

ഒരു ചാനലിൽ സിനിമാ താരങ്ങളെപ്പറ്റി ഗോസിപ്പ് അവതരിപ്പിക്കുന്ന പരിപാടിയിൽ തന്റെ മുഖച്ഛായയുള്ള ഒരു സ്ത്രീ ബിക്കിനിയിൽ സ്വിമ്മിങ് പൂളിൽ നിൽക്കുന്ന ഫോട്ടോ കാണിക്കുകയുണ്ടായി. അൻസിബയുടെ ഫോട്ടോ ആണെന്നു പറഞ്ഞാണ് അത് കാണിച്ചിരിക്കുന്നത്. തന്നെ അറിയാത്ത പലരും അത് തന്റെ ഫോട്ടോ ആണെന്നു വിചാരിക്കും. സാധാരണ പെൺകുട്ടിയെന്ന നിലയ്ക്ക് ഭയങ്കര വിഷമം തോന്നുന്ന കാര്യങ്ങളാണിതൊക്കെ.

ജനങ്ങൾക്കിഷ്ടപ്പെട്ട നല്ലൊരു സിനിമയിൽ നല്ലൊരു കഥാപാത്രം ചെയ്തു. ആ സ്‌നേഹം മാത്രം മതി. ഇല്ലാത്ത വാല്യൂ തനിക്കു മാദ്ധ്യമങ്ങൾ നല്‌കേണ്ട. ഏറ്റവും ബഹുമാനിക്കുന്ന തൊഴിലാണ് മാദ്ധ്യമപ്രവർത്തനം. എന്നാൽ ചില ഓൺലൈൻ സൈറ്റുകൾ ഇങ്ങനെ ചെയ്യുന്നതു കാണുന്നത് സങ്കടമുണ്ടാക്കുന്നു. സൈറ്റുകൾ ആ ന്യൂസുകൾ പിൻവലിക്കണം. ഒന്നു രണ്ടു വർഷമായി തുടർച്ചയായി ഇതു വരുന്നു. പരാതി പറയാനായി ഒരു സൈറ്റിൽ വിളിച്ചപ്പോൾ ആ ഫോൺ ഔട്ട് ഓഫ് കവറേജ് ഏരിയ, അല്ലെങ്കിൽ സ്വിച്ചോഫ് ആണ്. അവരോട് എങ്ങനെയാണ് ഞാൻ പരാതി പറയുക. കുറേ നാളായി പ്രതികരിക്കാതിരിക്കുന്നതുകൊണ്ടാകാം സൈറ്റുകൾ ഇങ്ങനുള്ള വാർത്തകൾ കൊടുക്കുന്നത്.

മറ്റൊരു സംഭവത്തിൽ അൻസിബ നരകമില്ലെന്നു പറഞ്ഞതായി പ്രഭാഷകൻ സംസാരിക്കുന്നു. നരമില്ലെന്നും താൻ പറഞ്ഞിട്ടില്ല. അതൊക്കെ ഓൺലൈൻ സൈറ്റുകളിൽ വന്നിട്ടുള്ള വ്യാജ വാർത്തകളാണ്. വർഷങ്ങളായി പ്രതികരിക്കാതിരിക്കുന്നതുകൊണ്ടാകാം വ്യാജവർത്തകൾ തുടർച്ചയായി വരുന്നത്. അതിനാലാണ് ഇപ്പോഴൊരു പ്രതികരണം നല്കിയിരിക്കുന്നതെന്നും അൻസിബ കൂട്ടിച്ചേർത്തു.