പെരുമ്പാവൂർ ; കീഴില്ലത്ത് യുവാവിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. മെബിൻ, സിജു എന്നിവരാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് അറിയുന്നത്. ഒരാൾ ഇരിങ്ങോൾ സ്വദേശിയും മറ്റൊരാൾ വേങ്ങൂർ സ്വദേശിയുമാണ്.

വട്ടപ്പറമ്പൻ സാജുവിന്റെ മകൻ അൻസിൽ(28)ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ശരീരത്തിൽ പലഭാഗത്തും ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. പെട്രോൾ പമ്പിലുണ്ടായ വാക്കേറ്റത്തിൽ അമ്മയെ ഉൾപ്പെടുത്തി അസഭ്യം പറഞ്ഞതിന്റെ പേരിലുള്ള വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്ന് കസ്റ്റഡിയിൽ ഉള്ളവർ സമ്മതിച്ചതായിട്ടാണ് പൊലീസ് നൽകുന്ന സൂചന.

മൊബൈലിൽ സംസാരിച്ചുകൊണ്ടാണ് അൻസിൽ വീട്ടിൽ നിന്നും പുറത്തേയ്ക്കിറങ്ങിയത്. ഈ സമയം സഹോദരൻ ബേസിലും മാതാപിതാക്കളും വീട്ടുലുണ്ടായിരുന്നു. കുറച്ചുനേരം കഴിഞ്ഞ് ബേസിലെ.. എന്നുള്ള വിളി കേട്ട്് വീടിന് മുകൾ ഭാഗത്തെ റോഡിൽ എത്തുമ്പോൾ അൻസിൽ രക്തത്തിൽ കുളിച്ച് പാതയോരത്ത് വീണുകിടക്കുന്നതാണ് സഹോദരൻ കാണുന്നത്.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദ്ദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വീട്ടിൽ നിന്നും കഷ്ടി 75 മീറ്ററോളം അകലെ കനാൽ ബണ്ട് റോഡിൽ വച്ചാണ് അൻസിലിന് വെട്ടേറ്റത്. ഇന്നലെ രാത്രി 9.30 തിന് ശേഷമാണ് അൻസിൽ വീട്ടിൽ നിന്നും പുറത്തേയ്ക്കിറങ്ങിയത്. കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന പ്രദേശമാണ് കീഴില്ലം.

സംഭവസ്ഥലത്തേയ്ക്ക് വെള്ള മാരുതി ആൾട്ടോ കാറും ബൈക്കും അതിവേഗം വരുന്നതും പോകുന്നതും സമീപത്തെ സിസി ടിവി കാമറ ദൃശ്യങ്ങളിലുണ്ട്. ഇതും പൊലീസ് അന്വേഷണത്തിന് സഹായകമായിട്ടുണ്ട്. പെട്രോൾ പമ്പിൽ വച്ച് അൻസിലും മറ്റുചിലരും തമ്മിൽ വാക്കേറ്റം നടന്നതായുള്ള സൂചനകളാണ് കസ്റ്റഡിയിലായവരിലേയ്്ക്ക് അന്വേഷണം എത്താൻകാരണം.

ഫോൺ വിളികളെത്തുമ്പോൾ വീടിന് മുകൾഭാഗത്തെ കനാൽ ബണ്ട് റോഡിലേയ്ക്കിറങ്ങി അൻസിൽ സംസാരിക്കുന്നത് പതിവായിരുന്നു. ഇന്നലെയും മൊബൈലിൽ കോൾ എത്തിയപ്പോഴാണ് അൻസിൽ വീടിന് പുറത്തേയ്ക്കിറങ്ങിയത്.
തലയിലും കഴുത്തിലും തോളിലും പുറത്തുമെല്ലാം ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്.

അടുത്ത കാലത്തായി അൻസിൽ പഴയവാഹനങ്ങൾ വാങ്ങി വിൽപ്പന നടത്തിവന്നിരുന്നു. രാവിലെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും. അവിവിവാഹിതനാണ് കൊല്ലപ്പെട്ട അൻസിൽ.