- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടുക്കമായി തുടങ്ങി ക്ലൈമാക്സിൽ കലമുടച്ച 'അന്താക്ഷരി'; പാട്ടുപാടി കൊല്ലുന്ന സൈക്കോയുടെ കഥയിൽ പുതുമയേറെ; പക്ഷേ പ്രധാനകഥയും ഉപകഥകളുമായി കണക്ഷൻ വ്യക്തമാവുന്നില്ല; സൈജു കുറുപ്പിന്റേത് ഗംഭീര പ്രകടനം; ജീത്തു ജോസഫ് അവതരിപ്പിച്ച ചിത്രം ആവറേജിന് മുകളിൽ
ഒരു ദിവസം എ യിൽ തുടങ്ങുന്ന പേരുള്ളവനെ കൊല്ലുന്നു, അടുത്ത ദിവസം ബി യിൽ തുടങ്ങുന്ന പേരുള്ളവനെ... അങ്ങനെ അക്ഷരമാല ക്രമത്തിൽ കൊല നടത്തുന്ന സൈക്കോ സീരിയൽ കില്ലേഴ്സ് പാശ്ചാത്യ ലോകത്ത് ഉണ്ടായിട്ടുണ്ട്. അതേക്കുറിച്ച് നിരവധി സിനിമകളും ഇറങ്ങി. അഗതാക്രിസ്റ്റിയുടെ നോവലുകളിലൊക്കെ ഇത്തരം സൈക്കോ കില്ലേഴ്സ് കടന്നുവരുന്നുണ്ട്. പക്ഷേ മലയാളത്തിന് അത്തരം അനുഭവങ്ങളും കഥാപാത്രങ്ങളും അത്ര പരിചിതമല്ല. അവിടെയാണ് വിപിൻദാസ് എന്ന യുവ സംവിധായകന്റെ 'അന്താക്ഷരി' എന്ന സിനിമ പ്രസക്തമാവുന്നത്. തനിക്ക് കൊല്ലേണ്ടയാളുടെ ഹോബി പഠിച്ച്, അതുവെച്ച് കെണിയൊരുക്കുന്ന വിചിത്ര സൈക്കോയെയാണ് സംവിധായകൻ പരിചയപ്പെടുത്തുന്നത്.
കഥാനായകനായ ദാസ് എന്ന സിഐയുടെ (ചിത്രത്തിൽ സൈജു കുറുപ്പ്) ഹോബി അന്താക്ഷരി കളിക്കയാണ്. നമ്മൾ എല്ലാവരും ഒരിക്കലെങ്കിലും കളിച്ചിട്ടുണ്ടാവുമിത്. കേരളത്തിലെ ഏറെ പ്രശസ്തമായ, യാതൊരു ശാരീരിക അധ്വാനവും ആവശ്യമില്ലാത്ത കളി. പക്ഷേ ഇവിടെ അന്താക്ഷരി കളിച്ചുകൊണ്ട് കൊല്ലാൻ വരുന്ന വില്ലനാണ് ചിത്രത്തിന്റ ഹൈലൈറ്റ്. തുടക്കത്തിൽ ആഹ്ലാദത്തോടെ കേട്ടിരുന്ന അന്താക്ഷരിപ്പാട്ടുകൾ, അവസാനത്തിൽ ചരമപ്പാട്ടുപോലെയാവുന്നു.
പ്രമേയത്തിലെന്നപോലെ അവതരണത്തിലും ഒരു വെസ്റ്റേൺ ത്രില്ലറിന്റെ രൂപവും ഭാവവുമാണ് ഈ ചിത്രത്തിന്. തുടക്കമൊക്കെ ശരിക്കും കിടിലൻ എന്ന് പറയാം. ഞെട്ടിപ്പോവും. എന്നാൽ ക്ലൈമാക്സിൽ എത്തുമ്പോൾ, അതേ നിലവാരം കാക്കാൻ കഴിയുന്നില്ല. എങ്കിലും കണ്ടുമടുത്ത വാർപ്പ് പൊലീസ് സിനിമകളിൽനിന്നുള്ള മോചനമാണ് അന്താക്ഷരി. ദുൽഖർ സൽമാന്റെ കൊട്ടിഘോഷിച്ച് ഇറങ്ങിയ 'സല്യൂട്ട' എന്ന ചിത്രം വെച്ചുനോക്കുമ്പോൾ, ഈ കൊച്ചു ചിത്രത്തിനും ഒരു സ്പേസ് കൊടുക്കണം.
ജീത്തു ജോസഫ് അവതിരിപ്പിക്കുന്ന എന്ന ടാഗ് ലൈൻ കൊണ്ടാണ് ചിത്രം കണ്ടത്. ജീതുവിന്റെ ജോണറിലുള്ള സസ്പെൻസ് ത്രില്ലർ തന്നെയാണ് ഇതും. സോണി ലിവ് എന്ന ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. അതിഗംഭീരമൊന്നുമല്ലെങ്കിലും തീർത്തും തള്ളിക്കളയാൻ കഴിയുന്ന ചിത്രമല്ലിത്.
ഭയം കിനിയുന്ന അന്താക്ഷരി
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സോഫ്റ്റ് ഗെയിമുകളിൽ ഒന്നാണ് അന്താക്ഷരി. വിനോദയാത്രകളിലും സൗഹൃദ സദസ്സിലുമൊക്കെ നാം ധാരാളം കളിച്ച കളി. കേദാരം എന്ന മലയോര ഗ്രാമത്തിലെ സർക്കിൾ ഇൻസ്പെക്ടറായ ദാസിന്റ ഇഷ്ടവിനോദവും അന്താക്ഷരിയാണ്. ഭാര്യയ്ക്കും മകൾക്കും ഒപ്പം അന്താക്ഷരി കളിക്കുന്നത് പോരാഞ്ഞിട്ട് സ്റ്റേഷനിൽ വരുന്നവരെയും വെച്ച് ദാസ് ഈ കളികളിക്കുന്നു. ചിത്രത്തിലെ മറ്റുകഥാപാത്രങ്ങളും ഗായകരുടെ പേരുള്ളവരാണ്. ജയചന്ദ്രൻ, ഹരിഹരൻ, ശ്രീകുമാർ, ചിത്ര, ശ്രീനിവാസ്, കാർത്തിക്, കിഷോർ, മലേഷ്യ വാസുദേവൻ, മാർക്കോസ്.. പക്ഷേ ഇതും കഥയുമായി യാതൊരു ബന്ധവുമില്ല. പിന്നെ ഇതൊക്കെ എന്തിനാണെന്ന് ചോദിച്ചാൽ സംവിധായകന്റെ ഒരു ഹോബിയാണെന്ന് പറയാം!
കളിച്ച് കളിച്ച് അന്താക്ഷരി നായകനെയും പ്രേക്ഷകനെയും കുരുക്കിലാക്കുന്ന രീതിയിൽ മുന്നോട്ട് നീങ്ങുന്നു. ആദ്യം ആഹ്ലാദത്തോടെ കളിച്ചിരുന്ന അന്താക്ഷരിയെ പിന്നീടങ്ങോട്ട് ദാസ് ഭയക്കുകയാണ്. പാടിക്കൊണ്ട് അയാളുടെ മകളെ ഒരാൾ കൊല്ലാൻ ശ്രമിക്കയാണ്. അന്താക്ഷരി കളിച്ചുകൊണ്ട് അയാൾ ദാസിനെയും ഫോണിൽ ഭീഷണിപ്പെടുത്തുന്നു. തന്റെ മകൾക്കുനേരെയുണ്ടായ വധശ്രമത്തെ തുടർന്ന് ദാസ് നടത്തുന്ന അന്വേഷണം ദുരൂഹമായ മറ്റ് കൊലകളിലേക്ക് വെളിച്ചം വീശുന്നു.
അതോടെയാണ് മറ്റുള്ളവരെ ഹോബികൾ പഠിച്ച് അവരെ പരമാവധി ടോർച്ചർ ചെയ്തുകൊല്ലുന്ന, സൈക്കോയെക്കുറിച്ചുള്ള സൂചനകൾ ആയാൾക്ക് കിട്ടുന്നത്. കേസ് തെളിയിക്കുക എന്നതിലുപരി തന്റെ മകളുടെ ജീവൻ രക്ഷിക്കുന്നതിനായുള്ള പ്രവർത്തനം കുടിയാവുകയാണ് ദാസിന് ഈ അന്വേഷണം. ആരാണ് ആ സൈക്കോ, അയാൾ എന്തിനാണ് ദാസിന്റെ മകളെ ലക്ഷ്യമിടുന്നത്. അവിടെയാണ് അന്താക്ഷരി സിനിമയുടെ സസ്പെൻസ് കിടക്കുന്നത്.
പാളിപ്പോയ ഉപകഥകൾ
പക്ഷേ ഈ ചിത്രത്തിന് പ്രധാന പറ്റുപറ്റിയത്, പ്രധാനകഥയും ഉപകഥയുമായുള്ള കണക്ഷൻ വ്യക്തവും പ്രേക്ഷകന് കൃത്യമായി പിടികിട്ടുന്ന രീതിയിലും അവതരിപ്പിക്കാൻ കഴിയാത്തതാണ്. നോൺ ലീനിയറായി കഥ പറയുന്ന ചിത്രത്തിന്റെ ഘടനയും കൺഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട്. ഉപകഥാപാത്രങ്ങളും പ്രധാന കഥാപാത്രങ്ങളും തമ്മിലുള്ള ബന്ധത്തിനിടെ വന്ന നിർണ്ണായകമായ ചില സംശയങ്ങൾക്ക് ഉത്തരം നൽകായെ എവിടെയോ മുറിഞ്ഞുപോയപോലെയാണ് ചിത്രം അവസാനിക്കുന്നത്.
ഉദാഹരണമായി ചിത്രത്തിലെ ചെറുപ്പത്തിൽ ലൈംഗിക പീഡനത്തിനിരയായ ഊമയായ ഒരു പെൺകുട്ടിയെ കാണിക്കുന്നുണ്ട്. ചിത്രത്തിലെ ദരൂഹത കുരുക്കഴിക്കുന്നതിൽ നിർണ്ണായക പങ്കാണ് അവൾക്കുള്ളത്. എന്നാൽ എന്തിനാണ് സംസാര ശേഷിയുണ്ടായിട്ടും അവൾ ഊമയായി അഭിനയിച്ചത്, എന്തിനാണ് ആ സൈക്കോ, പുച്ചകളെ കൊന്ന് കെട്ടിത്തൂക്കിയിട്ട റബർതോട്ടത്തിലെ ഇടിഞ്ഞുപൊളിഞ്ഞ വീട്ടിൽ അവൾ പോയത് എന്നൊന്നും ചിത്രം വ്യക്തമാക്കുന്നില്ല.
അതുപോലെ കാർത്തിക് എന്ന കൗമാരക്കാരനായ ഗിറ്റാറിസ്റ്റിന്റെ ഉപകഥയും സമാന്തരമായി മുന്നേറുന്നുണ്ട്. ഡൊമസ്റ്റിക്ക് വയലൻസൊക്കെ അതിന്റെ എല്ലാ ഫീലും പ്രേക്ഷകർക്ക് കിട്ടത്തക്ക രീതിയിൽ ചിത്രീകരിക്കുന്നുണ്ട്. പക്ഷേ ഈ ഉപകഥയും പുർണ്ണമാവുന്നില്ല. എവിടെയോ എന്തോ മുറിഞ്ഞുപോയപോലെ. പ്രധാന കഥയുമായി ആകെ ഒരു ബൈക്കിന്റെ ബന്ധം മാത്രമാണ് ഉള്ളതെങ്കിൽ, പിന്നെന്തിനാണ് ഗിറ്റാറിസ്റ്റിന്റെ കഥ ഇത്ര ഡീറ്റേയിൽഡായി കാണിച്ചത് എന്ന ചോദ്യം ബാക്കിയാവുന്നു. അതുപോലെ തന്നെ അതുവരെ കൊണ്ടുവന്ന ബിൽഡപ്പുകൾ ക്ലൈമാക്സിൽ പൊളിയുന്നു. എത് കാക്കാലനും പ്രവചിക്കാൻ പറ്റുന്ന രീതിയിൽ ദുർബലമായിപ്പോയി അവസാന ഭാഗങ്ങൾ. ഇതൊക്കെയൊന്ന് റീവർക്ക് ചെയ്യുകയാരുന്നെങ്കിൽ ചിത്രം വേറെ ലെവൽ ആകുമായിരുന്നു.
കുട്ടികൾക്ക് നേരെയുള്ള അതിക്രമവും, പൊലീസ് ഫോഴ്സിന്റെ ആഭ്യന്തര പ്രശ്നവുമൊക്കെ തീർത്തും ഭംഗിയായി ചിത്രം എടുക്കുന്നുണ്ട്. അതുപോലെ മെയ്ക്കിങ്ങിന്റെ വേറിട്ട രീതിയുമൊക്കെ എടുത്ത പറയണം.
സൈജു കുറുപ്പിന്റെ കരിയർ ബെസ്റ്റ്
സമകാലീന മലയാളം കണ്ട ഏറ്റവും ശ്രദ്ധേയനായ നടനാണ് സൈജു കുറുപ്പ്. പ്രശസ്ത സംവിധായകൻ ഹരിഹരന്റെ 'മയൂഖം' എന്ന ചിത്രത്തിൽ നായകനായി വന്ന സൈജു പിന്നെ ചെറിയ റോളുകളിലേക്ക് ഒതുങ്ങിപ്പോവുകയാണ് ഉണ്ടായത്. എന്നാലും ഹാസ്യമായാലും വില്ലൻ ആയാലും ക്യാരക്ടർ റോളായാലും, തനിക്ക് കിട്ടുന്ന എന്തും അയാൾ ഗംഭീരമാക്കും. വെടിവഴിപാട്, ട്രിവാൻഡ്രം ലോഡ്ജ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, മേപ്പടിയാൻ തുടങ്ങിയ ചിത്രങ്ങളിലെ അയാളുടെ അഭിനയം കൊതിപ്പിക്കുന്നതാണ്. ഇപ്പോൾ 'അന്താക്ഷരിയിലുടെ' വീണ്ടും നായക പദവി സൈജുവിനെ തേടിയെത്തുകയാണ്. സുരേഷ് ഗോപി ചിത്രങ്ങളിൽ നാം കണ്ടതുപോലുള്ള ശക്തനായ പൊലീസ് കഥാപാത്രമല്ല ഈ സിനിമയിലെ ദാസ്. വെറും സാധാരണക്കാരൻ. തന്റെ ശരാശരി കഴിവുകളിൽ നിന്നുകൊണ്ടാണ് അയാൾ ഈ സൈക്കോ കില്ലറെ നേരിടുന്നത്. ആ ഹർഷ സംഘർഷങ്ങളെ ഭാവപ്രകടനം കൊണ്ട് ഗംഭീരമാക്കുന്നുണ്ട് സൈജു.
സുധി കോപ്പ, കോട്ടയം രമേഷ്, വിജയ് ബാബു, ബിനു പപ്പു, പ്രിയങ്ക നായർ തുടങ്ങിയ സഹതാരങ്ങളും തങ്ങളുടെ വേഷം ശ്രദ്ധേയമാക്കി. അങ്കിത് മേനോന്റെ പശ്ചാത്തല സംഗീതവും, സൗണ്ട് ഇഫക്റ്റും നന്നായിട്ടുണ്ട്. പക്ഷേ ഈ പടത്തിലെ യഥാർഥ താരം ഇവർ ആരുമല്ല. തുടക്കത്തിൽ ക്യാരക്റ്റർ ബിൽഡപ്പിനായി കാണിച്ച പോർഷനിലെ ആ മെലിഞ്ഞ പയ്യനാണ്. അവന്റെ നിസ്സഹായതയും, കോപവും, പ്രതികാര ദാഹവും എല്ലാം പ്രേക്ഷകരിലേക്ക് അതേ തീവ്രതയിൽ എത്തുന്നുണ്ട്. ആ കഥാപാത്രം മുതിർന്ന് സൈക്കോയായപ്പോൾ, അത് ചെയ്ത ആൾക്ക് അവന്റെയൊരു മൂർച്ച കിട്ടുന്നില്ല.
'മുദ്ദുഗൗ' എന്ന അസഹനീയമായ പടപ്പായിരുന്നു വിപിൻ ദാസിന്റെ ആദ്യ ചിത്രം. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഈ തിരിച്ചുവരവ് പക്ഷേ മോശമായിട്ടില്ല. ഔട്ട് സ്റ്റാൻഡിങ് എന്നൊന്നും പറയാൻ കഴിയില്ലെങ്കിലും, വ്യത്യസ്തതയെ സ്നേഹിക്കുന്നവർ നിർബന്ധമായും കാണേണ്ട ചിത്രമാണിത്.
വാൽക്കഷ്ണം: ഒന്നാന്തരം അന്ധവിശ്വാസികളായ നമ്മുടെ സിനിമാക്കാർക്കിടയിൽ അറം പറ്റുക എന്ന മൂഢവിശ്വാസവും പ്രബലമാണ്. അതുപോലെ ഒരു അറം പറ്റലായിപ്പോയി നടൻ വിജയ് ബാബുവിന്റെ കഥാപാത്രത്തിന്റെ ഡയലോഗും. 'ഞാൻ എവിടെയും ഒറ്റക്ക് പോകാറില്ല, വ്യഭിചരിക്കാൻ പോവുകയാണെങ്കിലും എന്റെയൊപ്പം അഞ്ചെട്ട് പേർ ഉണ്ടാവും' എന്നാണ് വിജയ് ബാബുവിന്റെ രാഷ്ട്രീയക്കാരനായ കഥാപാത്രം പറയുന്നത്. കൃത്യം ഒരാഴ്ച കഴിഞ്ഞില്ല വിജയ്ബാബുവിനെതിരെ നടിയെ പീഡിപ്പിച്ചതിന് കേസുമായി!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ