കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണത്തിനുള്ള സമയം അവസാനിച്ചു. കണ്ണൂരിൽ പുതുതായി രൂപംകൊണ്ട ആന്തൂർ നഗരസഭ നാമനിർദേശ പത്രിക അവസാനിച്ചതോടെ തന്നെ ഏറെക്കുറെ ഇടതുപക്ഷത്തിന്റെ കൈയിലായി.

ആന്തൂരിൽ 10 ഡിവിഷനുകളിൽ സിപിഐ(എം) സ്ഥാനാർത്ഥികൾക്ക് എതിരാളികളില്ല. 28 വാർഡുകളാണ് ഇവിടെയുള്ളത്. ബാക്കി മുഴുവൻ സീറ്റുകളിലും തോറ്റാലേ എൽഡിഎഫിനു നഗരസഭ നഷ്ടപ്പെടൂ.

ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് എൽഡിഎഫ് പരിഗണിക്കുന്ന പി കെ ശ്യാമളയ്‌ക്കെതിരെ മത്സരിക്കാനും ആരും ഉണ്ടായിരുന്നില്ല. സിപിഐ(എം) നേതാവ് എം വി ഗോവിന്ദന്റെ ഭാാര്യയാണ് പി കെ ശ്യാമള.

ഇക്കുറി പഞ്ചായത്തു വിഭജനം നടത്തിയപ്പോൾ തളിപ്പറമ്പ് നഗരസഭ വിഭജിച്ചാണ് ആന്തൂർ നഗരസഭ രൂപീകരിച്ചത്. ഏറെ വിമർശനമുയർത്തിയ നഗരസഭാ വിഭജനമായിരുന്നു ഇത്. തളിപ്പറമ്പ് നഗരസഭയിൽ യുഡിഎഫിന് ജയമുറപ്പിക്കാനാണ് നീക്കമെന്നായിരുന്നു ആക്ഷേപം.

അത്തരത്തിൽ ഒരു നീക്കമുണ്ടായിരുന്നെങ്കിൽ തന്നെ ഇത്രയും സീറ്റുകളിൽ ഒരാളെപ്പോലും മത്സരിപ്പിക്കാൻ കഴിയാത്തതു യുഡിഎഫിനു തിരിച്ചടിയാണ്. വരാൻ പോകുന്ന തെരഞ്ഞെടുപ്പു ഫലങ്ങളുടെ മുന്നോടിയാണ് ഇതെന്നാണു സിപിഐ(എം) നേതാക്കൾ പ്രതികരിക്കുന്നത്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ എത്ര സ്ഥാനാർത്ഥികളുണ്ടെന്നറിയാനുള്ള അന്വേഷണത്തിലാണ് വോട്ടർമാർ. ഏതാണ്ട് ഒന്നരലക്ഷത്തോളം പത്രികൾ ലഭിച്ചതായാണ് അനൗദ്യോഗിക കണക്ക്. കൃത്യമായ കണക്കു പിന്നീടേ അറിയാനാകൂ. നാളെയാണ് പത്രികകൾ സൂക്ഷ്മപരിശോധന നടക്കുക. 17വരെ പത്രിക പിൻവലിക്കാം.