മോസ്‌കോ: റഷ്യയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമായി.പുടിൻ സർക്കാരിന്റെ അഴിമതിക്കെതിരെ പ്രതിപക്ഷ പാർട്ടികളാണ് സമരം നടത്തുന്നത്.സമരത്തിന് നേതൃത്വനം നൽകിയ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ ഒരു മാസത്തേക്കു ജയിലിൽ അടച്ചു. നവൽനിയെ അനുകൂലിക്കുന്ന 1500 പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അറസ്റ്റ് ചെയ്യപ്പെട്ടു.അടുത്ത വർഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കുന്ന സ്ഥാനാർത്ഥിയാണ് നവൽനി.കഴിഞ്ഞ മാർച്ചിനുശേഷം പ്രതിപക്ഷം പുടിൻ ഭരണകൂടത്തിനെതിരെ സംഘടിപ്പിച്ച രണ്ടാമത്തെ വൻപ്രക്ഷോഭമാണിത്.മോസ്‌കോ,സെന്റ് പീറ്റേഴ്‌സ്ബർഗ് തുടങ്ങി രാജ്യത്തിന്റെപ്രധാന നഗരങ്ങളിൽ നടന്ന പ്രകടനങ്ങളിൽ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ആയിരക്കണക്കിന് വിദ്യാർത്ഥികളും അണിചേർന്നു.

സമൂഹമാധ്യമങ്ങളിലൂടെ അഴിമതിക്കെതിരെ നിരന്തരം പ്രചാരണം നടത്തിയാണ് ആയിരക്കണക്കിനു യുവാക്കളെ നവൽനി തെരുവിലിറക്കിയത്. മോസ്‌കോയിൽ പ്രകടനം നയിക്കുന്നതിനിടെ, അനധികൃത പ്രകടനങ്ങൾ സംഘടിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണു നവൽനിയെ കോടതി ഒരുമാസ തടവിനു ശിക്ഷിച്ചത്.അതേസമയം സമാധാനപരമായി സമരം ചെയ്തവരെ ജയിലിൽ അടച്ചതിനെ അമേരിക്ക അപലപിച്ചു. പ്രക്ഷോഭകരെ ഉടൻ വിട്ടയയ്ക്കണമെന്ന് വൈറ്റ്ഹൗസ് വക്താവ് ഷോൺ സ്‌പൈസർ ആവശ്യപ്പെട്ടു.റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്വെദേവിന്റെ അനധികൃത സമ്പാദ്യങ്ങൾ തുറന്നുകാട്ടുന്ന വിഡിയോ രണ്ടുമാസം മുൻപ് നവൽനി പുറത്തുവിട്ടുകൊണ്ടാണ് നവൽനി സമരരംഗത്തേക്ക് വരുന്നത്. ഇതോടെ രാജ്യത്ത് അഴിമതിക്കെതിരായ വികാരം ആളിപ്പടരുകയായിരുന്നു.