- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുർബാനയിൽ വൈദികന്റെ മുസ്ലിം വിരുദ്ധ പരാമർശം; പ്രതിഷേധവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സമരം നടത്തിയ കന്യാസ്ത്രീകൾ; ചാപ്പലിൽനിന്ന് കുർബാന കൂടാതെ ഇറങ്ങിപ്പോയെന്ന് സിസ്റ്റർ അനുപമ
കോട്ടയം: കുറവിലങ്ങാട് മഠത്തിൽ നടന്ന കുർബാനയ്ക്കിടെ വൈദികൻ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് കന്യാസ്ത്രീകൾ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. മുസ്ലിം വിരുദ്ധ പ്രസ്താവനയുടെ പേരിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സമരം നടത്തിയ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളായ അനുപമ, ആൽഫി, നീനാ റോസ്, ജോസഫിൻ എന്നിവരാണ് വൈദികനെതിരേ ആരോപണം ഉന്നയിച്ച് മാധ്യമങ്ങളെ കണ്ടത്.
മഠത്തിലെ ചാപ്പലിൽ ഞായറാഴ്ച നടന്ന കുർബാനയിൽ വൈദികൻ മുസ്ലിം വിരുദ്ധ പ്രസംഗം ആരംഭിച്ചപ്പോഴാണ് തങ്ങൾ അത് തടഞ്ഞ ശേഷം പ്രതിഷേധിച്ച് ഇറങ്ങിപ്പോയതെന്ന് കന്യാസ്ത്രീകൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
ക്രിസ്ത്യാനികൾക്ക് പലർക്കും കുട്ടികൾ ഉണ്ടാകാതിരിക്കുന്നതുതന്നെ അതിനായി ചില മരുന്നുകൾ പ്രയോഗിക്കുന്നതുകൊണ്ടാണെന്ന് അച്ചൻ ഇന്നത്തെ പ്രസംഗത്തിൽ പറഞ്ഞതായി കന്യാസ്ത്രീകൾ ആരോപിച്ചു. മുൻപും മുസ്ലിം സമുദായത്തിൽപ്പെട്ടവരെ അവഹേളിച്ചുകൊണ്ട് ഇതേ വൈദികൻ പ്രസംഗിക്കുക പതിവായിരുന്നു. ഈശോ സിനിമയുമായി ബന്ധപ്പെട്ടും ഇത്തരം പരാമർശങ്ങൾ നടത്തിയിരുന്നുവെന്നും ഇവർ പറഞ്ഞു.
ഞായറാഴ്ച കുർബാനയ്ക്കിടയിൽ ഇത്തരം പരാമർശങ്ങൾ ഉണ്ടായപ്പോൾ തങ്ങൾ ഉൾപ്പെടെ കന്യാസ്ത്രീകൾ പ്രതികരിക്കുകയായിരുന്നുവെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. വർഗീയമായ പരാമർശങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ഇത്തരം പ്രസംഗം പള്ളിയിൽ നടത്താൻ പറ്റില്ലെന്ന് പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ചാപ്പലിൽനിന്ന് കുർബാന കൂടാതെ ഇറങ്ങിപ്പോയെന്നും സിസ്റ്റർ അനുപമ പറഞ്ഞു.
അന്തേവാസികളായ നാലുപേരും 12 കന്യാസ്ത്രീകളും മാത്രമാണ് കുർബാനയിൽ പങ്കെടുത്തിരുന്നത്. പുറത്തുനിന്ന് വിശ്വാസികളാരും ഉണ്ടായിരുന്നില്ല. ഇംഗ്ലീഷിലായിരുന്നു വൈദികൻ സംസാരിച്ചത്.
മുസ്ലിം വിഭാഗത്തിൽപ്പെട്ടവർ നിരവധി പേരുമായി ഇടപെടാറുണ്ട്. അവരിൽനിന്നൊന്നും മോശം അനുഭവം ഉണ്ടായിട്ടില്ല. ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് വർഗീയത വിതയ്ക്കാനല്ല. അയൽക്കാരെയും മറ്റുള്ളവരെയും സ്നേഹിക്കാനാണ്. ആ മാർഗത്തിന് വിരുദ്ധമായി പോകുന്നത് കണ്ടപ്പോൾ പ്രതികരിക്കാതിരിക്കാൻ സാധിച്ചില്ലെന്നും കന്യാസ്ത്രീകൾ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ