ജെ.എൻ.യുവിലെ യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിനെയും മറ്റു പ്രവർത്തകരെയും രാജ്യദ്രോഹികളാക്കി ചിത്രീകരിക്കുന്ന ഡൽഹി പൊലീസിന്റെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ രാജ്യദ്രോഹിക്കളി സൂപ്പർഹിറ്റാകുന്നു. ഇന്ത്യൻ രാഷ്ട്രീയത്തെ ശക്തമായി വിമർശിക്കാനുള്ള വേദികൂടിയാണ് ഇതിലൂടെ യുവതലമുറ തുറന്നിടുന്നത്.

താനൊരു രാജ്യദ്രോഹിയാണെന്ന സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുകയാണ് ഇതിലാദ്യം ചെയ്യേണ്ടത്. സമാനമനസ്‌കരായ അഞ്ച് സുഹൃത്തുക്കളെ രാജ്യദ്രോഹിയാക്കാൻ നോമിനേറ്റ് ചെയ്യുകയും വേണം. അവർ ഓരോരുത്തരും അഞ്ചുപേരെ വീതം നോമിനേറ്റ് ചെയ്യുന്നതോടെ ശൃംഖല വലുതാകുന്നു.

നോമിനേറ്റ് ചെയ്യപ്പെടുന്നയാൾ ഒരു ദിവസത്തിനുള്ളിൽ അതിനോട് പ്രതികരിക്കുകയും അഞ്ചുപേരെ നോമിനേറ്റ് ചെയ്യുകയും വേണം. അല്ലാത്തപക്ഷം രാജ്യദ്രോഹികൾ എത്തി വിപ്ലവഗാനങ്ങൾ പാടിക്കേൾപ്പിക്കുമെന്ന ഭീഷണിയുമുണ്ട്. ജെ.എൻ.യു വിഷയത്തിൽ പാർലമെന്റും രാജ്യമെമ്പാടും കത്തിനിൽക്കെ, അൽപം തമാശയോടെ വിമർശനം നിർവഹിക്കുകയാണ് സോഷ്യൽ മീഡിയ ഇതിലൂടെ.

മുമ്പും പല ചെയിൻ ഗെയിമുകളും ഫേസ്‌ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിലൂടെ നടന്നിട്ടുണ്ട്. ഐസ് ബക്കറ്റ് ചാലഞ്ച് അത്തരത്തിലുള്ള ഒന്നായിയിരുന്നു. കഴിഞ്ഞവർഷം വൻതോതിൽ പ്രചരിപ്പിക്കപ്പെട്ട പുസ്തക ശൃംഖലയും സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ച സംഗതിയായിരുന്നു.