പൂവാലന്മാരെ കുരുക്കാനുള്ള യു.പി.മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 'ആന്റി റോമിയോ' നിയമം സദാചാര പൊലീസിങ്ങാകുന്നുവെന്ന് ആക്ഷേപം. ഉത്തർപ്രദേശിൽ യുവതീയുവാക്കൾക്ക് ഒരുമിച്ച് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമാണ് ഇതോടെ ഇല്ലാതായതെന്നും വിമർശനമുയരുന്നുണ്ട്. ആന്റി റോമിയോ നിയമം നടപ്പാക്കാൻ പൊലീസ് ശക്തമായി രംഗത്തിറങ്ങിയതോടെ, നിരപരാധികളും കുടുങ്ങാൻ തുടങ്ങി.

പൊതുസ്ഥലത്ത് പെൺകുട്ടികൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെയാണ് ആന്റി റോമിയോ നിയമം യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ, ബുധനാഴ്ച യുപിയിലെങ്ങും പൊലീസുകാർ തെരുവിലിറങ്ങി പൂവാലന്മാരെന്ന് സംശയിക്കുന്നവരെയൊക്കെ പൊക്കി. പെൺകുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടിയാണ് പൊലീസ് രംഗത്തെത്തിയതെന്ന് പറയുമ്പോഴും, പലയിടത്തും ഇത് സദാചാര പൊലീസിങ്ങായി മാറുന്നുണ്ട്.

മാർക്കറ്റുകൾ, മാളുകൾ, സ്‌കൂളുകൾ, കോളേജുകൾ, പരിശീലന കേന്ദ്രങ്ങൾ, പാർക്കുകകൾ, മറ്റ് തിരക്കേറിയ മേഖലകൾ എന്നിവിടങ്ങൾ കേന്ദീകരിച്ച് പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പില്ലിഭിട്ടിൽ പ്രത്യേകസംഘം അഞ്ചുപേരെ അറസ്റ്റ് ചെയ്തു. മറ്റുപലയിടത്തും ഏത്തമിടീക്കലും പ്രതിജ്ഞയെടുപ്പിക്കലും പോലുള്ള ശിക്ഷകൾ നൽകിയും പൂവാലന്മാർക്ക് പൊലീസ് പണികൊടുത്തു.

സ്ത്രീകൾക്കുനേരെ അധിക്ഷേപമുണ്ടാകാതിരിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ പറഞ്ഞു. നടപടികൾ സദാചാര പൊലീസിങ്ങാകരുതെന്ന് പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ പിടികൂടുന്നതിനാകണം പ്രാമുഖ്യം നൽകുന്നതെന്നും നിരപരാധികളായ യുവതീ യുവാക്കളെ അപമാനിക്കുന്നതിനായി ഇതുപയോഗിക്കരുതെന്നും നിർദേശിച്ചിട്ടുണ്ടെന്ന് പൊലീസ് അധികൃതർ പറഞ്ഞു.

ലഖ്‌നൗ, ബുലന്ദേശ്വർ, മീററ്റ്, മിർസാപ്പുർ, റായ്ബറേലി തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസ് കർശന പരിശോധന നടത്തിയതായി മീററ്റ് മേഖലാ ഐ.ജി അജയ് ആനന്ദ് പറഞ്ഞു. പ്രത്യേക ദൗത്യ സംഘങ്ങളാണ് പരിശോധന നടത്തുന്നത്. ലഖ്‌നൗ മേഖലയ്ക്ക് കീഴിലുള്ള പതിനൊന്ന് ജില്ലകളിലും ആന്റി റോമിയോ നിയമം നടപ്പിലാക്കുന്നതിന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് മേഖലയുടെ ചുമതലയുള്ള ഐ.ജി. എ.സതീഷ് ഗണേശ് പറഞ്ഞു.

പൊതുസ്ഥലത്തുള്ള മദ്യപാനവും കർശനമായി നിരീക്ഷിക്കുന്നുണ്ട്. ലഖ്‌നൗവിലെ വിവിധ മേഖലകളിലായി പൊലീസ് നടത്തിയ പരിശോധനയിൽ 934 പേരെ ചോദ്യം ചെയ്തു. 176 സ്ഥലങ്ങൾ പരിശോധിച്ചു. അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. ലഖ്‌നൗ ഈസ്റ്റ് മേഖലയിൽ 23 ദൗത്യസംഘങ്ങളെ ആന്റി റോമിയോ നിയമം നടപ്പാക്കുന്നതിന് നിയോഗിച്ചിട്ടുണ്ടെന്ന് എസ്‌പി. ശിവറാം യാദവ് പറഞ്ഞു.