ദോഹ. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ആന്റി സ്മോക്കിങ് സൊസൈറ്റി സംഘടിപ്പിച്ച പുകവലി വിരുദ്ധ കാമ്പയിന് ഉജ്വല തുടക്കം. ഐഡിയൽ ഇന്ത്യൻ സ്‌ക്കൂളിൽ നടന്ന പരിപാടിയിൽ വിവിധ ഇന്ത്യൻ സ്‌ക്കൂളുകൾക്ക് പുറമേ പാക്കിസ്ഥാൻ സ്‌ക്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അണി നിരന്നപ്പോൾ ഇന്റർ സ്‌ക്കൂൾ മൽസരങ്ങൾ അന്താരാഷ്ട്ര നിലവാരമുള്ളതായി.

പെയിന്റിങ്, പ്രസംഗം എന്നീ ഇനങ്ങളിലായി 15 സ്‌ക്കൂളുകളെ പ്രതിനിധീകരിച്ച് അഞ്ഞൂറോളം വിദ്യാർത്ഥികളാണ് മാറ്റുരച്ചത്. വിവിധ സ്‌ക്കൂൾ അദ്ധ്യാപകരും രക്ഷിതാക്കളും സന്നദ്ധ പ്രവർത്തകരും കൈകോർത്തപ്പോൾ പുകവലി വിരുദ്ധ പ്രവർത്തനം സാമൂഹ്യ ബാധ്യതയാണെന്നും ഓരോരുത്തരും മനസു വച്ചാൽ വിപ്ളവകരമായ മാറ്റം സാധ്യമാണെന്നും സദസ്സ് തിരിച്ചറിഞ്ഞു.

പുകവലി എല്ലാ അർഥത്തിലും വ്യക്തിക്കും കുടുംബത്തിനും ദോഷങ്ങൾ മാത്രം സമ്മാനിക്കുന്ന ദുരന്തമാണെന്നും ഇതിനെതിരെ സമൂഹം ഒറ്റക്കെട്ടായി അണി നിരക്കണമെന്നും കാമ്പയിൻ ഉദ്ഘാടനം ചെയ്ത ഐ.സി.ബി.എഫ്. പ്രസിഡണ്ട് ഡേവിസ് എടക്കുളത്തൂർ അഭിപ്രായപ്പെട്ടു. ആന്റി സ്മോക്കിങ് സൊസൈറ്റി പ്രസിഡണ്ട് ഡോ. അബ്ദുൽ റഷീദ് പുകവലി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നൽകി. ചീഫ് കോർഡിനേറ്റർ അമാനുല്ല വടക്കാങ്ങര, കോർഡിനേറ്റർമാരായ ഷറഫുദ്ധീൻ, ഫൗസിയ അക്‌ബർ, അഫ്സൽ കിളയിൽ, റഷാദ് മുബാറക്, മുഹമ്മദ് റഫീഖ്, സിയാഹുറഹ്മാൻ, സൈദലവി അണ്ടേക്കാട്, ജോജിൻ മാത്യൂ, ആനന്ദ് ജോസഫ്, ശരൺ എസ്. സുകു, ബ്ലെസി ബാബു, സജീർ സി.ടി, ജംഷീർ പി എന്നിവർ വിവിധ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
നിർലപ് ഭട്ട്, രാജേഷ്, സംറ മെഹബൂബ്, കെ.വി അബ്ദുല്ലക്കുട്ടി, അശ്വതി വിശ്വാസ്, ശുക്രിയ ആസിഫ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതികളായിരുന്നു.

വിജയികൾക്കുള്ള സമ്മാനദാനം ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് സ്‌കിൽസ് ഡവലപ്മെന്റ് സെന്ററിൽ നടക്കും.