ദോഹ: പുകവലി, മദ്യം, മയക്കുമരുന്ന് ഉപഭോഗം തുടങ്ങി സമൂഹത്തിന് വൈവിധ്യമാർന്ന വെല്ലുവിളികളുയർത്തുന്ന സാമൂഹ്യ തിന്മകൾക്കെതിരെ ജനകീയ കൂട്ടായ്മകൾ രൂപപ്പെടണമെന്ന് ഖത്തറിലെ സന്നദ്ധ സംഘമായ ആന്റി സ്മോക്കിങ് സൊസൈറ്റി ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. സമൂഹത്തിൽ ആരോഗ്യപരവും കുടുംബപരവും ധാർമികവുമായ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകുന്ന സാമൂഹ്യ തിന്മകൾ വളരുന്നത് ക്രിയാത്മകമായി പ്രതിരോധിക്കുവാൻ നിയമപരമായ ഇടപെടലുകൾക്കപ്പുറം ജനകീയ കൂട്ടായ്മയുടെ അവസരോചിതമായ ഇടപെടലുകൾക്ക് സാധിക്കുമെന്ന് ആന്റി സ്മോക്കിങ് സൊസൈറ്റി ഗ്ളോബൽ ചെയർമാൻ ഡോ. എംപി. ഹസൻ കുഞ്ഞി അഭിപ്രായപ്പെട്ടു. ലഹരി ഉപഭോഗം ലോകത്തെമ്പാടും ഗുരുതരമായ പ്രതിസന്ധികൾ സൃഷ്ടിക്കുമ്പോൾ അതിൽ നിന്നും മുഖം തിരിക്കുവാൻ സാമൂഹ്യ ബോധമുള്ള ആർക്കും സാധ്യമല്ല. നമ്മുടെ പരിസരങ്ങളും ലഹരിയുടെ തീരാശാപങ്ങളേറ്റുവാങ്ങാതിരിക്കണമെങ്കിൽ കൂട്ടായ പരിശ്രമങ്ങൾ അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ സാമൂഹ്യ തിന്മകൾക്കെതിരിലും പൊതുജനവികാരം സ്വരൂപിക്കുവാൻ ഏറ്റവും അനുഗുണമായ സമയമാണ് റമദാൻ. തിന്മകളെ പ്രതിരോധിക്കുന്ന ഈ പരിച ഫലപ്രദമായി വിനിയോഗിക്കുവാൻ നാം ശ്രദ്ധിക്കണം. തിന്മകൾ വെടിയുക മാത്രമല്ല തിന്മകൾക്കെതിരെ പൊതുതാനുമുള്ള പ്രതിജ്ഞകൾക്കും തയ്യാറെടുപ്പുകൾക്കും ഈ സന്ദർഭം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ലഹരി പദാർഥങ്ങൾ മാനവരാശിക്ക് സാമ്പത്തികവും ആരോഗ്യപരവും സാമൂഹികവും ധാർമികവും നിയമപരവുമായ വെല്ലുവിളികളാണ് ഉയർത്തുന്നതെന്ന് ലഹരി വിരുദ്ധ ദിന പ്രവർത്തനങ്ങൾ വിശദീകരിച്ച ആന്റി സ്മോക്കിങ് സൊസൈറ്റി അധ്യക്ഷൻ ഡോ. അബ്ദുൽ റഷീദ് പറഞ്ഞു. ലഹരിയുടെ പിടിയിലമർന്നവരെ മോചിപ്പിച്ച് യഥാർഥ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന ശ്രമകരമായ ദൗത്യമേറ്റെടുക്കുവാൻ സമൂഹം തയ്യാറാവണം. ശക്തമായ ബോധവൽക്കരണ പരിപാടികളും കൗൺസിലിംഗും ഗുണകാക്ഷയോടെയുള്ള പ്രവർത്തനങ്ങളുമാണ് ആവശ്യം. കേരളത്തിലും ഗൾഫിലും ലഹരി ഉപഭോഗത്തിൽ മലയാളികളുടെ അവസ്ത അപകടകരമാണ്. ഈ രംഗത്ത് ഓരോരുത്തരും ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും സവിശേഷമായ ദിവസങ്ങളിൽ പരിമിതപ്പെടുത്താതെ നിരന്തരമായ ബോധവൽക്കരണ പ്രവർത്തനങ്ങളും ശാസ്ത്രീയമായ ഇടപെടലുകളുമാണ് ആവശ്യം.

കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി ആന്റി സ്മോക്കിങ് സൊസൈറ്റി ഖത്തറിൽ നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും പൊതുജനങ്ങളിലുമൊക്കെ വമ്പിച്ച സ്വാധീനമുണ്ടാക്കിയതായി സൊസൈറ്റി സിഇഒ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. പുകവലിയും മദ്യവും മയക്കുമരുന്നുകളുമൊക്കെ സാമൂഹ്യ തിന്മകളാണെന്നും ഇതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി അണി നിരക്കണമെന്നുമുള്ള ബോധം സൃഷ്ടിക്കുവാൻ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കായിട്ടുണ്ട്. ലഹരിയുടെ വെല്ലുവിളികളെ അതിജീവിക്കുവാൻ കൂടുതൽ പ്രായോഗിക നടപടികളാണ് ആവശ്യം. ലഹരി മാഫിയ പ്രവാസികളുടെ കുട്ടികളേയും കുടുംബങ്ങളേയും ലക്ഷ്യം വച്ചുകൊണ്ടുള്ള തന്ത്രങ്ങളാണ് നാട്ടിൽ പ്രയോഗിക്കുന്നത്. ഓരോ പ്രവാസിയും ഈ രംഗത്ത് വലിയ ജാഗ്രത കൈകൊള്ളണം. ഗൾഫിലേക്ക് മയക്കുമരുന്ന് കയറ്റി അയക്കുന്ന ലോബിയും വളരെ ശക്തമാണ്. പാവപ്പെട്ട പ്രവാസികളെ വഞ്ചിക്കുന്ന ഇത്തരം ലോബികളെ കരുതിയിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ആന്റി സ്മോക്കിങ് സൊസൈറ്റി കോർഡിനേറ്റർമാരായ അബ്ദുൽ ഫത്താഹ് നിലമ്പൂർ, മുഹമ്മദ് റഫീഖ് തങ്കയത്തിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.