ദോഹ. കഴിഞ്ഞ പതിനഞ്ചു വർഷത്തോളമായി ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തോടെ ഖത്തറിൽ പ്രവർത്തിക്കുന്ന ആന്റി സ്മോക്കേിങ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുമെന്ന് ഗ്ലോബൽ ചെയർമാനും കോഴിക്കോട് സൈബർ സിറ്റി റോട്ടറി ക്ലബ്ബ് പ്രസിഡണ്ടുമായ മുഹമ്മദുണ്ണി ഒളകര അറിയിച്ചു. വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും കേന്ദ്രീകരിച്ച് ഖത്തറിൽ നടത്തിയ പ്രവർത്തനങ്ങളുടെ മാതൃകയിലാണ് ഇന്ത്യയിലും ബോധവൽക്കരണ പരിപാടികൾ ആരംഭിക്കുക. വിദ്യാർത്ഥികൾക്കുള്ള മൽസര പരിപാടികളും രക്ഷിതാക്കളേയും അദ്ധ്യാപകരേയും ഉൾപ്പെടുത്തിയുള്ള പൊതു പരിപാടികളും പുകയില വിരുദ്ധ ബോധവൽക്കരണ രംഗത്ത് ഏറെ സഹായകമാണെന്ന തിരിച്ചറിവാണ് ഈ തീരുമാനത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

പരീക്ഷണാടിസ്ഥാനത്തിൽ വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌ക്കൂളിൽ നടത്തിയ ആന്റി സ്മോക്കിങ് പെയിന്റിങ് മൽസരത്തിന്റെ പ്രതികരണം ആശാവഹമായിരുന്നു. സ്‌ക്കൂൾ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഏറെ പ്രാധാന്യത്തോടെയാണ് മൽസര പരിപാടികളിൽ പങ്കെടുത്തത്. മൽസര വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു.

ആന്റി സ്മോക്കിങ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ തന്റെ ഗ്രാമത്തിൽ നിന്നും തുടക്കം കുറിക്കുവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സൊസൈറ്റി സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അമാനുല്ല വടക്കാങ്ങര പറഞ്ഞു. നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. സ്‌ക്കൂൾ പ്രിൻസിപ്പൽ സന്ധ്യാ ഐസക് സ്വാഗതവും മാനേജർ യാസർ കരുവാട്ടിൽ നന്ദിയും പറഞ്ഞു.