ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ടാങ്ക് വേധ ഗൈഡഡ് മിസൈലിന്റെ (എടിജിഎം) പരീക്ഷണം വിജയകരമായി നടത്തി. ആത്മനിർഭർ ഭാരത് പദ്ധതി അനുസരിച്ച് വികസിപ്പിച്ച മിസൈൽ കരസേനയ്ക്ക് കരുത്തുപകരും.

കുറഞ്ഞ ഭാരം മാത്രമുള്ള ഈ മിസൈൽ മറ്റുള്ളവരുടെ സഹായമില്ലാതെ ഒരാൾക്ക് തന്നെ വഹിച്ചു കൊണ്ടുപോകാവുന്നതാണ് എന്നതാണ് പ്രത്യേകത. ഇത് വിക്ഷേപിക്കാൻ ഉപയോഗിക്കുന്ന സംവിധാനവും സമാനമായ രീതിയിൽ കൊണ്ടുപോകാവുന്നതാണ്.

 

ഇൻഫ്രാറെഡ് സാങ്കേതികവിദ്യ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. ഇതിലൂടെ കൃത്യമായി ശത്രുവിന്റെ നീക്കം തിരിച്ചറിഞ്ഞ് ലക്ഷ്യസ്ഥാനത്തേക്ക് തൊടുക്കാൻ സാധിക്കും. ഇതിന് പുറമേ ആധുനിക ഇലക്ട്രോണിക്സ് സംവിധാനവും ഇതിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് ഡിആർഡിഒ അറിയിച്ചു.

സ്വയം ലക്ഷ്യത്തുന്ന സാങ്കേതികവിദ്യ, കുറഞ്ഞ ഭാരം, തുടങ്ങിയ സവിശേഷതകളോട് കൂടിയ മിസൈലാണ് വിക്ഷേപിച്ചതെന്ന് ഡി.ആർ.ഡി.ഒ.യെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ഇത് ഇന്ത്യൻ സൈന്യത്തിന് വലിയ ആത്മവിശ്വാസം പകരുന്നതാണെന്ന് ഡി.ആർ.ഡി.ഒ അറിയിച്ചു.

ഡമ്മി ടാങ്കിൽ മിസൈൽ കൃത്യമായി പതിക്കുകയും അത് നശിപ്പിക്കുകയും ചെയ്തുവെന്ന് ഡി.ആർ.ഡി.ഒ പറഞ്ഞു. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയെന്നും അധികൃതർ അറിയിച്ചു.