- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അലിഗഢ് യൂണിവേഴ്സിറ്റിയിൽ കോവിഡ് വ്യാപനത്തിന് മുഖ്യകാരണം വാക്സിനോടുള്ള വിമുഖതയെന്ന് വൈസ് ചാൻസിലർ; തുറന്ന് പറച്ചിൽ 40 അദ്ധ്യാപകർ കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ
അലിഗഡ്: വാക്സിനോടുള്ള വിമുഖതയാണ് ക്യാംപസിലുണ്ടായ കോവിഡ് വ്യാപനത്തിൽ വലിയ പങ്കുവഹിച്ചതെന്ന് അലിഗഡ് മുസ്ലിം സർവകലാശാല(എഎംയു) വൈസ് ചാൻസിലർ താരിഖ് മൻസൂർ. ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ 40 അദ്ധ്യാപകർ കോവിഡ് പോലുള്ള രോഗലക്ഷണങ്ങൾമൂലം കഴിഞ്ഞയാഴ്ചകളിൽ മരിച്ചതിനു പിന്നാലെയാണ് പ്രതികരണം. 'സർവകലാശാല ജീവനക്കാരിലും കുടുംബാംഗങ്ങളിലും വലിയ രീതിയിൽ കോവിഡ് കേസുകൾ ഉയർന്നതിലും മരണങ്ങളിലും നിർണായക പങ്കുവഹിച്ചത് വാക്സിനോടുള്ള വിമുഖതയാണെന്ന് എഎംയുവിനുള്ള തുറന്ന കത്തിൽ വൈസ് ചാൻസിലർ പറയുന്നു.
ഗുരുതര രോഗങ്ങളിൽനിന്നും ആശുപത്രിവാസത്തിൽനിന്നും മരണത്തിൽനിന്നും വാക്സിൻ സംരക്ഷണം നൽകുന്നതായി എല്ലാ പഠനങ്ങളും സൂചിപ്പിക്കുന്നുവെന്നും കത്തിലുണ്ട്. രണ്ടു വാക്സിനേഷൻ കേന്ദ്രങ്ങൾ ഇപ്പോൾ ക്യാംപസിൽ പ്രവർത്തിക്കുന്നുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ ക്യാംപസ് സന്ദർശിച്ചിരുന്നുവെന്നും കുത്തിവയ്പ് എടുത്തിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയതായും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
കോവിഡ് ലക്ഷണങ്ങളോടെ മരിച്ചവരിൽ 19 അധ്യപകരും 21 വിരമിച്ച അദ്ധ്യാപകരും ഉൾപ്പെടുന്നു. ജനിതക ശ്രേണീകരണത്തിനായി സിഎസ്ഐആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജയിലേക്ക് സ്വന്തം കോവിഡ് പരിശോധന കേന്ദ്രത്തിൽനിന്ന് സ്ഥാപനം സാംപിളുകൾ അയച്ചുനൽകിയിരുന്നു. പുതിയ വകഭേദമെന്നാണ് സംശയം. 30,000 വിദ്യാർത്ഥികൾ എഎംയുവിൽ പഠിക്കുന്നുവെന്നാണ് കണക്ക്. ഇതിൽ 16,000-ഓളം പേർ ഹോസ്റ്റലുകളിൽ തങ്ങുന്നു. അയ്യായിരത്തോളം അനധ്യാപകരും ഏകദേശം 1,700 അദ്ധ്യാപകരുമുണ്ട്.