- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി സണ്ണി ലിയോണിന്റെ അറസ്റ്റിന് ഹൈക്കോടതിയുടെ വിലക്ക്; സി.ആർ.പി.സി 41എ പ്രകാരമുള്ള നോട്ടീസ് നൽകി ചോദ്യം ചെയ്യുന്നതിന് തടസ്സമില്ല; ജസ്റ്റിസ് അശോക് മോഹൻ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ് താരത്തിന്റെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കവെ
കൊച്ചി: നടി സണ്ണി ലിയോണിന്റെ അറസ്റ്റിന് ഹൈക്കോടതിയുടെ വിലക്ക്. അതേസമയം, സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ചിന് നടിയെ ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി. 41 എ വകുപ്പ് പ്രകാരമുള്ള നോട്ടീസ് നൽകിയ ശേഷമേ ചോദ്യം ചെയ്യാവൂ. സണ്ണി ലിയോൺ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷയിലാണ് ഉത്തരവ്. ജസ്റ്റിസ് അശോക് മോഹൻ അധ്യക്ഷനായ ബെഞ്ചാണ് സണ്ണി ലിയോണിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിച്ചത്.
സണ്ണി ലിയോൺ, ഭർത്താവ് ഡാനിയേൽ വെബർ, ഇവരുടെ സ്ഥാപനത്തിലെ ജീവനക്കാരൻ സുനിൽ രജനി എന്നിവർ നൽകിയ മുൻകൂർ ജാമ്യഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. ക്രൈംബ്രാഞ്ചിന് വേണമെങ്കിൽ നടിയെ ചോദ്യംചെയ്യാമെന്നും കോടതി വ്യക്തമാക്കി. സി.ആർ.പി.സി. 41എ പ്രകാരമുള്ള നോട്ടീസ് നൽകി വേണം ചോദ്യംചെയ്യലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പണം വാങ്ങി പരിപാടിയിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദാണ് സണ്ണി ലിയോണിനെതിരേ പരാതി നൽകിയത്. 39 ലക്ഷം രൂപ വാങ്ങി നടി വഞ്ചിച്ചെന്നായിരുന്നു ആരോപണം.
2018 മെയ് 26ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഡാൻസ് ഫിനാലെയിൽ പങ്കെടുക്കുന്നതിനാണ് സംഘാടകർ നടിയുമായി ധാരണയായത്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് നടിയുടെ അനുമതിയോടെ പരിപാടി ഉപേക്ഷിച്ചു. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പ്രതിഫലം 30 ൽ നിന്ന് 25 ലക്ഷമായി കുറച്ചു. 19 ലക്ഷം അഡ്വാൻസ് കൈപ്പറ്റി. 2019 ഫെബ്രുവരിയിൽ അങ്കമാലിയിൽ പരിപാടി നടത്താൻ തീരുമാനിച്ചു. പരിപാടിയുടെ പ്രമോഷന് എത്താമെന്ന് സമ്മതിച്ചെങ്കിലും എത്തിയില്ല.
പരിപാടിയുടെ തലേന്ന് കൊച്ചിയിൽ എത്തിയെങ്കിലും പങ്കെടുക്കാനാവില്ലെന്ന് ട്വീറ്റ് ചെയ്തെന്നും വഞ്ചിച്ചെന്നുമാണ് ആരോപണം. വലിയ സാമ്പത്തിക ബാധ്യത ഉണ്ടായെന്നും രണ്ടരക്കോടി നഷ്ടമുണ്ടായെന്നുമാണ് പരാതി. പരിപാടി നടക്കാതിരുന്നത് തന്റെ കുറ്റം കൊണ്ടല്ലെന്നും അഞ്ച് തവണ തിയതി നീട്ടി നൽകിയെന്നും സണ്ണി ലിയോൺ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഹർജി കോടതി നാളെ പരിഗണിച്ചേക്കും. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നായിരുന്നു ക്രൈംബ്രാഞ്ച് കേസെടുത്തത്.
തുടർന്ന് ക്രൈംബ്രാഞ്ചിന്റെ കൊച്ചി യൂണിറ്റ് കേസിൽ അന്വേഷണം ആരംഭിച്ചു. ദിവസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്തെ റിസോർട്ടിലെത്തി ക്രൈംബ്രാഞ്ച് സംഘം സണ്ണി ലിയോണിൽനിന്ന് മൊഴിയെടുക്കുകയും ചെയ്തു.
എന്നാൽ വഞ്ചിച്ചെന്ന പരാതി തെറ്റാണെന്നാണ് സണ്ണി ലിയോണിന്റെ പ്രതികരണം. 30 ലക്ഷമാണ് ഫീസെന്നും തുക പൂർണമായി തന്നാലേ പരിപാടി നടത്തൂ എന്നും ആദ്യമേ അറിയിച്ചിരുന്നു. തീയതികളും വേദിയും പലതവണ മാറ്റിയശേഷം ഒടുവിൽ കൊച്ചിയിൽ 2019 ഫെബ്രുവരി 14-ന് പരിപാടി നിശ്ചയിച്ചു. അന്ന് എത്തിയെങ്കിലും തുക മുഴുവൻ നൽകാതെ ഷോ നടത്തണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. അത് അംഗീകരിച്ചില്ല. അത് സിവിൽതർക്കം മാത്രമാണ്. വിശ്വാസവഞ്ചനയുൾപ്പെടെ ക്രിമിനൽ കുറ്റം നിൽക്കില്ല. പരാതിക്കാരന്റെ രാഷ്ട്രീയസ്വാധീനംമൂലം അറസ്റ്റുണ്ടാകുമെന്ന ആശങ്കയിലാണ് കോടതിയെ സമീപിക്കുന്നതെന്നും നടിയുടെ മുൻകൂർ ജാമ്യ ഹർജിയിൽ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ