ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണെന്നു മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കം. സാമുദായിക ധ്രുവീകരണം എന്ന ഒറ്റ അജൻഡ മാത്രമാണ് ബിജെപിക്കെന്നും ആന്റണി പറഞ്ഞു.

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അനവസരത്തിലുള്ള ചർച്ച നിർത്തണമെന്ന് ആന്റണി ആവശ്യപ്പെട്ടു. അതേസമയം, ഏകീകൃത സിവിൽ കോഡിനെക്കുറിച്ചു ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടു. ജനങ്ങളെ ബോധ്യപ്പെടുത്തിയ ശേഷമാകണം സിവിൽ കോഡ് നടപ്പാക്കേണ്ടതെന്നും കേന്ദ്രത്തോട് ആർഎസ്എസ് ആവശ്യപ്പെട്ടു.

കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേരത്തെ രംഗത്തെത്തിയിരുന്നു. ബിജെപി സർക്കാരിന്റെ നീക്കം ഇന്ത്യൻ ജനത ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷത തകർക്കാനേ ഉപകരിക്കൂവെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഇതു ജനങ്ങളെ രണ്ടു തട്ടിലാക്കാനേ സഹായിക്കൂ. രാജ്യത്തിന്റെ മതനിരപേക്ഷതയും അഖണ്ഡതയും തകർക്കും. സംഘപരിവാർ ശക്തികളുടെ രഹസ്യ അജൻഡയാണ് നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, ഏകീകൃത സിവിൽകോഡിനെ സ്വാഗതംചെയ്യുന്ന നിലപാടാണ് സിറോ മലബാർ സഭയുടെത്. ആചാരപരമായ വൈവിധ്യങ്ങൾ സംരക്ഷിക്കണമെന്നും അഭിപ്രായസമന്വയം അനിവാര്യമാണെന്നും മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വ്യക്തമാക്കി. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതു സംബന്ധിച്ചു വിശദമായ റിപ്പോർട്ട് നൽകാൻ കേന്ദ്ര നിയമ മന്ത്രാലയം ലോ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് വിഷയം വീണ്ടും വലിയ ചർച്ചയായത്.