കോതമംഗലം: കമ്പ്യൂട്ടർ,പ്രിന്റർ എന്നിവ അനുവദിച്ച് നൽകിയതുമായി ബന്ധപ്പെട്ട് സർക്കാർ സ്‌കൂളിൽ എം എൽ എ യുടെ ചിത്രത്തോടുകൂടിയ ശിലാഫലകം സ്ഥാപിച്ചത് വിവാദമായി. വെണ്ടുവുഴി സർക്കാർ എൽ പി സ്‌കൂളിൽ മൾട്ടി മീഡിയ ലാബിന് അനുവദിച്ച കമ്പ്യൂട്ടർ പ്രിന്റർ എന്നിവയുടെ പ്രവർത്തന ഉദ്ഘാടനം ഇന്നലെയായിരുന്നു. ഇതോടനുബന്ധിച്ചാണ് സ്‌കൂളിൽ ആന്റണി ജോൺ എം എൽ എ യുടെ ചിത്രം ഉൾപ്പെടെയുള്ള ശിലാഫലകം പ്രത്യക്ഷപ്പെട്ടത്. തമിഴ്‌നാട് മോഡൽ രാഷ്ട്രീയ സംഭവം ഇതിനോടകം വിവാദമായിട്ടുണ്ട്.

മണ്ഡലത്തിലെ സ്‌കൂളുകളിലെ വിദ്യാഭ്യാസ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എം എൽ എ തയ്യാറാക്കിയ കർമ്മപദ്ധതിയായ കെയിറ്റിന്റെ പ്രചരണാർത്ഥമാണ് ശിലാഫലകം ഒരുക്കിയിട്ടുള്ളത്. സ്‌കൂൾ വികസന സമിതിയംഗങ്ങളും പൂർവ വിദ്യാർത്ഥി സംഘടന പ്രതിനിധികളുമാണ് ശിലാഫലകത്തിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. സംഭവത്തിൽ സ്‌കൂൾ ഹെഡ്‌മാസ്റ്ററോട് വിശദീകരണമാരാഞ്ഞിരുന്നെന്നും നിയമപരമായി തെറ്റാണെങ്കിലും എം എൽ എ യുടെ ഓഫീസിൽ നിന്നും അറിയിപ്പ് കിട്ടിയ പ്രകാരമാണ് ചിത്രം ഉൾപ്പെടുത്തി ശിലാഫലകം സ്ഥാപിച്ചതെന്ന് ഹെഡ്‌മാസ്റ്റർ അറിയിച്ചെന്നുമാണ് സ്‌കൂൾ വികസന സമിതി ചെയർമാനും യൂത്ത്് കോൺഗ്രസ് നേതാവുമായ റഫീക്ക് വെണ്ടുവഴിയുടെ വെളിപ്പെടുത്തൽ.

ഇതൊരു തെറ്റായ പ്രവണത ആണെന്നും ഇതിനെതിരെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതർക്ക് പരാതി നൽകുമെന്നും റഫീഖ് അറിയിച്ചു.എ എൻ ഷംസീർ എം എൽ എ സ്വന്തം ഫോട്ടോ വെച്ച് കലണ്ടർ ഇറക്കി സ്‌കൂളുകൾക്ക് നൽകിയത് വിവാദമാിരുന്നു.സമാനമായ സംഭവമാണിതെന്നും ബന്ധപ്പെട്ട അധികൃതർ ഇതേക്കുറിച്ച് അന്വേഷിച്ച് മാതൃകാപരമായ നടപടി സ്വീകരിക്കണമമെന്നുമാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. കേന്ദ്ര സർക്കാരിന്റെയും , ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബിജെപി മന്ത്രി മാരുടെ ഫോട്ടോ വെച്ച് ആനുകൂല്യം നൽകുന്നതിനെ ഏറ്റവും അധികം എതിർക്കുന്ന ഇടതു പക്ഷത്തിന്റെ ഒരു എം എൽ എ ഇങ്ങനെ ചെയ്യുന്നത് രാഷ്ട്രീയ മൂല്യച്യുതി ആണെന്നാണ് ഇക്കൂട്ടരുടെ വാദം.

സംഭവം ഒരു വിഭാഗം രാഷ്ട്രീയമായി ഉപോഗിക്കുന്നതാണെന്നും വിദ്യാഭ്യസ വികസന പദ്ധതിയെക്കുറിച്ച് മാത്രമാണ് ശിലാഫലകത്തിൽ സൂചിപ്പിച്ചിട്ടുള്ളതെന്നും ഇതിൽ തെറ്റൊന്നുമില്ലന്നുമാണ് എം എൽ എ യുടെ അടുപ്പക്കാരുടെ പക്ഷം.