- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മരക്കാർ ഒടിടി റീലീസ് വിഷയം എന്നോട് ആരും ചർച്ച നടത്തിയില്ല; മോഹൻലാൽ സാറുമായാണ് കൂടിയാലോചന നടന്നത്'; ഒടിടി -തിയേറ്റർ തർക്കം രൂക്ഷമായതോടെ തിയേറ്റർ ഉടമകളുടെ ഫിയോക്ക് ഭാരവാഹിത്വം രാജി വച്ച് ആന്റണി പെരുമ്പാവൂർ; രാജി കത്ത് ദിലീപിന് കൈമാറി
കൊച്ചി: ഒടിടി-തിയേറ്റർ പോര് കൂടുതൽ രൂക്ഷമായ തലത്തിലേക്ക്. ബിഗ്ബജറ്റ് ചിത്രമായ മരക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ചിത്രത്തിന്റെ നിർമ്മാതാവും തീയേറ്റർ ഉടമകളുടെ സംഘടന ഫിയോക്കിന്റെ വൈസ് പ്രസിഡന്റുമായ ആന്റണി പെരുമ്പാവൂർ സംഘടനാ ഭാരവാഹിത്വം രാജിവച്ചു. ഭാരവാഹിത്വത്തിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയും രാജികത്ത് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും ആന്റണി പെരുമ്പാവൂർ ഫിയോക്ക് ചെയർമാൻ ദിലീപിന് രാജികത്ത് നൽകി.
മരക്കാർ റിലീസ് ചെയ്യുന്ന തിയേറ്ററുകൾ അഡ്വാൻസ് തുകയായി 25 ലക്ഷം രൂപ നൽകണമെന്നും 200 സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കണമെന്നും ഫിലിം ചേമ്പർ യോഗത്തിൽ ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടിരുന്നു. മിനിമം ഗ്യാരണ്ടി വേണമെന്നും ആവശ്യമുണ്ടായിരുന്നു. നൽകുന്ന 25 ലക്ഷം ലാഭമുണ്ടായാൽ ഷെയർ വേണമെന്നും നഷ്ടമായാൽ തരില്ലെന്നും ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടിരുന്നു.മരക്കാർ ഒടിടി റിലീസാകുന്ന വിഷയത്തിൽ തന്നോട് ആരും ചർച്ച നടത്തിയില്ലെന്നും മോഹൻലാൽ സാറുമായാണ് ചർച്ച നടന്നതെന്നും ആന്റണി പെരുമ്പാവൂർ രാജികത്തിൽ പറഞ്ഞു.
ചിത്രത്തിന്റെ റിലീസിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഫിയോക്ക് യോഗം ചേരാനിരിക്കെയാണ് രാജി. മരക്കാർ തിയേറ്ററുകളിൽ റിലീസ് ചെയ്യണമെങ്കിൽ തിയേറ്റർ ഉടമകളുടെ ഭാഗത്ത് നിന്ന് നിരവധികാര്യങ്ങൾ ഉറപ്പ് നൽകണമെന്ന് ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടിരുന്നു.
'ഞാൻ തിയേറ്റർ ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാൻ ആഗ്രഹിക്കുന്നില്ല. രാജി കത്ത് സ്വീകരിക്കണം. മരക്കാർ ഒടിടി റിലീസ് ചെയ്യുന്ന വിഷയത്തിൽ തന്നോട് ആരും തന്നെ ചർച്ച നടത്തിയിട്ടില്ല. ചർച്ച നടന്നത് എല്ലാം 'മോഹൻലാൽ സാറുമായുമാണ്' എന്നും രാജി കത്തിൽ പറയുന്നു. നൂറ് കോടിക്കു മുകളിൽ ചെലവ് വരുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമകളിൽ ഒന്നാണ്.
നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ സിനിമയുടെ റിലീസ് തിയതി കഴിഞ്ഞ വർഷം മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. 5000 സ്ക്രീനുകളിൽ, അഞ്ചു ഭാഷകളിലായി, 2020 മാർച്ച് 26ന് മലയാള സിനിമയുടെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ തിയേറ്ററിൽ എത്തിക്കാനിരിക്കവെയാണ് കോവിഡും തൊട്ടുപിന്നാലെ ലോക്ക്ഡൗണും വന്നത്. ആദ്യം തന്നെ റിലീസ് മാറ്റി വച്ച സിനിമകളുടെ കൂട്ടത്തിൽ മരക്കാറും ഉൾപ്പെട്ടു.
കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. യോഗത്തിൽ മരക്കാർ സിനിമ തിയേറ്ററിൽ റിലീസ് ചെയ്യാൻ നിരവധി നിബന്ധനകളും ആന്റണി മൂന്നോട്ടുവെച്ചിരുന്നു. ഈ നിബന്ധനകൾ അംഗീകരിക്കാൻ നിരവധി തീയറ്റർ ഉടമകൾ വിസമ്മതിച്ചിരുന്നു. ഈ വർഷം ജനുവരിയിൽ തിയേറ്റർ തുറന്നപ്പോഴും മരക്കാർ മാർച്ച് മാസം റിലീസ് പറഞ്ഞെങ്കിലും നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വീണ്ടും മാറ്റിവയ്ക്കേണ്ടി വന്നു. കുറച്ച് ദവസങ്ങൾക്ക് മുൻപാണ് മരക്കാർ ഒടിടി റിലീസ് ആയി എത്തിയേക്കുമെന്ന വിവരം ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളെ അറിയിച്ചത്.
മറുനാടന് മലയാളി ബ്യൂറോ