നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൾ അനിഷയുടെ വിവാഹ സത്ക്കാരത്തിനെത്തിയ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. കറുത്ത ഡ്രസ്സിലാണ് മലയാളികളുടെ പ്രിയ താരങ്ങൾ എന്നതും സൈബർ ലോകത്തെ ചർച്ചകളെ കൊഴുപ്പിക്കുകയാണ്.

താടി നീട്ടി മീശ പിരിച്ച് ബ്ലാക്ക് ജുബയിലാണ് മമ്മൂട്ടി. താടി നീട്ടി മീശ പിരിച്ചത് അമൽ നീരദ് ഒരുക്കുന്ന പുതിയ ചിത്രത്തിനാണോ എന്നും സോഷ്യൽ മീഡിയയിൽ ആരാധകർ ചോദിക്കുന്നുണ്ട്. ലൊക്കേഷനിലും പൊതുവേദികളിലുമെല്ലാം വെള്ള ഖദർ ഷർട്ടും വെള്ളമുണ്ടും സ്ഥിരമാക്കിയ നിർമ്മാതാവ് ആന്റോ ജോസഫും കറുത്ത ഷർട്ടിലാണ്. ആന്റോ ജോസഫ് വെള്ള ഡ്രസിൽ അല്ലാതെ പൊതുചടങ്ങിലെത്തുന്നതും ആദ്യമാണ്.

എമിൽ വിൻസന്റ് ആണ് അനിഷയുടെ വരൻ. നടൻ മോഹൻലാൽ കുടുംബസമേതം ചടങ്ങിൽ പങ്കെടുത്തു. പള്ളിയിൽ വെച്ച് നടന്ന ചടങ്ങിലും റിസപ്ഷനിലും മോഹൻലാൽ പങ്കെടുത്തു. പെരുമ്പാവൂർ ചക്കിയത്ത് ഡോ. വിൻസന്റിന്റെയും സിന്ധുവിന്റെയും മകനാണ് ഡോ. എമിൽ. എമിലിന്റെ സഹോദരൻ നീൽ വിൻസെന്റ് ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിരുന്നു.

ഏറെ നാളുകൾക്കു ശേഷമാണ് മോഹൻലാൽ കുടുംബസമേതം ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. മകൾ വിസ്മയയും പ്രണവും ആയിരുന്നു ചടങ്ങിലെ മറ്റൊരു ആകർഷണം. നവംബർ 29-ന് ആയിരുന്നു എമിലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം നടന്നത്. അനിഷയും എമിലും ഡോക്ടർമാരാണ്. 27 വർഷത്തോളം ഇരുകുടുംബങ്ങളും തമ്മിൽ അടുത്ത സൗഹൃദത്തിലായിരുന്നു. അങ്ങനെയാണ് മക്കളുടെ വിവാഹത്തിലേക്ക് എത്തുന്നത്.

ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് എന്ന സിനിമയുടെ പാലക്കാട്ടെ ലൊക്കേഷനിൽ നിന്നാണ് മോഹൻലാൽ കൊച്ചിയിൽ നടന്ന വിവാഹച്ചടങ്ങിലെത്തിയത്. ലോക്ക് ഡൗണിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന പുതിയ ചിത്രം ജനുവരിയിൽ തുടങ്ങാനിരിക്കുകയാണ്. അമൽനീരദ്, രഞ്ജിത്, രത്തീന ഷർഷാദ് എന്നിവർക്കാണ് മമ്മൂട്ടിയുടെ 2021 ആദ്യ പകുതിയിലെ ഡേറ്റുകൾ. ഇതിൽ ഏത് ചിത്രമാണ് ആദ്യം തുടങ്ങുകയെന്ന് പ്രഖ്യാപിച്ചിട്ടില്ല.