- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗണേശ് കുമാറിന്റെ മാസ് എൻട്രിയും ഹീറോയിസവും മന്ത്രിക്ക് പിടിച്ചില്ല! 'നീ വേണെങ്കിൽ ചത്തോ.. നിന്റെ ഭാര്യയെ ഞാൻ നോക്കി കോളാം' എന്നു പറഞ്ഞു ടിപ്പർ ഡ്രൈവർക്ക് പിഴ ചുമത്തിയ വെഹിക്കിൾ ഇൻസ്പെക്ടറുടെ വക്കാലത്തെടുത്തു ആന്റണി രാജു; നിയമം നടപ്പാക്കും, ഉദ്യോഗസ്ഥരെ പഴിക്കേണ്ടെന്ന് മന്ത്രി
തിരുവനന്തപുരം: കോവിഡ് കാലത്തും പാവങ്ങളെ പിഴിയുന്ന ഏർപ്പാടിലാണ് പൊലീസും മോട്ടോർ വാഹന ഉദ്യോഗസ്ഥരുമെല്ലാം. അമിതഭാരത്തിന്റെ പേരിൽ ടിപ്പർ ലോറി ഡ്രൈവറോട് കയർത്തുകൊണ്ട് പിഴയിട്ട മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്. ഈ സംഭവത്തിൽ ടിപ്പർ ഡ്രൈവർക്ക് വേണ്ടി ഇടപെട്ട പത്തനാപുരം എംഎൽഎ കെ ബി ഗണേശ് കുമാറിന് ജനങ്ങളുടെ കൈയടി കിട്ടുകയും ചെയ്തു. എന്നാൽ, ഈ കൈയട്ടി കിട്ടിയത് മറ്റൊരു മന്ത്രിയെ അലോസരപ്പെടുത്തി. ഗതാഗത മന്ത്രി ആന്റണി രാജുവിനെയാണ് ഗണേശിന് കിട്ടിയ കൈയടി അലോസരപ്പെടുത്തിയത്.
ലോറി ഡ്രൈവർക്ക് മോട്ടോർ വാഹന വകുപ്പ് പിഴയിട്ട സംഭവത്തിൽ ഉദ്യോഗസ്ഥരോട് കയർത്ത ഗണേശ് കുമാർ എംഎൽഎക്കെതിരെ ഗതാഗത മന്ത്രി ആന്റണി രാജു രംഗത്തു വന്നു. നിയമം നടപ്പാക്കും, അതിന് ഉദ്യോഗസ്ഥരെ പഴിക്കേണ്ട കാര്യമില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. അമിതഭാരത്തിന്റെ പേരിൽ മോട്ടോർ വാഹനവകുപ്പ് ടിപ്പർ ഡ്രൈവർമാർക്ക് പിഴയിട്ട സംഭവത്തിൽ എംഎൽഎ ഇടപെട്ട സംഭവത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കുന്നത്.
അമിതഭാരത്തിന്റെ പേരിൽ കൊല്ലം പത്തനാപുരത്ത് ടിപ്പർ ലോറി ഡ്രൈവറോട് എംവിഐ മോശമായി പെരുമാറി വാഹനം പിടിച്ചെടുത്തെന്ന പരാതിയിലാണ് എംഎൽഎ ഇടപ്പെട്ടത്. കൂടൽ ഇഞ്ചപ്പാറ സ്വദേശി സുമേഷിനാണ് കഴിഞ്ഞദിവസം പത്തനാപുരം മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ പിഴ ചുമത്തിയത്. ടിപ്പർ ലോറി പിടിച്ചെടുക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്നുമാണ് പരാതി. നേരത്തെ ലോറിയിലെ അധിക ഭാരത്തിന്റെ പേരിൽ കൊല്ലത്തു വച്ച് സുമേഷിന് ഇരുപത്തിഅയ്യായിരം രൂപയുടെ പിഴ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ചു ദിവസത്തിന് ശേഷം പത്തനാപുരത്ത് വച്ച് വീണ്ടും എംവിഐ വണ്ടി പിടികൂടിയത്.
സംഭവത്തിൽ ഇടപെട്ട ഗണേശ് കുമാർ എംഎൽഎ എംവിഐയെ ഫോണിൽ വിളിക്കുകയും കോവിഡ് കാലത്ത് നിർന്തരം ഡ്രൈവർമാരെ ദ്രോഹിക്കരുതെന്ന് ആവശ്യപ്പെടുകയും പിടിച്ചെടുത്ത വണ്ടി വിട്ടു കൊടുക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കെബി ഗണേശ്കുമാർ എംഎൽഎ മന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
പിന്നാലെയാണ് വിഷയത്തിൽ മന്ത്രി നിലപാട് വ്യക്തമാക്കുന്നത്. പത്താനാപുരത്ത് പിഴയിട്ട ലോറി വീണ്ടും പിടിച്ചെടുത്തതിൽ തെറ്റില്ലെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കിയ ഗതാഗത മന്ത്രി ആന്റണി രാജു ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. നിയമം നടപ്പാക്കുന്നതിന് ഉദ്യോഗസ്ഥരെ പഴിച്ചിട്ട് കാര്യമില്ല. തെറ്റ് ആവർത്തിച്ചാൽ പിഴ ഈടാക്കാതിരിക്കുന്നത് എങ്ങനെയാണ്. നിയമം നടപ്പാക്കുമെന്നും വ്യക്തമാക്കുകയായിരുന്നു.
ലൈസൻസ് കട്ടുചെയ്യുമെന്നും ഭീഷണിപ്പെടുത്തി കൊണ്ടായിരുന്നു മോട്ടോർവാഹന ഉദ്യോഗസ്ഥന്റെ നടപടി. ലൈസൻസ് കട്ട്ചെയ്താൽ, താൻ ഭാര്യേ പിള്ളേരേം കൊണ്ടുവന്ന് സാറിന്റെ വീടിന്റെ മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് സുമേഷ് പറഞ്ഞപ്പോൾ, ഭാര്യയെ നീ കൊല്ലേണ്ട കാര്യമില്ല, താൻ നോക്കിക്കോളാമെന്നായിരുന്നു മറുപടി. ഈ വിഷത്തിലാണ് പത്താനാപുരം എംഎൽഎ ഇടപെട്ടത്. ' അയാൾക്ക് ആദ്യം 25,000 ഫൈനടിച്ചു. പിന്നെ 35,000 അടിച്ചു. എല്ലാ ദിവസവും അങ്ങളെ ആളുകളെ ഉപദ്രവിക്കണോ...ഒന്നാമതേ...പട്ടിണിയും പരിവട്ടവുമായിട്ട് മനുഷ്യൻ നരകിക്കുകയല്ലേ..നമ്മൾ അങ്ങനെ ഉപദ്രവിച്ചാൽ കൊള്ളാമോ? എന്ന് ഗണേശ് കുമാർ ചോദിക്കുന്നു.
സംഭവം ഇങ്ങനെ:
കഴിഞ്ഞ ദിവസമാണ് പത്തനാപുരം കൂടൽ ഇഞ്ചപ്പാറ സ്വദേശി സുമേഷ് ഓടിക്കുന്ന ടിപ്പർ പത്തനാപുരം മോട്ടോർ വെഹിക്കിൾ ഇൻസപക്ടർ വിനോദ് പിടിച്ചത്. ഭാരക്കൂടുതൽ, അതാണ് കാരണം പറഞ്ഞത്. 25,000 രൂപ പിഴ ഈടാക്കിയാലേ വണ്ടി വിട്ടയ്ക്കൂ എന്നായി. വാഹനം പിടിച്ചാൽ രണ്ടുമൂന്നാഴ്ച എങ്കിലും കഴിയാതെ തിരിച്ചുകിട്ടുകയുള്ളു എന്നതാണ് സുമേഷിനെ പോലുള്ള സിംഗിൾ ലോറി ഓണർമാരുടെ പ്രശ്നം. സുമേഷിനെ, നാല് നാൾ മുമ്പ് കൊല്ലം ആർടിഒ പിടികൂടി 25,000 രൂപ പിഴ ഈടാക്കിയിരുന്നു. ഇതിന് പുറമേയാണ് ഇടിവെട്ടിയവനെ പാമ്പ് കടിക്കും പോലെ പത്തനാപുരം വെഹിക്കിൾ ഇൻസപ്കടറുടെ വരവ്. വയറ്റിപ്പിഴപ്പാണെന്നും വാഹനം വിട്ടുതരണമെന്നും അപേക്ഷിച്ചപ്പോൾ മുതൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.
സുമേഷിന്റെ വാക്കുകളിൽ തന്നെ സംഭവം കേൾക്കാം:
' രാവിലെ ഞാൻ ലോഡ് എടുത്തോണ്ട് വരികയായിരുന്നു. മഞ്ചള്ളൂർ ബാറിന് മുന്നിൽ വച്ച് പത്തനാപുരം വെഹിക്കിൾ വിനോദ് കൈകാട്ടി നിർത്തി. ഇറങ്ങി ചെന്നു കഴിഞ്ഞപ്പോൾ വെഹിക്കിൾ വണ്ടി കൊണ്ട് തൂക്കണമെന്ന് പറഞ്ഞു. ഞാനന്നേരം പറഞ്ഞു..സാറേ നാല് ദിവസം മുമ്പ് കൊല്ലം വെഹിക്കിൾ പിടിച്ച് 25,000 രൂപ ഫൈൻ അടിച്ചതാണ്.
അപ്പോൾ വെഹിക്കിൾ വണ്ടി കൊണ്ട് തൂക്കടാ...നിന്റെ ലൈസൻസ് കട്ട് ചെയ്ത് തരാമെന്ന് പറഞ്ഞു. സാറെ കട്ട്ചെയ്യല്ലേ..ഇതുകൊണ്ടാണ് ഞാൻ ഉപജീവനം കഴിക്കുന്നത് എന്ന് പറഞ്ഞപ്പോൾ, ഈ പുള്ളിക്കാരൻ ഉടനെ പറഞ്ഞു വണ്ടി എടുക്കടാ..എന്ന്. അന്നേരം ലൈസൻസ് കട്ടുചെയ്യും..ഓവർ ലോഡ് കൊണ്ടാ വരുന്നേ...വണ്ടി ഓടിക്കണ്ടാ...ന്നു പറഞ്ഞു.
ഞാൻ പറഞ്ഞു...ഈ ഓവർ ലോഡിന് വെയ്ബ്രിഡ്ജ് പാറമടയിലും ഇല്ല, ക്രഷറിലും ഇല്ലാ എന്ന്. സാറേ ബോഡി ലെവലിന് കൊണ്ടുവന്നാലേ പാർട്ടിക്കായാലും, ക്രഷറിലായാലും കൊടുക്കാൻ പറ്റത്തുള്ളു എന്ന് പറഞ്ഞു.
അപ്പോൾ നീ എന്നെ ഇതൊന്നും പഠിപ്പിക്കേണ്ട കാര്യമില്ല..നീ വേറെ എന്തെങ്കിലും നോക്കടാ എന്ന് പറഞ്ഞ് എന്നെ ചീത്ത വിളിച്ചു.
ഞാൻ പറഞ്ഞു...എന്നെ ചീത്ത വിളിക്കേണ്ട കാര്യമില്ല..ഞാനാരേം കൊന്നിട്ട് വന്നതല്ലാന്ന്.
വണ്ടിയെടുക്കാൻ പറഞ്ഞു...അപ്പോ ..ഞാൻ പറഞ്ഞു...സാറേ ഉപദ്രവിക്കാതെ വിടു..കൊറോണക്കാലമാണെന്ന് പറഞ്ഞു.
നിന്നെ ലൈസൻസ് ഇന്ന് കട്ട് ചെയ്തിട്ടേ ഞാൻ അടങ്ങത്തുള്ളുവെന്ന് വെഹിക്കിൾ
അപ്പോ, എന്റെ ലൈസൻസ് കട്ട്ചെയ്താൽ, ഞാൻ ഭാര്യേ പിള്ളേരേം കൊണ്ടുവന്ന് സാറിന്റെ വീടിന്റെ മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു.
പുള്ളിക്കാരൻ പറഞ്ഞത്..'എന്റെ' ഭാര്യയെ നീ കൊല്ലേണ്ട കാര്യമില്ല, അദ്ദേഹം നോക്കിക്കോളാമെന്ന് പറഞ്ഞു. ഭാര്യയെ പുള്ളി നോക്കിക്കോളാം..നീ വേണെങ്കിൽ ചത്തോളാൻ.
അന്നേരം അദ്ദേഹം വണ്ടിക്ക് അകത്ത് ചാടി കയറി പുള്ളി സ്വന്തമായി വണ്ടി എടുത്തോണ്ട് പത്തനാപുരം വേ ബ്രിഡ്ജിൽ കൊണ്ടുവന്ന്, തൂക്കുവാരുന്നു,
വണ്ടി എവിടെ കൊണ്ടുപോയെന്ന് എനിക്ക് അറിയത്തില്ലായിരുന്നു. ഞാൻ അതുകഴിഞ്ഞ് വന്ന് നോക്കിയപ്പോൾ ഹൈവേ റോഡ് സൈഡിൽ വണ്ടി ഇങ്ങനെ ഇട്ടേക്കുന്നതാണ്.
സുമേഷ് വന്ന് വണ്ടി നോക്കുമ്പോൾ, വണ്ടിയുടെ ഇടത് വശത്തെ ടയറുകൾ മുഴുവൻ കീറിയിരിക്കുന്ന നിലയിലാണ്. വെഹിക്കിൾ വിനോദ് അശ്രദ്ധമായി വേ ബ്രിഡ്ജിലേക്ക് വണ്ടി കയറ്റിയതോടെ ബ്രിഡ്ജിന്റെ അരികിൽ ഉരഞ്ഞ് കീറുകയായിരുന്നു. പുത്തൻ ടയറുകളാണ് വെഹിക്കിൾ ഇങ്ങനെ നശിപ്പിച്ചത്. സുമേഷ് വന്നു നോക്കുമ്പോൾ വണ്ടിയിൽ താക്കോലില്ല. ചോദിച്ചപ്പോൾ തെറി വിളിച്ചു കൊണ്ട് വെഹിക്കിൾ കടന്നുപോയി.
താനും സഹോദരനും ചേർന്ന് ലോൺ എടുത്താണ് ഭാരത് ബെൻസിന്റെ ടിപ്പർ വാങ്ങിയതെന്ന് സുമേഷ് പറയുന്നു. ഇതാണ് ഉപജീവന മാർഗ്ഗം. മാസം 82,000 രൂപ ഫിനാൻസിൽ അടയ്ക്കണം. കൊറോണ ആയത് കാരണം വണ്ടിക്ക് ഓട്ടമില്ല. വെഹിക്കിൾ ആകട്ടെ ഒന്നും പറയുന്നില്ല. വണ്ടി നിർത്തി ഡ്രൈവറെയും വഴിയിൽ ഇറക്കി വിട്ട് ആണ് വെഹിക്കിൾ പോയത്. ഇനി പത്തനാപുരത്ത് ഞാൻ ഇരിക്കുന്നിടത്തോളം കാലം നീ വണ്ടി ഓടിക്കത്തില്ല എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പോക്ക്. സുമേഷിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചു എന്നും പരാതിയുണ്ട്. നിനക്ക് ഒരു നല്ല ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാൻ പറ്റുമോ എന്നായിരുന്നു വെഹിക്കിളിന്റെ ചോദ്യം. ജോലി തടസ്സപ്പെടുത്തിയെന്ന തരത്തിൽ കേസ് എടുക്കുമെന്നും ഭീഷണിപ്പെടുത്തി.
സാറിന്റെ ഡ്യൂട്ടി ആരും തടസ്സപ്പെടുത്തിയില്ലെന്നും സുമേഷിന്റെ പെണ്ണുമ്പിള്ളയെ നോക്കി കൊള്ളാമെന്ന് പറഞ്ഞതും, സുമേഷ് അന്തസ്സില്ലാത്തവനെന്ന് അധിക്ഷപിച്ചതും ഒക്കെ വീഡിയോയിൽ ചിലർ ഡ്രൈവർമാർ ചോദ്യം ചെയ്യുന്നത് കേൾക്കാം. പത്തനാപുരത്ത് ഇരിക്കുന്നിടത്തോളം ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കുന്നതിനേക്കാൾ ഡ്രൈവർമാരുടെ കഴുത്തങ്ങ് അറുത്തുകൊല്ലുന്നതാണെന്നും അവർ പറയുന്നു.
അടുത്തിടെ നാല് തവണയാണ് സുമേഷിന് വെഹിക്കിളുമാർ പെറ്റിയടിച്ച ബുദ്ധിമുട്ടിച്ചത്.
എത്ര കുടുംബത്തിന്റെ പ്രാക്കാണ് കിട്ടുന്നത് എന്ന് ചോദിച്ചപ്പോൾ ഞാൻ അനുഭവിച്ചോളാം എന്നാണ് വെഹിക്കിൾ വിനോദിന്റെ മറുപടി. എന്തായാലും ജാതിപ്പേര് വിളിച്ചുവെന്ന് പത്തനാപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
ചില വാഹനങ്ങൾ മാത്രമാണ് വെഹിക്കിൾ പിടികൂടുന്നതെന്നും സമ്പന്നരായ ടിപ്പർ ഉടമകൾക്ക് നേരേ കണ്ണടയ്ക്കുകയാണെന്നും പരാതി ഉയരുന്നുണ്ട്. തന്റെ വീട് പോലും ജപ്്തി ഭീഷണിയിലാണെന്നും വണ്ടിയുമായി നിരത്തിൽ ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്നും സുമേഷിനെ പോലുള്ളവർ പറയുന്നു.
ഗണേശ് കുമാറിന്റെ സൂപ്പർ ഇടപെടൽ
ഒടുവിൽ സുമേഷ് അടക്കമുള്ള ടിപ്പർ ഡ്രൈവർമാർ പത്തനാപുരം എംഎൽഎ ഗണേശ്കുമാറിനെ സമീപിച്ചു. ഗതാഗത മന്ത്രിക്ക് പരാതി എഴുതി നൽകാനും, താൻ തിങ്കളാഴ്ച തന്നെ മന്ത്രിയെ നേരിൽ കണ്ട് പ്രശ്നത്തിൽ ഇടപെടുവില്ലാമെന്നും എംഎൽഎ പറഞ്ഞു. അയൊളൊരു( ജോയിന്റ് ആർടിഒ) ഒരു സംഘടനയുടെ നേതാവാണെന്നും അതിന്റെ അഹങ്കാരമാണെന്നും ഗണേശ് കുമാർ പറയുന്നുണ്ട്. ജാതി പറഞ്ഞ് അധിക്ഷേപിച്ചു എന്ന പരാതിയിൽ ഉറച്ചുനിൽക്കാനും. മേലുദ്യോഗസ്ഥർ പറഞ്ഞാൽ, കേൾക്കാത്ത ആളാണ് ഉദ്യോഗസ്ഥനെന്നും പറയുന്നു.
പിന്നീട് ഉദ്യോഗസ്ഥരെ വിളിച്ച് പത്തനാപുരത്ത് നിന്ന് ടിപ്പർ പിടിച്ച് കൊട്ടാരക്കര ഇട്ടേക്കുന്നതെന്ന് ഗണേശ് കുമാർ ചോദിക്കുന്നു. പാറ കൊണ്ടുപോകുന്ന ടിപ്പർ ഓവർലോഡ് പിടിക്കാൻ നിന്നാൽ അതിനേ നേരം കാണുകയുള്ളുവെന്നും ഓർമിപ്പിക്കുന്നു. വണ്ടി എടുത്ത് അതിന്റെ ടയറൊക്കെ പൊട്ടിച്ചതിന്റെ ഫോട്ടോ ഉണ്ടല്ലോ..മന്ത്രിക്ക് പരാതി എഴുതി തരാൻ പറഞ്ഞിരിക്കുകയാണ്.
എന്തിനാണ് കൊട്ടാരക്കര കൊണ്ടിട്ടത്. ഇവിടുന്ന് പിടിച്ച വണ്ടി ഇവിടെ ഇട്ടാൽ പോരേ. എംവിഐ വണ്ടി എടുത്ത് ഓടിക്കുന്നതൊക്കെ ശരിയാണോ? വകുപ്പുണ്ടോ..അങ്ങനെ വ്യവസ്ഥയുണ്ടോ? ഞാൻ മന്ത്രിയായിരുന്ന ആളാണ്.....അന്നില്ലായിരുന്നു....ഇന്നുണ്ടോ...ഏതായാലും വണ്ടി വിട്ടുകൊടുക്കാൻ പറയൂ...എന്തിനാണ് വണ്ടി പിടിച്ചിട്ടിരിക്കുന്നത്. അയാൾക്ക് ആദ്യം 25,000 ഫൈനടിച്ചു. പിന്നെ 35,000 അടിച്ചു. എല്ലാ ദിവസവും അങ്ങളെ ആളുകളെ ഉപദ്രവിക്കണോ...ഒന്നാമതേ...പട്ടിണിയും പരിവട്ടവുമായിട്ട് മനുഷ്യൻ നരകിക്കുകയല്ലേ..നമ്മൾ അങ്ങനെ ഉപദ്രവിച്ചാൽ കൊള്ളാമോ? ഇതൊക്കെ നിയമസഭയിൽ ഉന്നയിച്ചാൽ മുഖ്യമന്ത്രി ശകാരിക്കത്തില്ലേ...മോശമല്ലേ ഇതൊക്കെ? അങ്ങനെയൊക്കെ ചെയ്യാമോ...കൊറോണ കാലത്ത് എങ്ങനെയെങ്കിലും ജീവിച്ചുപോകട്ടെ.. എംവിക്ക് ഇത്തിരി എടുത്തുചാട്ടമൊക്കെയൊണ്ടു....പാവങ്ങളോടല്ല പരാക്രമം വേണ്ടത്, എന്നും ഗണേശ് കുമാർ ചോദിച്ചുനിർത്തുന്നു.
മറുനാടന് മലയാളി ബ്യൂറോ