- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂന്തുറ മുതൽ വേളി വരെ മണൽ നിക്ഷേപിക്കണമെന്ന് മന്ത്രി ആന്റണി രാജു; ഇത് സംബന്ധിച്ച് പദ്ധതി രൂപരേഖ തയ്യാറാക്കി നടപ്പാക്കണമെന്ന നിർദ്ദേശത്തോടെ ഫിഷറീസ് വകുപ്പ് മന്ത്രിക്ക് കത്തു നൽകി
തിരുവനന്തപുരം: വിഴിഞ്ഞം ഹാർബർ നിർമ്മാണത്തിന്റെ ഭാഗമായി ഖനനം ചെയ്യുന്ന മണൽ പൂന്തുറ മുതൽ വേളി വരെയുള്ള തീരദേശത്ത് നിക്ഷേപിക്കണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പദ്ധതി രൂപരേഖ തയ്യാറാക്കി നടപ്പാക്കണമെന്ന നിർദ്ദേശത്തോടെ ഫിഷറീസ് വകുപ്പ് മന്ത്രിക്ക് ആന്റണി രാജു കത്ത് നൽകി
തീരദേശത്തിന്റെ പാരിസ്ഥിതിക സന്തുലനം നിലനിർത്താൻ ഡോ.എം.എസ്. സ്വാമിനാഥൻ റിപ്പോർട്ട് നടപ്പാക്കണമെന്നും തീരശോഷണത്തിന് പരിഹാരം, പദ്ധതി ബാധിത പ്രദേശത്ത് മണൽ നിക്ഷപം മാത്രമാണെന്നും ആന്റണി രാജു പറഞ്ഞു. വിഴിഞ്ഞം ഹാർബർ നിർമ്മാണ കമ്പനി , തീരശോഷണം നേരിടുന്ന മേഖലയിൽ മണൽ നിക്ഷേപത്തിന് തയ്യാറാകുന്നില്ലെന്നും, ഇക്കാര്യത്തിൽ അടിയന്തിര നിർദ്ദേശം നൽകണമെന്നും ഫിഷറീസ് മന്ത്രിക്കുള്ള കത്തിൽ ആവശ്യപ്പെട്ടു.
വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണം ആരംഭിച്ചതിനുശേഷം മാത്രമാണ് മണൽത്തിട്ട രൂപപ്പെട്ടത് . ഇതിനുകാരണം കടൽ തീരത്ത് വടക്കുനിന്ന് തെക്കോട്ടുള്ള മണലൊഴുക്ക് ആണ്. മുൻകാലത്ത് ഈ മണലൊഴുക്ക് അടിമലത്തുറ പുല്ലുവിള തീരങ്ങളിൽ അടിയുകയാണ് ഉണ്ടായിരുന്നത് . എന്നാൽ തുറമുഖ നിർമ്മാണത്തിനായി പുലിമുട്ട് നിർമ്മിച്ചത്തോടെ ഈ മണൽ ഫിഷിങ് ഹാർബറിലേയ്ക്ക് പ്രവേശിക്കാൻ തുടങ്ങിയതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം.
തുറമുഖ നിർമ്മാണ കമ്പനി ഇപ്പോൾ ഈ മണൽ സൗജന്യമായി നീക്കം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രക്രിയ വിഴിഞ്ഞത്തിന്റെ വടക്കോട്ടുള്ള തീരങ്ങളിൽ തീരശോഷണം സംഭവിക്കാൻ ഇടയാക്കും. മണൽ അടിയുന്ന സ്ഥലങ്ങളിൽ നിന്നും അതെടുത്ത് തീരശോഷണം സംഭവിക്കുന്ന മേഖലയിൽ നിരന്തരമായി നിക്ഷേപിച്ചു കൊണ്ടിരിക്കണം എന്ന ഡോ.എം.എസ് സ്വാമിനാഥന്റെ വിദഗ്ധസമിതി റിപ്പോർട്ട് ഉടനെ നടപ്പാക്കുകയാണ് വേണ്ടത്.
മുതലപ്പൊഴി ഹാർബറിനു വടക്ക് അഞ്ചുതെങ്ങ് ഭാഗത്തെ തീരശോഷണത്തിനു പരിഹാരമായും ഈ മാർഗ്ഗമാണ് നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ വിഴിഞ്ഞം ഹാർബർ നിർമ്മിക്കുന്ന കമ്പനി ഇങ്ങനെ കുഴിച്ചെടുക്കുന്ന മണൽ തീരശോഷണം നേരിടുന്ന മേഖലയിൽ നിക്ഷേപിക്കാൻ തയ്യാറാകുന്നില്ല.
ഈ വസ്തുതകൾ പരിഗണിച്ച് തീരപ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലനം ഉറപ്പാക്കി , പൂന്തുറ മുതൽ വേളി വരെ മണൽ നിക്ഷേപിക്കാൻ സർക്കാർ തലത്തിൽ പദ്ധതി തയ്യാറാക്കനാമെന്നും ഫിഷറീസ് മന്ത്രിക്ക് നൽകിയ കത്തിൽ മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ