തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടു കൊണ്ട് കെഎസ്ആർടിസി യൂണിയനുകൾ ഇന്ന് മുതൽ പണി മുടക്കുകയാണ്. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസി തൊഴിലാളി യൂണിയനുകൾ ഇന്ന് അർധരാത്രി മുതൽ പണിമുടക്കും. ശമ്പള പരിഷ്‌കരണം സംബന്ധിച്ച് ഗതാഗത മന്ത്രിയുമായി ഇന്നലെ നടത്തിയ ചർച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.

വിഷയം മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ചർച്ച ചെയ്യാൻ കൂടുതൽ സാവകാശം തേടിയതോടെയാണ് യൂണിയനുകൾ പണിമുടക്കുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ബിഎംഎസ്, കെഎസ്ആർടിഇഎ യൂണിയനുകൾ 24 മണിക്കൂറും, ടിഡിഎഫ് 48 മണിക്കൂറുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സ്‌കൂളുകൾ തുറന്നതും ശബരിമല സീസണും കണക്കിലെടുത്ത് സമരത്തിലേക്ക് പോകരുതെന്ന് സർക്കാർ അഭ്യർത്ഥിച്ചിരുന്നു. അതേസമയം ജീവനക്കാരുടെ പണിമുടക്കിനെതിരെ ഗതാഗത മന്ത്രി ആന്റണി രാജു രംഗത്തുവന്നു. സമരത്തിൽ നിന്ന് യൂണിയനുകൾ പിന്മാറണമെന്നും കടുംപിടുത്തം ഒഴിവാക്കണമെന്നും ആന്റണി രാജു ആവശ്യപ്പെട്ടു. ഡിസംബറിൽ പുതുക്കിയ ശമ്പളം നൽകാൻ ഈ മാസം 20ന് മുമ്പ് തീരുമാനം എടുത്താൽ മതിയെന്നാണ് മന്ത്രി പറയുന്നത്.

ശമ്പള പരിഷ്‌കരണം 30 കോടി രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആർടിസിക്ക് ഉണ്ടാക്കുന്നത്. തൊഴിലാളികളുടെ ആവശ്യങ്ങൾ തള്ളുന്നില്ല, പക്ഷേ സാവകാശം വേണം. സമരത്തിന്റെ ഉദ്ദേശ ശുദ്ധി സംശയിക്കുന്നതായും ആന്റണി രാജു പറഞ്ഞു. യൂണിയനുകൾ ആത്മപരിശോധന നടത്തണമെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നുമാണ് മന്ത്രിയുടെ ഉപദേശം.

ബിഎംഎസും, കെഎസ്ആർടിഇഎയും 24 മണിക്കൂറും, ടി.ഡി.എഫ് 48 മണിക്കൂറുമാണ് പണിമുടക്കുന്നത്. സ്‌കൂൾ തുറന്നതും ശബരിമല സീസണും കണക്കിലെടുത്ത് സമരത്തിലേക്ക് പോകരുതെന്നാണ് സർക്കാർ പണിമുടക്കിൽ പങ്കെടുക്കുന്ന ജീവനക്കാരോട് അഭ്യാർഥിച്ചത്.