ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് പഠിക്കാൻ കോൺഗ്രസ് നിയോഗിച്ച എ കെ ആന്റണി സമിതി സോണിയാഗാന്ധിക്ക് റിപ്പോർട്ട് കൈമാറി. തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് രാഹുൽ ഗാന്ധിയല്ല ഉത്തരവാദിയെന്ന് റിപ്പോർട്ടിൽ എ കെ ആന്റണി പറയുന്നു. പാർട്ടി ഘടകങ്ങളുടെ ബലക്ഷയവും മാദ്ധ്യമങ്ങൾ ബിജെപിക്ക് അനുകൂലമായതും തോൽവിക്ക് കാരണമായി.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും കനത്ത പരാജയം ഏറ്റുവാങ്ങിയതിനെ തുടർന്നാണ് തോൽവിയെക്കുറിച്ച് പഠിക്കാൻ ആന്റണിയുടെ നേതൃത്വത്തിൽ നാലംഗ സമിതിയെ കോൺഗ്രസ് നിയോഗിച്ചത്. തോൽവിയിൽ നേതൃത്വത്തെ കുറ്റപ്പെടുത്താതെയാണ് ആന്റണി സമിതി റിപ്പോർട്ട് സോണിയ ഗാന്ധിക്ക് കൈമാറിയത്. നേരത്തേ, രാഹുൽഗാന്ധിക്കെതിരെ ആന്റണി സമിതി റിപ്പോർട്ടിൽ പരാമർശമുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.

കോൺഗ്രസ് തോൽക്കാൻ കാരണം മാദ്ധ്യമങ്ങളാണ്. തെരഞ്ഞെടുപ്പിൽ
മാദ്ധ്യമങ്ങളെ ബിജെപി അവർക്കനുകൂലമായി ഉപയോഗിച്ചു. മോദിയുടെ നേതൃത്വത്തിൽ ബിജെപി ശക്തമായ പ്രചാരണം നടത്തിയപ്പോൾ കോൺഗ്രസിന് പാളിച്ച പറ്റി. പാർട്ടി ഘടകങ്ങൾക്ക് ബലക്ഷയം സംഭവിച്ചതും തോൽവിക്ക് കാരണമായി. രാഹുൽഗാന്ധിയല്ല പാർട്ടിയുടെ തോൽവിക്ക് ഉത്തരവാദി. സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും രാജ്യത്തുടനീളം റാലികൾ സംഘടിപ്പിച്ചെന്നും റിപ്പോർട്ടിലെ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നും ആന്റണി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലേയും പിസിസി അദ്ധ്യക്ഷന്മാർ, സിഎൽപി നേതാക്കൾ, വിവിധ പാർട്ടി ഘടകങ്ങൾ എന്നിവരുമായി ചർച്ച ചെയ്താണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയത്. ആന്റണിക്ക് പുറമെ മുകുൾ വാസ്‌നിക്, ആർ സി ഖുന്ദ്യ, അവിനാശ് പാണ്ഡെ എന്നിവരാണ് സമിതിയിലുണ്ടായിരുന്നത്.