കൊച്ചി: റിലീസിനൊരുങ്ങുന്ന സ്വാതന്ത്ര്യം അർധരാത്രിയിൽ' എന്ന ചിത്രത്തിന് ശേഷം ആന്റണി വർഗീസ് തന്റെ മൂന്നാമത്തെ ചിത്രം കരാർ ചെയ്തു. ഫിലിപ്‌സ് ആൻഡ് മങ്കിപെൻ, ജോ ആൻഡ് ദ ബോയ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത റോജിൻ തോമസിന്റെ പുതിയ ചിത്രത്തിലാണ് ആന്റണി നായകനാകുക.

റോജിൻ തോംസണിന്റെ മുമ്പത്തെ ചിത്രങ്ങൾ നിർമ്മിച്ച ഫ്രൈഡെ ഫിലിം ഹൗസ് തന്നെയാണ് മൂന്നാമത്തെ ചിത്രവും നിർമ്മിക്കുന്നത്. ഹോം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലെ താര നിർണയം പൂർത്തിയായിട്ടില്ല.

ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത 'സ്വാതന്ത്ര്യം അർധരാത്രിയിൽ' തീയറ്ററിലെത്താൻ പോവുകയാണ്. ദിലീപ് കുര്യൻ രചന നിർവഹിക്കുന്ന ചിത്രത്തിൽ പുതുമുഖം അശ്വതി മനോഹരനാണ് നായികയാകുന്നത്.

അങ്കമാലി ഡയറീസിലെ പെപ്പെ ആയി തന്റെ അഭിനയ അരങ്ങേറ്റത്തിൽ തന്നെ ശ്രദ്ധ നേടിയ ആന്റണി വർഗീസ് ഒരൽപ്പം ഇടവേളയെടുത്താണ് തന്റെ രണ്ടാമത്തെ ചിത്രം 'സ്വാതന്ത്ര്യം അർധരാത്രിയിൽ' അദ്ദേഹം ചെയ്തത്.

ത്രില്ലർ സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഹൈ വോൾട്ടേജ് ആക്ഷൻ രംഗങ്ങളുണ്ടാകുമെന്ന് സംവിധായകൻ പറയുന്നു.ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജേക്കബ്ബ് എന്ന യുവാവായാണ് ആന്റണി എത്തുന്നത്. ചില അപ്രതീക്ഷിത സംഭവഭങ്ങളുടെ ഫലമായി ഒറ്റ രാത്രി കൊണ്ട് ഇയാളുടെ ജിവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

കോട്ടയത്തും മംഗലാപുരത്തുമായി ചിത്രീകരിക്കുന്ന ഈ സിനിമയിൽ ചെമ്പൻ വിനോദും പ്രധാന വേഷമാണ് കൈകാര്യം ചെയ്യുന്നത്. ലിജോ ജോസ് പല്ലിശേരി അതിഥിയായെത്തും. ബി ഉണ്ണികൃഷ്ണൻ, ബി സി ജോഷി, ലിജോ ജോസ് പെല്ലിശേരി, ചെമ്പൻ വിനോദ് ജോസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.