കോതമംഗലം: കോതമംഗലത്തെ എസ്.എച്ച് കോൺവെന്റിലെ സന്യസ്ത വിദ്യാർത്ഥിനി അനു അലക്‌സ്(21) ജീവനൊടുക്കിയതിന്റെ കാരണം ദുരൂഹം. എസ്.എച്ച് കോൺവെന്റ് നൊവീഷ്യേറ്റ് അംഗമായിരുന്നു അനു. തൊടുപുഴ വെള്ളിയാമറ്റം ഇടയാൽ അലക്‌സ് - ലീല ദമ്പതികളുടെ മകളാണ് അനു. യുവതി മഠത്തിൽ ചേരാൻ തീരുമാനിച്ചതെല്ലാം സ്വന്തം തീരുമാന പ്രകാരമായിരുന്നു. പൂർണ മനസ്സോടെയാണ് സന്യാസ്ത ജീവിതം തിരഞ്ഞെടുത്തത് എന്നാണ് കുടുംബാംഗങ്ങളും പറയുന്നത്.

പൊതുവേ സൗമ്യമായി എല്ലാവരോടും പെരുമാറുന്ന സ്വഭാവമായിരുന്നു അനുവിന്റേത് എന്നാണ് കുടുംബാംഗങ്ങളും പറയുന്നത്. മഠത്തിൽ ഏതെങ്കിലും വിധത്തിൽ ബുദ്ധിമുട്ടുകൾ ഉള്ളതായി അവൾ വീട്ടുകാരോടും പറഞ്ഞിരുന്നില്ല. യാതൊരു ബുദ്ധിമുട്ടുകളോ വിഷമങ്ങളോ തങ്ങളെ അറിയിച്ചിരുന്നിന്നും കുടുംബാംഗങ്ങൾ പൊലീസിനോടും വ്യക്തമാക്കിയിട്ടുണ്ട്.

സാധാരണ കർഷക കുടുംബത്തിലെ അംഗമായിരുന്നു യുവതി. കൃഷിയും പശു വളർത്തലുമൊക്കെയാണ് കുടുംബത്തിന്റെ വരുമാനം. സഹോദരൻ ലിജോ വെൽഡിങ് ജോലിക്കാരനാണ്. മകളുടെ മരണവാർത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് മാതാപിതാക്കളും നാട്ടുകാരും. വെള്ളിയാഴ്‌ച്ച രാത്രി പതിനൊന്നരയോടെയാണ് മഠത്തിലെ മുറിയിൽ തൂങ്ങിയ നിലയിൽ അനു അലക്‌സിനെ കാണപ്പെട്ടത്.

മറ്റുള്ളവർക്കൊപ്പം രാത്രി ഭക്ഷണം കഴിഞ്ഞ് മടങ്ങിയ അനു തുടർന്നുള്ള പ്രാർത്ഥനയിൽ പങ്കെടുക്കാൻ എത്തിയിരുന്നില്ല. എന്തുകൊണ്ടാണ് എത്താത്തതെന്ന് പരിശോധിക്കാൻ മഠത്തിലെ സുപ്പീരിയേഴ്‌സ് പറഞ്ഞതോടെ മറ്റുള്ളവർ അനു കിടക്കുന്ന മുറിയിൽ എത്തിയപ്പോഴാണ് സാരിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കെട്ടഴിഞ്ഞു ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കോതമംഗലം പൊലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് ക്ഷമാപണമെന്ന വിധത്തിലാണ് കത്തെഴുതിയിരിക്കുന്നത്. മാനസിക സമ്മർദ്ദം കൊണ്ടുള്ള ആത്മഹത്യയെന്നാണ് വിലയിരുത്തുന്നത്. ഇത് സംബന്ധിച്ച് വ്യക്തത അന്വേഷണത്തിൽ വരേണ്ടതാണ്.

മഠത്തിൽ അനുവിനെ സമ്മർദ്ദത്തിലാക്കുന്ന വിധത്തിൽ എന്തെങ്കിലും ഉണ്ടായോ എന്ന കാര്യത്തിലും വ്യക്തത കൈവരാനുണ്ട്. രാമപുരം സെന്റ് അഗസ്റ്റിൻ പള്ളിയിൽ ഇന്ന് സംസ്‌കാരം നടക്കും.