തിരുവനന്തപുരം: സെലിബ്രിറ്റികളുടെ ചിത്രങ്ങളം വീഡിയോകളും മോർഫ് ചെയ്ത് തെറ്റിദ്ധാരണകൾക്കും, കുപ്രചാരണങ്ങൾക്കും വഴിമരുന്നിടുന്നത് ചില വിരുതന്മാരുടെ പതിവാണ്. അവരുടെ വികൃതികൾ മറ്റുള്ളവരെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്ന് അവർ ആലോചിക്കാറേയില്ല.സമൂഹ മാധ്യമങ്ങളിൽ ഇത്തരം വീഡിയോകൾ വൈറലാകുന്നതോടെ ശക്തമായ എതിർപ്പുമായി രംഗത്ത് വരികയും പരാതി നൽകുകയും മാത്രമാണ് പോംവഴി. ഏറ്റവുമൊടുവിൽ ഇത്തരത്തിലൊരു കൃത്രിമത്തിന് ഇരയായത് നടി അനുജോസഫാണ്.

വാട്‌സാപിലാണ് അനുവുമായി രൂപസാദൃശ്യമുള്ള സ്ത്രീയുടെ ചിത്രം പ്രചരിക്കുന്നത്.ഒരു സ്ത്രീ വസ്ത്രം മാറുന്ന വീഡിയോയാണ് അനുവിന്റേതായി മാറ്റി കാണിക്കുന്നത്.സുഹൃത്തുക്കൾ വഴി വിവരമറിഞ്ഞ അനു വിശദീകരണവുമായി ഫേസ്‌ബുക്കിൽ വന്നു.

'കഷ്ടം എന്നല്ലാതെ ഞാൻ പിന്നെ ഇതിനെ എന്താ പറയുക. കുറച്ചുനാളുകൾക്കു മുൻപ് ഞാൻ അപകടത്തിൽ മരണപ്പെട്ടുവെന്നാണ് പ്രചരിച്ചിരുന്നത്. ഇപ്പോൾ എന്റേതല്ലാത്ത വിഡിയോ ഞാനാണെന്നുള്ള പേരും എന്റെ വിവരങ്ങളും ഫോട്ടോയും വച്ചാണ് പുറത്തിറക്കിയിരിക്കുന്നത്.' അനു പറയുന്നു.

വീഡിയോയുടെ നിജസ്ഥിതി എന്താണെന്ന് പോലും അറിയാതെ ഇതു പ്രചരിപ്പിക്കുന്നവർ തന്നെ അത്ഭുതപ്പെടുത്തിയെന്ന് പറയുന്ന അനു ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല രസമാണല്ലോ? എന്നും ചോദിക്കുന്നു. ഇതിനെതിരെ സൈബർ സെല്ലിന് പുറമെ എസ്‌പിക്കും പരാതി കൊടുത്തിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.ഇങ്ങനെയുള്ള വീഡിയോ പുറത്തിറക്കുന്നതും അത് ഷെയർ ചെയ്യുന്നതും വലിയ കുറ്റകരമാണെന്നുള്ള കാര്യം ആവർക്കും അറിവുള്ളതാണല്ലോയെന്നും അവർ ചോദിക്കുന്നു