കൊച്ചി: മലയാളത്തിൽ ഇന്നത്തെ നായികമാരിൽ മലയാളിത്തം ഉള്ള നായിക എന്നാണ് അനു സിത്താരയെക്കുറിച്ച് പറയുന്നത്. മികച്ച വേഷങ്ങളിലൂടെ സിനിമ പ്രേമികളുടെ ഇഷ്ടതാരമായ അനുസിത്താര സിനിമയിൽ എത്തുന്നതിന് മുമ്പേ വിവാഹിതയായിരുന്നു. വിവാഹത്തിന് ശേഷമാണ് ശരിക്കും പ്രണയിക്കാൻ സാധിക്കുന്നതെന്ന് താരം പറയുന്നു.

കൽപ്പറ്റ എസ് കെ എം ജെ സ്‌കൂളിൽ പഠിക്കുമ്‌ബോഴാണ് ആദ്യ പ്രണയലേഖനം കിട്ടിയത്. ഒന്നാം ക്ലാസിലാണോ മൂന്നിലാണോ എന്ന് ഓർമ്മയില്ല.. ഒരു നോട്ട് ബുക്കിലെഴുതിയ പ്രണയലേഖനം തന്നത് സഹപാഠിയായിരുന്നു. പേടി കാരണം അത് അപ്പോൾ തന്നെ ടീച്ചർക്ക് കൊടുത്തു. പിന്നെ നല്ല കുട്ടിയായതു കൊണ്ട് നേരെ വീട്ടിൽ വന്ന് മമ്മിയോടും പറഞ്ഞു. ഓ.. അത് സാരമില്ലെന്നായിരുന്നു മമ്മിയുടെ പ്രതികരണം

ഒരുപാട് ആൾക്കാരെ പുറകെ നടത്തിയെങ്കിലും പ്രണയം തോന്നിയത് വിഷ്ണു ഏട്ടനോട് മാത്രമാണ്. കല്ല്യാണം കഴിഞ്ഞതു കൊണ്ട് പറയുന്നതല്ലട്ടോ.. വിഷ്ണുവേട്ടനെ കാണുമ്‌ബോൾ ഒരു പ്രണയത്തിന് വേണ്ട എല്ലാ തോന്നലുകളും വണ്ടിയും പിടിച്ചുവരുന്നില്ലേ എന്നൊരു സംശയമുണ്ടായിരുന്നു.. ആ സംശയവും മനസ്സിൽ വെച്ച് മൂന്ന് വർഷം ഞാൻ വിഷ്ണുവേട്ടനെ പുറകെ നടത്തി. പിന്നെ കക്ഷി ഈ നടപ്പങ്ങ് നിർത്തിയാലോ എന്ന് പേടിച്ച് പിടികൊടുത്തു. ഇപ്പോ രണ്ട് വർഷമായി കല്ല്യാണം കഴിഞ്ഞിട്ട്. എങ്കിലും അന്ന് നടന്ന കണക്ക് വിഷ്ണുവേട്ടൻ ഇപ്പോഴും പറയാറുണ്ട്.

ഇരുപതാം വയസ്സിൽ വിവാഹം കഴിഞ്ഞത് നേരത്തെ ആയിപ്പോയി എന്നൊന്നും തോന്നുന്നില്ല. കാരണം വിവാഹം കഴിഞ്ഞുള്ള പ്രണയമാണ് കൂടുതൽ സുഖം. ആരേയും പേടിക്കേണ്ടല്ലോ. ഇഷ്ടം പോലെ സംസാരിക്കാം. എപ്പോഴും കൂടെയുണ്ടാകും. പ്രേമിച്ചിരുന്ന സമയത്ത് മമ്മിയുടെ കൂടെ പുറത്തിറങ്ങുമ്‌ബോൾ കണ്ണുകൾ പരതാൻ തുടങ്ങും. ആൾ എവിടെയെങ്കിലുമുണ്ടോ എന്ന് നോക്കി. ആഗ്രഹിച്ചിരിക്കുന്ന സമയത്ത് ബൈക്കിലോ സ്‌കൂട്ടറിലോ വിഷ്ണുവേട്ടൻ മുന്നിലൂടങ്ങ് പോകും. കക്ഷി നമ്മളെ കണ്ടിട്ടുണ്ടാകില്ല. എന്നാലും കാണുമ്‌ബോൾ ഉണ്ടാകുന്ന ഒരു സന്തോഷമുണ്ട്.പിന്നെ എല്ലാവരുടേയും കണ്ണുവെട്ടിച്ച് കൈമാറുന്ന കത്തുകൾ. ഇതൊക്കെ എക്കാലവും പ്രണയം തുളുമ്ബുന്ന എന്റെ പ്രണയ രഹസ്യങ്ങളാണെന്ന് അനു സിത്താര പറയുന്നു.