പത്തനംതിട്ട: ശബരിമല വിഷയത്തിൽ പ്രതികരണവുമായി നടി അനുശ്രീ. പത്തനംതിട്ടക്കാരി ശബരിമല വിഷയത്തെ എങ്ങനെ കാണുന്നതെന്ന വനിതയുടെ ചോദ്യത്തോടാണ് അനുശ്രീയുടെ പ്രതികരണം. സുപ്രീം കോടതിയുടെ വിധിയെ അംഗീകരിക്കുന്നു. ആ വിധിയെ ബഹുമാനിക്കുന്നു. ശരീരഘടനയും ശരീര ശാസ്ത്രവും അനുസരിച്ച് ഞങ്ങളെ അമ്പലത്തിൽ കയറ്റുന്നില്ല. മാറ്റി നിർത്തുന്നു എന്നു പരാതി ലഭിച്ചാൽ കോടതി ഇങ്ങനെയേ വിധി പുറപ്പെടുവിക്കാൻ സാധ്യയുള്ളുവെന്ന് അനുശ്രീ പറയുന്നു. ശ്രീകൃഷ്ണ ജയന്തരി ഘോഷായത്രയിൽ പങ്കെടുത്ത് ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയ നടിയാണ് അനുശ്രീ. ഇതോടെ സംഘിടെന്ന വിളിപ്പേരുമെത്തി. പിന്നീട് സഖാവ് എന്ന കവിത ഷെയർ ചെയ്തതോടെ അനുശ്രീ സോഷ്യൽ മീഡിയയിൽ സഖാവുമായി. അത്തരത്തിലൊരു നടിയാണ് അഭിപ്രായം തുറന്നു പറയുന്നത്.

ഇത് സ്ത്രീ സമത്വത്തിന്റെയോ സ്ത്രീകളെ മാറ്റി നിർത്തലിന്റെയോ കാര്യമല്ല. മറ്റെല്ലാ അമ്പലങ്ങളിലും പോയി കഴിഞ്ഞ ശേഷം ഇനി ശബരിമലയിൽ മാത്രമേ പോകാൻ ബാക്കിയുള്ളു എന്ന ചിലരുടെ ആഗ്രഹവുമല്ല ഇതിനു പിന്നിൽ. എന്ത് അരുതെന്ന് പറയുന്നുവോ, അത് ചെയ്തു കാണിക്കാനുള്ള പ്രവണതയായേ ഇത്തരക്കാരുടെ വാദത്തെ കാണാനാകു. ശബരിമലയുടെ ഐതിഹ്യവും ആചാരാനുഷ്ഠാനങ്ങളും കണ്ടു വളർന്ന ആളെന്ന നിലയ്ക്ക് ആ സ്ത്രീകൾക്കൊപ്പം നിൽക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്. അഞ്ചോ ആറോ പ്രാവശ്യം കുട്ടിക്കാലത്ത് പോയി തൊഴുതിട്ടുണ്ട്. എന്റെ മാതാപിതാക്കൾ പഠിപ്പിച്ചത് ഇനി നിനക്ക് വർഷങ്ങൾ കഴിഞ്ഞേ പോകാനാവു എന്നാണ്. ഞാനത് അനുസരിക്കുന്നു. എത്രയോ തലമുള പിന്തുടരുന്ന ആചാരം ഞാനും പിന്തുടരുന്നു. വിശ്വാസത്തിന്റെ കണിക മനസിലുള്ള ഒരു സ്ത്രീയും ഈ വിധിയനുസരിച്ച് ശബരിമലയിലേയ്ക്ക്ക പോകില്ല.-അനുശ്രീ പറയുന്നു.

എല്ലായിടത്തും സമത്വം വേണം എന്നു നിർബന്ധം പിടിക്കാനാകുമോ? സദ്ഗുരു ഒരു വിഡിയോയിൽ പറയുന്നത് പോലെ അങ്ങനെയാണെങ്കിൽ ആണിനും പെണ്ണിനും എന്തിനാണ് രണ്ട് ടോയ്ലറ്റുകൾ? സമത്വം വേണം എന്നു പറയുന്നവർ പുരുഷന്മാരുടെ ടോയ്ലറ്റിൽ പോകാറുണ്ടോ? പുരുഷന്മാർ ഷർട്ട് ഊരിയിട്ടാണ് ക്ഷേത്രത്തിനുള്ളിൽ കറയാറുള്ളത്. സ്ത്രീകൾക്ക് അതുപോലെ വേണമെന്ന് കരുതാനാകുമോ? എന്ന് വനിതയോട് അനുശ്രീ ചോദിക്കുന്നു. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടാറുണ്ട്. അഭിപ്രായം തുറന്നു പറയാറുമുണ്ട്. അതെല്ലാവർക്കും ഇഷ്ടപ്പെടണം എന്നു ഇല്ല. സിനിമാതാരമല്ലേ ഇങ്ങനെയൊക്കെ പറഞ്ഞാൽ കുഴപ്പമാകുമോ എന്ന് ആലോചിക്കാറില്ല.അതുകൊണ്ടാകാം അന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ കട്ടൻ കാപ്പി കുടിച്ചതിന് അത്രയും വലിയ തുക വാങ്ങിയപ്പോൾ പ്രതികരിച്ചത്. വെറുമൊരു കട്ടൻ കാപ്പിക്കും പഫ്സിനും 670 രൂപ കൊടുക്കേണ്ടി വന്നു.

ഞാനപ്പോൾ ആലോചിച്ചത് നമ്മുടെ നാട്ടിൽ നിന്ന് ഉള്ളതെല്ലാം വിറ്റു പെറുക്കി ഗൾഫിൽ പോകാൻ എയർപോർട്ടിൽ വരുന്നവരെക്കുറിച്ചാണ്. വിമാന കയറുന്നതിന് മുൻപ് ഏറ്റവും വിലക്കുറവെന്ന് കരുതി ഒരു കട്ടൻ ചായ ഓർഡർ ചെയ്താലോ? അങ്ങനെ ചൂഷണം ചെയ്യേണ്ട കാര്യം ഉണ്ടോ? അതിനൊരു തിരുത്ത് ഉണ്ടാകുമെങ്കിൽ ഉണ്ടാകട്ടെ എന്നു കരുതിയെന്നും അനുശ്രീ പറയുന്നു. ഇങ്ങനെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ആൾക്ക് ഏതെങ്കിലും പാർട്ടിക്കാർ ഒരു സീറ്റു നൽകിയാലോ എന്ന ചോദ്യത്തിന് അനുശ്രീയുടെ മറുപടി ഇങ്ങനെയാണ്.

അയ്യോ വേണ്ടേയ്.... എനിക്ക് പറ്റാത്ത ഒരു പണിയും ഞാൻ ഏറ്റെടുക്കില്ല. ഇപ്പോഴത്തെ മന്ത്രിമാർ ആരൊക്കെയാണെന്നു ചോദിച്ചാൽ പോലും പറയാനറിയില്ല. രാഷ്ട്രീയത്തിൽ ഞാനൊരു ബിഗ് സീറോയാണ്. സിനിമാ ഇമേജ് വച്ച് രാഷ്ട്രീയത്തിൽ ഇറങ്ങേണ്ട കാര്യം ഇല്ല നമ്മളിങ്ങനെ ജീവിച്ചോളാമെന്ന് അനുശ്രീ പറയുന്നു.

ഞാനൊരു രാഷ്ട്രീയപാർട്ടിയിലും ഇല്ല. കഴിഞ്ഞ ശോഭായാത്രയ്ക്ക് ഞാൻ ഭാരതാംബയായി വേഷമിട്ടു ആ ചിത്രം സോഷ്യൽ മീഡിയായിൽ വന്നതോടെ ഒരു സുപ്രഭാതത്തിൽ ഞാൻ സംഘിയായി മാറി. ആ വാക്ക് ഞാൻ കേട്ടു തുടങ്ങുന്നത് ഈ സംഭവത്തോടെയാണ്. ശോഭായാത്രയിൽ പങ്കെടുത്താൽ ഞാനെങ്ങനെ ഒരു രാഷ്ട്രീയ പാർട്ടിയിൽ അംഗമാവും? വീടിനടുത്താണ് അമ്പലം. കുട്ടിക്കാലം തൊട്ടെ അമ്പലത്തിൽ പോകാറുണ്ട്. അവിടെ നടക്കുന്ന എല്ലാ പരിപാടികളിലും പങ്കെടുക്കാറുമുണ്ട്.

കുട്ടിക്കാലം തൊട്ടെ ഞാൻ ശ്രീകൃഷ്ണ ജയന്തിക്ക് വേഷമിടാറുണ്ട്. ആദ്യം കൃഷ്ണനായിരുന്നു, പിന്നെ രാധയായി, പാർവ്വതിയായി... വളരുന്നതിന് അനുസരിച്ച് വോഷത്തിനും വ്യത്യാസം വന്നു. ഇതിപ്പോൾ സിനിമക്കാരിയായതുകൊണ്ട് പെട്ടെന്ന് സംഘിയായി. അല്ലായിരുന്നെങ്കിൽ ആരും ശ്രദ്ധിക്കില്ലായിരുന്നു. അടുത്ത വർഷം ഞാൻ നാട്ടിലുണ്ടെങ്കിൽ തീർച്ചയായും ശോഭായാത്രയിൽ വേഷമിടുക തന്നെ ചെയ്യും . യുഎസിൽ പോയപ്പോൾ അവിടെ വച്ചാണ് സഖാവ് എന്ന കവിത കേൾക്കുന്നത്. ആ കവിത വാർത്തയായാതിനും ഏറെ നാളുകൾക്കു ശേഷം എനിക്കാ വരികൾ ഇഷ്ടപ്പെട്ടു. ഞാനത് പാടി ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. അതോടെ ഞാൻ സഖാവായി. ഒരു കവിത ഇഷ്ടമായി, അതു ചൊല്ലി. അതുകൊണ്ട് എങ്ങനെയാണ് സഖാവാകുന്നത്? എന്റെ വീട്ടുക്കാൻ കോൺഗ്രസ്സുക്കാരാണ്. ആ പാർട്ടിയുടെ സമ്മേളനത്തിലും ഞാൻ പങ്കെടുത്തിട്ടുണ്ട്.

ഇലക്ഷൻ കാലത്ത് ഗണേശിനുവേണ്ടി പ്രചാരണത്തിനിറങ്ങിട്ടുണ്ട്. അദ്ദേഹം വലത്തുപക്ഷത്തിനൊപ്പം നിന്നപ്പോഴും ഞാൻ പോയിരുന്നു. ഏതു പാർട്ടിക്കൊപ്പം നിന്നാലും ഞാൻ വോട്ടു ചെയ്യുന്നത് ഗണേശേട്ടനാണ്. അല്ലാതെ സോഷ്യൽ മീഡിയയിൽ പറയുന്നതുപോലെ ഞാൻ ഒരു പാർട്ടിയുടെയും ആളല്ല. ഇതാണ് എന്റെ രാഷ്ട്രീയം ചിലർക്ക് ജീവിതത്തിൽ പ്രത്യേകിച്ച് മറ്റു കാര്യങ്ങളൊന്നും ചെയ്യാനുണ്ടാവില്ല. ഇഷ്ടം പോലെ സമയം. മറ്റു പ്രതിസന്ധികളൊന്നും ഇല്ല. അവർക്കൊകെ മറ്റുള്ളവർ എവിടെ പോകുന്നു എന്തു ചെയ്യുന്നു എന്നൊക്കെ കണ്ണും കുർപ്പിച്ച് നോക്കിയിരിക്കാൻ ധാരാളം സമയം കിട്ടും . സ്വന്തം ജിവിതം വിജയമാകില്ലെന്ന പിരിമുറുക്കത്തിൽ ഇരിക്കുന്നവർക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തി ആനന്ദിക്കാം. ഇത്തരം കാര്യങ്ങൾക്കായി സമയം ചെലവഴിക്കാം. അവരെ നമ്മുക്ക് തിരുത്താനാകില്ല. മറന്നു കളയാം. അതേ പറ്റു-അനുശ്രീ പറയുന്നു.