കുവൈത്ത് സിറ്റി: അച്ഛന്റെ മരണവിവരം അറിയിച്ചിട്ടും നാട്ടിൽ എത്താൻ കഴിയാതെ കുവൈത്തിൽ വീട്ടുതടങ്കലിലായിരുന്ന കോട്ടയം സ്വദേശിനിയായ യുവതിയുടെ മോചനത്തിന് വഴി തെളിഞ്ഞു. കോട്ടയം ഇല്ലിക്കൽ സ്വദേശിയായ അനു തമ്പിക്കാണ് വീട്ടിലേക്കു വരാനുള്ള വഴി തെളിഞ്ഞത്.

കുവൈത്തിലെ അബുഖലീഫയിൽ തൊഴിലുടമ തടവിൽ വച്ചിരിക്കുന്നതിനാൽ നാട്ടിലേക്ക് വരാൻ സാധിക്കാതിരുന്ന അനുവിന് നോർക്കയുടെ ഇടപെടലാണ് തുണയായത്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം നോർക്ക ഇടപെട്ടതോടെ അനുവിന് നാട്ടിൽ പോകാൻ തൊഴിലുടമ അനുമതി നൽകിയതായാണ് റിപ്പോർട്ട്. ഞായറാഴ്ച അനു നാട്ടിലേക്ക് തിരിക്കും.

വീട് പൊളിക്കുന്നതിനിടെ സ്‌റ്റെയർ കേയ്‌സ് ഇടിഞ്ഞു വീണ് ബുധനാഴ്ചയാണ് അനുവിന്റെ അച്ഛൻ കോട്ടയം ഇല്ലിക്കൽ വാഴവേലിൽ അറുപറ തമ്പി മരിച്ചത്. വിവരം അറിയിച്ചപ്പോഴാണ് തൊഴിലുടമയുടെ തടവിലാണ് അനുവെന്ന വിവരം ബന്ധുക്കൾ അറിഞ്ഞത്.

അഞ്ചുവർഷം മുമ്പാണ് അനു കുവൈത്തിലെത്തിയത്. ഈജിപ്ഷ്യൻ യുവതി നടത്തുന്ന ബ്യൂട്ടിപാർലറിലായിരുന്നു ഇവർക്ക് ജോലി. അനുവിനെ ഇതുവരെ നാട്ടിലേക്ക് പോകാൻ ബ്യൂട്ടിപാർലർ ഉടമ അനുവദിച്ചിരുന്നില്ല. ബ്യൂട്ടിപാർലറിനോട് ചേർന്ന മുറിയിൽ അനുവിനെ പൂട്ടിയിട്ടതായി ബന്ധുക്കൾ പറഞ്ഞു.

പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ഉടമയുടെ കൈവശമാണ്. അനുവിന്റെ എട്ടുവയസ്സുള്ള മകളും നാട്ടിലുണ്ട്. അനുവിന് ഡിസംബറിലെ അവധി നൽകൂ എന്നാണ് അറിയിച്ചിരുന്നത്. നാട്ടിൽ നിന്നുള്ള ശക്തമായുള്ള ഇടപെടലിനെ തുടർന്നാണ് തൊഴിലുടമ നിലപാട് മയപ്പെടുത്തിയത്.

നോർക്ക വെൽഫെയർ ബോർഡ് ഡയറക്ടർ വർഗീസ് പുതുക്കുളങ്ങരയുടെ നേതൃത്വത്തിൽ തൊഴിലുടമയുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് യുവതിക്ക് നാട്ടിലേക്ക് മടങ്ങാൻ അനുമതി ലഭിച്ചത്.