- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാജ്യത്തെ കോവിഡ് പ്രതിരോധത്തിൽ എവിടെയോ അവർക്ക് വീഴ്ചപറ്റി; വെറും പ്രതിഛായ കെട്ടിപ്പടുക്കുന്നതിനെക്കാൾ വലിയ കാര്യങ്ങൾ ജീവിതത്തിലുണ്ട്'; സാഹചര്യങ്ങൾക്കനുസരിച്ച് സർക്കാരിന് പ്രവർത്തിക്കാൻ സാധിക്കണം'; കേന്ദ്രസർക്കാരിനെ വിമർശിച്ച് അനുപം ഖേർ
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന് വീഴ്ച സംഭവിച്ചതായി നടൻ അനുപം ഖേർ. കോവിഡ് പ്രതിസന്ധി ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യേണ്ടിയിരുന്നവെന്നും അനുപം ഖേർ അഭിപ്രായപ്പെട്ടു.
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോദി സർക്കാറിന് അനുകൂലമായി നിലപാട് സ്വീകരിക്കാറുള്ള അനുപം ഖേർ കോവിഡ് വിഷയത്തിൽ വിമർശനം ഉന്നയിച്ചത്.
രാജ്യത്തെ കോവിഡ് പ്രതിരോധത്തിൽ എവിടെയോ അവർക്ക് വീഴ്ച സംഭവിച്ചു. വെറും പ്രതിഛായ കെട്ടിപ്പടുക്കുന്നതിനെക്കാൾ വലിയ കാര്യങ്ങൾ ജീവിതത്തിലുണ്ടെന്ന് അവർ തിരിച്ചറിയേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
'ധാരാളം സംഭവങ്ങൾ കാണുമ്പോൾ സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ശരിയാണെന്നു കരുതുന്നു. സാഹചര്യത്തിനൊത്ത് സർക്കാർ ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ രാജ്യത്തെ ജനങ്ങൾക്കുവേണ്ടിയാണ് അവരെ തിരഞ്ഞെടുത്തിരിക്കുന്നത്. ആ കടമ അവർ നിർവഹിക്കണം. മൃതദേഹങ്ങൾ ഒഴുകി നടക്കുകയാണ്. മനുഷ്യത്വമില്ലാത്തവരെ മാത്രമേ ആ കാഴ്ച ബാധിക്കാതിരിക്കൂ. എന്നാൽ രാഷ്ട്രീയ നേട്ടങ്ങൾക്കായി മറ്റു പാർട്ടികൾ അതു ഉപയോഗിക്കുന്നതും ശരിയല്ല. ജനങ്ങൾ എന്ന നിലയിൽ രോഷം തോന്നണം. ഇതിന് ഉത്തരവാദികൾ സർക്കാരാണ്.' അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടാഴ്ചയ്ക്കു മുൻപ് മോദിയെ കുറ്റപ്പെടുത്തിയുള്ള ഒരു ട്രോൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച്, 'മോദി തിരികെയെത്തും' എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായിയും സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തെ വലിയ രീതിയിൽ പ്രതിരോധിക്കുകയും ചെയ്തിരുന്നയാളാണ് അനുപം ഖേർ. അതുകൊണ്ട് തന്നെ കേന്ദ്രത്തെ വിമർശിച്ച് അദ്ദേഹം രംഗത്തുവന്നത് ചർച്ചയായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ കിരൺ ഖേർ ബിജെപി എംപി കൂടിയാണ്.
കോവിഡ് കൈകാര്യം ചെയ്യുന്നതിൽ മോദിസർക്കാർ പാളിച്ച വരുത്തിയതായി ദേശീയ, രാജ്യാന്തര നേതാക്കളും സംഘടനകളും ആരോപിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ഉറച്ച പിന്തുണക്കാരനായ അനുപം ഖേറിന്റെ വിമർശനം വരുന്നത്.
ന്യൂസ് ഡെസ്ക്