മുൻ പ്രധാനമന്ത്രി മന്മോഹൻ സിങിന്റെ ജീവിത കഥ പറയുന്ന 'ദി ആക്സിഡെന്റൽ പ്രൈം മിനിസ്റ്റർന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു. അനുപം ഖേർ ആണ് മന്മോഹൻ സിങായി എത്തുന്നത്.കാഴ്ചയിൽ പൂർണ്ണമായി മന്മോഹൻ സിങായി താദാന്മ്യം പ്രാപിച്ച അനുപം ഖേറിനെയാണ് കാണാൻ കഴിയുന്നത്.

'ഡോ. മന്മോഹൻ സിങിനെപ്പോലെയൊരു വ്യക്തിയെ അവതരിപ്പിക്കുന്നത് ഒരു നടനെന്ന നിലയിൽ വെല്ലുവിളിയാണെന്ന' അനുപംഖേർ പറയുന്നു. '24 മണിക്കൂറും മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ അതിസൂക്ഷ്മമായ കാര്യങ്ങൾ പോലും ലോകത്തിന് അറിയാം. കഴിഞ്ഞ കുറേ മാസങ്ങളായി ഞാൻ ഈ ക്യാരക്ടറിനെ ഉൾക്കൊള്ളുകയായിരുന്നു. ഞാൻ ആ പരിശ്രമത്തെ സിനിമയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണ്' അനുപംഖേർ വ്യക്തമാക്കി.

വിജയ് ഗുട്ടെ, മായങ്ക് തിവാരി എന്നിവർ തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്യുന്നത് വിജയ് ഗുട്ടെയാണ്.പത്രപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ സഞ്ജയ ബാറു ഇതേ പേരിൽ 2014ൽ എഴുതിയ പുസ്തകമാണ് സിനിമയ്ക്കാധാരം. 2004ൽ മന്മോഹൻ സിങ് പ്രധാനമന്ത്രിയായ ശേഷമുള്ള ഒരു കാലഘട്ടമാണ് പുസ്തകത്തിൽ പറയുന്നത്. ആ കാലയളവിൽ മന്മോഹൻ സിങിന്റെ മാധ്യമ ഉപദേശകനും കൂടിയായിരുന്നു സഞ്ജയ ബാറു.