ന്യൂഡൽഹി: രാജ്യത്ത് അസഹിഷ്ണുത വർധിച്ചെന്നാരോപിച്ച് എഴുത്തുകാരുൾപ്പെടെയുള്ളവർ ദേശീയ അവാർഡുകൾ തിരിച്ചേൽപ്പിക്കുന്നതിനെതിരെ ബിജെപിയുടെ മറുതന്ത്രം. അവാർഡ് തിരിച്ചു കൊടുക്കുന്നതിനെതിരെ എതിർപ്രക്ഷോഭവുമായി ബോളിവുഡ് നടൻ അനുപം ഖേറിന്റെ നേതൃത്വത്തിലുള്ള ചലച്ചിത്ര പ്രവർത്തകരെ ബിജെപിയും അണിനിരത്തി.

അനുപം ഖേർ, സംവിധായകരായ മധുർ ഭണ്ഡാർക്കർ, പ്രിയദർശൻ, ചിത്രകാരൻ വാസുദേവ് കാമത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ രാഷ്ട്രപതിഭവനിലേക്കു പ്രതിഷേധ പ്രകടനവും നടന്നു. അവാർഡ് മടക്കം രാജ്യാന്തരതലത്തിൽ ഇന്ത്യയ്ക്കു മോശം പ്രതിച്ഛായ സൃഷ്ടിക്കുകയാണെന്ന് ഇവർ ചൂണ്ടിക്കാട്ടി. അവാർഡ് തിരിച്ചുനൽകിയുള്ള പ്രതിഷേധത്തിനു പിന്നിൽ രാഷ്ട്രീയ അജൻഡയുണ്ടെന്നും ആരോപിക്കുന്നു. രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ഇതുമായി ബന്ധപ്പെട്ട നിവേദനവും സമർപ്പിച്ചു. കമൽ ഹാസൻ, ശേഖർ കപൂർ, വിദ്യ ബാലൻ, രവീണ ഠണ്ഡൻ, വിവേക് ഒബ്‌റോയി തുടങ്ങിയവരും നിവേദനത്തിൽ ഒപ്പിട്ടിട്ടുണ്ട്.

ബിജെപിയോടെ താൽപ്പര്യം പ്രകടിപ്പിക്കാത്ത വ്യക്തികളും ഇതിലുണ്ട്. കമൽഹാസനും ശേഖർ കപ്പൂറുമാണ് ഉദാഹരണം. അനുപം ഖേറിനെ പോലും അംഗീകരിക്കപ്പെടുന്ന വ്യക്തിത്വത്തെ മുന്നിൽ നിർത്താനുമായി. ബിജെപിയുമായി അടുത്ത് പ്രവർത്തിക്കുന്ന പ്രിയദർശന്റെ നേതൃത്വത്തിലാണ് ഇത് നടന്നത്. ആർഎസ്എസ് അനുകൂല ചാനലായ ജനത്തിന്റെ ചെയർമാനാണ് പ്രിയദർശൻ. ബിജെപിയുമായി കൂടുതൽ അടുക്കാൻ പ്രിയദർശൻ തയ്യാറാകുന്നതിന്റെ സൂചന കൂടിയാണ് ഇത്. അസഹിഷ്ണുതാ വാദമുയർത്തി നരേന്ദ്ര മോദി സർക്കാരിന്റെ പ്രതിച്ഛായയെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഒരുകൂട്ടം എഴുത്തുകാർ നടത്തുന്നതെന്നാണ് അവരുടെ വാദം.

പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിവാദത്തിലും ബിജെപിയെ പരോക്ഷമായി പിന്തുണച്ചാണ് അനുപം ഖേർ നിന്നിരുന്നത്.