ന്യൂഡൽഹി: സാധ്വി പ്രാചിയെയും യോഗി ആദിത്യനാഥിനെയും ജയിലിൽ അടയ്ക്കണമെന്നു ബോളിവുഡ് താരം അനുപം ഖേർ. വിഡ്ഢിത്തം പറയുന്ന കുറച്ചുപേർ പാർട്ടിയിലുണ്ടെന്നും അവരെ പുറത്താക്കണമെന്നും അനുപം ഖേർ പറഞ്ഞു.

ബിജെപിക്കും കേന്ദ്രസർക്കാരിനും തിരിച്ചടിയാകുന്ന തരത്തിൽ ഇരുവരും തുടർച്ചയായി വിവാദ പ്രസ്താവനകൾ നടത്തുന്നുണ്ടായിരുന്നു. രാജ്യവ്യാപകമായിത്തന്നെ ഇവർക്കെതിരെ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് അനുപം ഖേറിന്റെ പ്രതികരണം.

സാധ്വി പ്രാച്ചിയായാലും യോഗി ആദിത്യനാഥായാലും വിഡ്ഢിത്തം പറയുന്ന ഇത്തരക്കാരെ പാർട്ടിയിൽ നിന്നു പുറത്താക്കുകയും ജയിലിലടയ്ക്കുകയും വേണം. ഇന്ത്യയിൽ പ്രശസ്തരും ധനികരും മാത്രമാണ് അസഹിഷ്ണുതയെക്കുറിച്ച് പറയുന്നതെന്നും ഖേർ പറഞ്ഞു. തെരുവിൽ ജീവിക്കുന്ന ഒരാൾ അസഹിഷ്ണുതയെക്കുറിച്ച് പറയില്ല. അവർക്ക് രണ്ടുനേരത്തെ ഭക്ഷണം മാത്രമാണ് ആവശ്യം. ഗ്ലാസിൽ ഷാമ്പയ്‌നുമായി ജീവിക്കുന്നവർ അസഹിഷ്ണുതയെക്കുറിച്ച് സംസാരിക്കുന്നു. ഇക്കൂട്ടർ ഇന്ത്യയിലാണോ അമേരിക്കയിലാണോ ജീവിക്കുന്നതെന്നും അനുപം ഖേർ ചോദിച്ചു. അടിയന്തരാവസ്ഥ കാലത്താണ് ഇന്ത്യയിൽ ഏറ്റവുമധികം അസഹിഷ്ണുത നടന്നതെന്നും ഖേർ പറഞ്ഞു.