- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
''കുഞ്ഞിന്റെ കാര്യം മാത്രം ഒന്ന് പറയുമോ ചേട്ടാ?'';''കുഞ്ഞ് നന്നായിട്ടിരിക്കുന്നു'' എന്ന് മറുപടി നൽകി; ആ അദ്ധ്യാപക ദമ്പതിമാരെക്കുറിച്ചും സ്നേഹത്തോടെത്തന്നെ ചോദിച്ചു; പിന്നെ എന്റെ വാക്കുകൾ മുറിഞ്ഞു; പോറ്റമ്മയുടെ വേദനകൾ ഉള്ളവലയ്ക്കുമ്പോൾ എത്തിയത് പെറ്റമ്മയുടെ ഫോൺ; അമരാവതിയിലെ ആ കഥ അനൂപ് ദാസ് പറയുമ്പോൾ
ചെന്നൈ: പോറ്റമ്മയ്ക്ക് വേദനകൾ മനസ്സിലാക്കി നിൽക്കുമ്പോൾ പെറ്റമ്മ വിളിക്കുക! അനുപമയുടെ കുഞ്ഞിനെ തേടിയെത്തിയ മാതൃഭൂമി റിപ്പോർട്ടർ അനൂപ് ദാസ് നേരിട്ടത് വല്ലാത്തൊരു മാനസിക സാഹചര്യമാണ്. വാർത്ത, ചാനലിൽവന്ന് അധികം കഴിഞ്ഞില്ല, ഫോണിലേക്ക് തിരുവനന്തപുരത്തുനിന്ന് ഒരു വിളിവന്നു. അമ്മയാണ്, അനുപമ. ''കുഞ്ഞിന്റെ കാര്യം മാത്രം ഒന്ന് പറയുമോ ചേട്ടാ?'' ''കുഞ്ഞ് നന്നായിട്ടിരിക്കുന്നു'' എന്ന് മറുപടി നൽകി. അവർ കുറച്ചുകൂടി നേരം സംസാരിച്ചു, ആ അദ്ധ്യാപക ദമ്പതിമാരെക്കുറിച്ചും സ്നേഹത്തോടെത്തന്നെ ചോദിച്ചു. എന്റെ വാക്കുകൾ മുറിഞ്ഞു-ഇങ്ങനെയാണ് ആ നിമിഷത്തെ അനൂപ് ദാസ് വിശദീകരിക്കുന്നത്.
വലിയ നിയമ പ്രശ്‌നങ്ങളിലേക്ക് ഈ കേസ് പോകും. പെറ്റമ്മയാണോ പോറ്റമ്മയാണോ വലുതെന്ന ചോദ്യമാണ് കോടതിക്ക് മുമ്പിലെത്തുക. ദത്ത് നടപടികൾ കോടതിയിലൂടെ ഇനിയും പൂർണ്ണമായി മാറിയിട്ടില്ല. ഈ സാഹചര്യത്തിൽ സർക്കാർ എടുത്ത നിലപാട് കുട്ടിയെ ദത്തെടുത്ത ആന്ധ്രാ സ്വദേശികൾക്ക് തിരിച്ചടിയാകും. ഇത് മനസ്സിൽ വച്ച് വേദനയിലാണ് ഇവരും.
ആന്ധ്രാപ്രദേശിലെ അമരാവതിയിലാണ് അനുപമയുടേതാണെന്ന് അവകാശപ്പെടുന്ന കുഞ്ഞ് സുഖമായിരിക്കുന്നത്. തലസ്ഥാനമായ അമരാവതിക്കു സമീപത്തെ ജില്ലയിലാണ് കുട്ടിയുള്ളത്. മക്കളില്ലാത്ത അദ്ധ്യാപക ദമ്പതിമാർ ദത്തെടുത്ത കുട്ടിയെ മാതൃഭൂമി ന്യൂസ് സംഘം വീട്ടിലെത്തി കാണുകയായിരുന്നു. ഈ വാർത്ത വന്നതിന് പിന്നാലെയാണ് റിപ്പോർട്ടർ അനൂപ് ദാസിനെ തേടി അനുപമയുടെ വിളിയെത്തിയത്.
കുഞ്ഞിനെ തിരിച്ചു വേണമെന്ന എന്ന അനുപമയുടെ വേദന കേട്ടാണ് ചെന്നൈയിൽനിന്ന് ആന്ധ്രാപ്രദേശിലേക്കുള്ള തീവണ്ടി കയറിയത്. നേരത്തേ പറഞ്ഞുറപ്പിച്ചപോലെ സ്റ്റേഷനിൽ കാത്തുനിന്ന ലോകേഷിനൊപ്പം ആന്ധ്രയുടെ ഗ്രാമപാതകളിലൂടെ യാത്രയാരംഭിച്ചു. ദത്തെടുത്തവരുടെ വിവരങ്ങൾ പരസ്യമാക്കരുത് എന്ന നിയമമുള്ളതിനാൽ ദമ്പതിമാരെ തിരിച്ചറിയാൻ കഴിയുന്ന ഒരു സൂചനയും പറയാൻ ആഗ്രഹിക്കുന്നില്ല. അമരാവതിക്കടുത്ത ഒരു ജില്ലയിലെ ഗ്രാമപ്രദേശത്തുള്ള ഒരു വീട്ടിലാണ് കുട്ടിയുള്ളത്-മാതൃഭൂമി പറയുന്നു.
കേരളത്തിൽനിന്നുള്ള ഒരു മാധ്യമപ്രവർത്തകനെ ദമ്പതിമാർ എങ്ങനെ സ്വീകരിക്കുമെന്ന ഭയമുണ്ടായിരുന്നു. അതിനാൽ ഒരു പ്രാദേശിക പത്രപ്രവർത്തകന്റെയും പൊതുപ്രവർത്തകന്റെയും സഹായം തേടി. അവർ ദമ്പതിമാരെ വിളിച്ച് സംസാരിച്ചു, ആദ്യം വേണ്ടാ എന്നുപറഞ്ഞെങ്കിലും ഇത്രയധികം ദൂരം സഞ്ചരിച്ച് വന്നതല്ലേ കണ്ട് സംസാരിക്കാമെന്ന് ദമ്പതിമാരിലെ അദ്ധ്യാപകൻ അനുമതി നൽകി. പക്ഷേ, വീട്ടിലേക്കു വരേണ്ട, വീടിനു മുന്നിലെ പാതയിൽ കാണാമെന്നു പറഞ്ഞു.
സ്ഥലത്തെത്തി കാത്തുനിൽക്കുമ്പോൾ കൂടെയുണ്ടായിരുന്ന മാധ്യമ പ്രവർത്തകൻ എനിക്കാ വീട് ചൂണ്ടിക്കാണിച്ച് തന്നു. ഗേറ്റ് തുറന്ന് ഒരാൾ വന്നു, അദ്ദേഹം തൊഴുകൈയോടെ സ്വീകരിച്ചു. ''ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്'' എന്ന് അദ്ദേഹം പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. ''അയ്യോ, നിങ്ങളുടെ സാഹചര്യം നന്നായി മനസ്സിലാക്കുന്നു. കുഞ്ഞെവിടെയുണ്ട്, സന്തോഷമായിരിക്കുന്നോ എന്ന് അറിയാൻവേണ്ടി മാത്രം വന്നതാണ്. നിങ്ങൾക്ക് ഒരു കുഴപ്പവും ഉണ്ടാക്കില്ല''- ഞാൻ മറുപടി നൽകി.
''ഞാനും ഭാര്യയും അദ്ധ്യാപകരാണ്. എല്ലാ നിയമനടപടിയും പൂർത്തിയാക്കിയാണ് കുഞ്ഞിനെ ദത്തെടുത്തത്. കൂടുതൽ കാര്യങ്ങൾ മാധ്യമങ്ങളോടു പറയുന്നതിൽ ബുദ്ധിമുട്ടുണ്ട്.''-അവർ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
മറുനാടന് മലയാളി ബ്യൂറോ