തിരുവനന്തപുരം : കുഞ്ഞിനെ അമ്മ അറിയാതെ ദത്ത് നൽകിയ സംഭവത്തിൽ ദുരൂഹതകൾ കൂട്ടി പുതിയ വിവരങ്ങൾ പുറത്തേക്ക്. അമരാവതിയിലെ കുടുംബത്തിന് കുട്ടിയെ ദത്തുകൊടുത്തത് മുൻഗണനാ പട്ടിക അട്ടിമറിച്ചെന്നാണ് സൂചന. ദത്തിന് അർഹരായവരുടെ പട്ടികയിൽ നാലു പേരെ പിന്തള്ളിയാണ് ഈ കൈമാറ്റം എന്നാണ് ഉയരുന്ന ആരോപണം. അനുപമയുടെ കുട്ടി കേരളത്തിൽ വളരരുതെന്ന മുൻവിധി ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന. കുഞ്ഞിന്റെ അമ്മയുടെ പരാതി പല തവണ കിട്ടിയിട്ടും കുട്ടിയെ കണ്ടെത്താൻ ബോധപൂർവം ശ്രമിച്ചില്ല എന്നതും ഞെട്ടിക്കുന്നതാണ്.

അനുപമ മുഖ്യമന്ത്രിക്ക് കൊടുത്തതടക്കം പൊലീസ് അട്ടിമറിച്ചത് മൂന്ന് പരാതികളാണ്. ശിശുക്ഷേമ സമിതിയിൽ കുട്ടിയെ കിട്ടിയ വിവരവും പൊലീസിനെ അറിയിച്ചിരുന്നു എന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞതോടെ പൊലീസിന്റെ കള്ളക്കളി കൂടുതൽ പുറത്തുവന്നു. സ്വന്തം കുഞ്ഞിനെ കാണാനാല്ലെന്ന് പറഞ്ഞ് പൊലീസിന് കിട്ടിയ മൂന്ന് പരാതികളും കേസ് പോലും എടുക്കാതെ തീർപ്പാക്കി. മൂന്നും കുഞ്ഞ് ദത്ത് പോകുന്നതിന് മുമ്പ്. ഏപ്രിൽ 19 ന് അനുപമ പേരൂർക്കട പൊലീസിൽ കൊടുത്ത ആദ്യ പരാതി , ഏപ്രിൽ 29 ന് ഡിജിപിക്ക് കൊടുത്ത പരാതി, മുഖ്യമന്ത്രിക്ക് ജൂലായ് 12 ന് കൊടുത്ത പരാതി

കുഞ്ഞ് ദത്ത് പോകും വരെ പൊലീസ് അനങ്ങിയില്ല. അനുപമ പരാതിയിൽ പറയുന്ന ഒക്ടോബർ 22 ന് രാത്രി കുഞ്ഞിനെ കിട്ടിയെന്ന് ശിശുക്ഷേമ സമിതിയെ അറിയിച്ചതോടെ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയാണ്. കുഞ്ഞ് ശിശുക്ഷേമ സമിതിയിലുണ്ടൈന്നറിഞ്ഞിട്ടും പൊലീസ് അനങ്ങിയില്ല എന്നതിന് തെളിവാണ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ ഇന്നലെ പറഞ്ഞത്. ഇതിന് പിന്നിൽ വൻ ഗൂഢാലോചന നടന്നുവെന്നാണ് സൂചന. പൊലീസ് കുഞ്ഞ് ദത്ത് പോകും വരെ കാത്ത് നിൽക്കുകയായിരുന്നു.

പാർട്ടി ലോക്കൽ കമ്മിറ്റി അംഗമാണ് ജയചന്ദ്രൻ.അനുപമയടെ അമ്മ സ്മിത ജെയിംസ് ഉൾപ്പെടെ കേസിലെ പ്രതികളിൽ അഞ്ചുപേർ സിപിഐഎം അംഗങ്ങളാണ്. ജയചന്ദ്രനെത്തിരെ നടപടി വേണമെന്ന നിർദ്ദേശം സിപിഎം ജില്ലാ നേതൃത്വം കീഴ്ഘടകങ്ങൾക്ക് നൽകിയിട്ടുണ്ട്. പി.എസ്.ജയചന്ദ്രനെ സഹായിച്ച മുൻ കൗൺസിലർ കൂടിയായ ലോക്കൽ കമ്മിറ്റിയംഗം, അനുപമയുടെ അമ്മ അടക്കമുള്ളവർക്കെതിരേയും അച്ചടക്കനടപടി ഉണ്ടായേക്കും.

അനുപമയുടെ കുട്ടിയെ ദത്തു നൽകിയ കേസിൽ മുഖ്യമന്ത്രിക്കു കത്തുമായി ശിശുക്ഷേമ സമിതി ജീവനക്കാർ രംഗത്തു വന്നിരുന്നു. അനുപമ എസ്. ചന്ദ്രന്റെ കുഞ്ഞ് അമ്മത്തൊട്ടിലിൽ എത്തിയിരുന്നില്ലെന്നാണു കത്തിലെ പ്രധാന വെളിപ്പെടുത്തൽ. കുഞ്ഞിനെ അനുപമയുടെ മാതാപിതാക്കൾ നേരിട്ട് ശിശുക്ഷേമ സമിതിയിൽ ഏൽപ്പിക്കുകയായിരുന്നുവെന്നും കത്തിലുണ്ട്. ഇതോടെ സംഭവത്തിൽ ദുരൂഹത വർദ്ധിച്ചു. ജീവനക്കാരുടെ വെളിപ്പെടുത്തലിലുടെ അനുപമയുടെ മാതാപിതാക്കൾക്കും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും കുരുക്ക് മുറുകയാണ്. കഴിഞ്ഞ ദിവസം ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ വിളിച്ചു വരുത്തി വിശദീകരണം തേടയിരുന്നു. നവംബർ അഞ്ചിന് വനിതാ കമ്മിഷനും അനുപമയുടെ മൊഴി എടുക്കുന്നുണ്ട്.

നടപടിയുണ്ടാകുമെന്നു ഭയന്നു പേരുവിവരം വെളിപ്പെടുത്താതെയാണ് ജീവനക്കാർ മുഖ്യമന്ത്രിക്കു കത്ത് നൽകിയിരിക്കുന്നത്. 2020 ഒക്ടോബർ 22 ന് രാത്രി 12.30 നാണു ശിശുക്ഷേമ സമിതിയിൽ കുഞ്ഞിനെ ലഭിക്കുന്നത്. അമ്മത്തൊട്ടിലിൽനിന്ന് കുഞ്ഞിനെ ലഭിച്ചു എന്നു പറയുന്നതു കള്ളമാണ്. അമ്മത്തൊട്ടിൽ 2002ൽ സ്ഥാപിച്ചിരുന്ന സ്ഥലത്തു പുതിയ കെട്ടിടം നിർമ്മിക്കുകയാണ്. അതിന്റെ സാങ്കേതിക ജോലികൾ നടക്കുന്നതിനാൽ അമ്മത്തൊട്ടിൽ പ്രവർത്തന രഹിതമായിരുന്നു. ഷിജുഖാൻ മുൻകൂർ ഉറപ്പു കൊടുത്തത് അനുസരിച്ച് അനുപമയുടെ മാതാപിതാക്കളും പാർട്ടി ലോക്കൽ കമ്മിറ്റി അംഗവും ഒക്ടോബർ 22 ന് രാത്രി ആൺകുട്ടിയെ ശിശുക്ഷേമ സമിതിയിൽ കൊണ്ടുവരികയായിരുന്നു.

ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സാണു കുഞ്ഞിനെ വാങ്ങി ദത്തെടുക്കൽ കേന്ദ്രത്തിൽ കൊണ്ടുപോയത്. തുടർന്ന്, തൈക്കാട് ആശുപത്രിയിൽ കൊണ്ടുപോയ ആൺകുഞ്ഞിനെ പെൺകുഞ്ഞാക്കി രജിസ്റ്ററിൽ എഴുതിച്ചു. മലാല എന്നു പേരിട്ടു മാധ്യമങ്ങളിൽ വാർത്തയും നൽകി. 23ന് മറ്റൊരു കുട്ടിയെയും അമ്മത്തൊട്ടിലിന്റെ മുൻവശത്ത് കിടത്തിപോയ നിലയിൽ കിട്ടി. ഇതെല്ലാം ഷിജുഖാന്റെ അനുയായിയായ സൂപ്രണ്ടിന് അറിയാമെന്നും കത്തിൽ ഉണ്ട്. ആൺകുട്ടിയെ പെൺകുട്ടിയാക്കി മാറ്റിയത് വിവാദമായപ്പോൾ സൂപ്രണ്ടാണ് തൈക്കാട് ആശുപത്രിയിൽപോയി രജിസ്റ്ററിൽ പെൺകുട്ടി എന്നത് ആൺകുട്ടിയായി മാറ്റി എഴുതിച്ച് മറ്റൊരു ഒ.പി ടിക്കറ്റ് വാങ്ങിയത്. ജീവനക്കാരുടെ വെളിപ്പെടുത്തലോടെ സംഭവത്തിൽ ദുരൂഹതയേറുകയാണ്.

തന്റെ മകളുടെ സമ്മതമില്ലാതെ കുട്ടിയെ ഉപേക്ഷിക്കാൻ ജയചന്ദ്രൻ എത്തിയപ്പോൾ ഭാവിയിൽ വിവാദം ഉണ്ടാകുമെന്ന് അറിയിച്ച് ഷിജുഖാൻ പിന്തിരിപ്പിക്കേണ്ടതായിരുന്നുവെന്നും എന്നാൽ, മാതാപിതാക്കളെ പ്രോത്സാഹിപ്പിച്ച് വിവാദമാക്കി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ് ചെയ്തതെന്നും ജീവനക്കാർ പറയുന്നു. മുതിർന്ന ജീവനക്കാർ ഇക്കാര്യം ഷിജുഖാനെ അറിയിച്ചെങ്കിലും അവരെ സ്ഥാനത്തുനിന്ന് മാറ്റി. അനുപമ കുഞ്ഞിനെ ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതിയിലെത്തിയിട്ടും ആന്ധ്രയിലെ ദമ്പതികൾക്ക് എന്തിനു കുട്ടിയെ നൽകി എന്നതും അനുപമ കുഞ്ഞിന്റെ ഡി.എൻ.എ ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടപ്പോൾ 2020 ഒക്ടോബർ 23ന് ലഭിച്ച പെലെ എഡിസൺ എന്ന കുട്ടിയുടെ ഡി.എൻ.എ നൽകി അമ്മയെ കബളിപ്പിച്ചതും അന്വേഷിക്കണമെന്നും കത്തിലുണ്ട്.

ഈ ദിവസങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിച്ചതായും പരാതിയിൽ പറയുന്നു. കത്തിന്റെ ആധികാരികതയെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യം ഉയരുന്നുണ്ട്. അതേസമയം ശിശുക്ഷേമ സമിതിയിൽനിന്ന് വിവരങ്ങൾ ലഭിക്കാത്തതിനാൽ അന്വേഷണം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്നതു സംബന്ധിച്ചു പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.