തിരുവനന്തപുരം: തനിക്ക് വേണ്ടി സമരം ചെയ്ത് റിമാൻഡിലായ യൂത്ത് കോൺഗ്രസ് നേതാക്കളെ കാണാൻ എത്തിയ പേരൂർക്കടയിലെ അമ്മ അനുപമ നിരാശയോടെ മടങ്ങി. തനിക്ക് വേണ്ടി സമരം ചെയ്ത് മൂന്ന് ദിവസമായി റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാക്കളായ ചിത്രാദാസ്, വീണാ എസ്. നായർ, അഖില, സജന, സുബിജ, അനുഷ്മ, ഷാനി എന്നിവരെ കാണുന്നതിനായാണ് അനുപമ അട്ടക്കുളങ്ങര വനിതാ ജയിലിൽ എത്തിയത്.

എന്നാൽ സന്ദർശക സമയം കഴിഞ്ഞതുകൊണ്ടും, ഇന്ന് നിരവധി സന്ദർശകരുണ്ടായിരുന്നതുകൊണ്ടും അനുപമയ്ക്കും അജിത്തിനും അധികൃതർ പ്രവേശനം നിഷേധിക്കുകയായിരുന്നു. ജയിലിൽ കഴിയുന്ന രണ്ടു പേർക്ക് പി എസ് സി പരീക്ഷ എഴുതേണ്ടതുണ്ട്. രണ്ടു പേർ കുട്ടികൾക്ക് മലുയൂട്ടുന്ന അമ്മമാരാണ്. ഇവരെ തെറ്റായ വകുപ്പുകൾ ചേർത്ത് കേസെടുത്ത് ജയിലിൽ അടയ്ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റിലായവരെ കാണാൻ മുൻ എസ് എഫ് ഐ നേതാവ് കൂടിയായ അനുപമ എത്തിയത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് അനുപമയും അജിത്തും അട്ടക്കുളങ്ങര ജയിലിൽ എത്തിയത്. എന്നാൽ രാവിലെ പതിനൊന്ന് മണി മുതൽ ഒരു മണി വരെ മാത്രമാണ് സന്ദർശകസമയം. സാധാരണഗതിയിൽ പ്രത്യേകഘട്ടങ്ങളിൽ സന്ദർശകസമയത്തിന് ശേഷവും സന്ദർശകരെ അനുവദിക്കാറുണ്ടെങ്കിലും ഇന്ന് രാവിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ സന്ദർശിക്കാൻ നിരവധി സന്ദർശകർ എത്തിയിരുന്നെന്ന കാരണം പറഞ്ഞാണ് അനുപമയേയും അജിത്തിനേയും അധികൃതർ വിലക്കിയത്. ഇതിന് പിന്നിൽ മുകളിൽ നിന്നുള്ള നിർദ്ദേശമുണ്ടെന്നാണ് സൂചന.

തനിക്ക് വേണ്ടി സമരം ചെയ്തിന് ജയിലിൽ അടച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെൺകുട്ടികൾ മൂന്ന് ദിവസമായിട്ട് റിമാൻഡിലാണെന്ന വാർത്ത അറിഞ്ഞത് ഇന്നാണ്. ഞങ്ങൾക്ക് വേണ്ടി സമരം ചെയ്ത അവരോടൊപ്പം നിൽക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന് തോന്നിയതുകൊണ്ടാണ് അവരെ കാണാൻ എത്തിയതെന്ന് അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചു. വാർത്ത അറിയാൻ വൈകിപോയി. അതാണ് സന്ദർശകസമയത്തിനുള്ളിൽ എത്താൻ കഴിയാതെ പോയത്-അവർ പറഞ്ഞു

അവരെ കാണണമെന്നുണ്ടായിരുന്നു. റിമാൻഡിൽ കഴിയുന്നവരിൽ മുലകുടി പ്രായം മാറാത്ത കുഞ്ഞിന്റെ അമ്മയുമുണ്ടെന്നറിഞ്ഞപ്പോൾ തോന്നിയ വികാരം പറഞ്ഞറിയിക്കാൻ കഴിയില്ല. അവരെയൊന്ന് കെട്ടിപ്പിടിക്കാൻ തോന്നി. എന്റെ വിഷമം കൃത്യമായി മനസിലാകുന്നവരാണ് അവർ. ഞങ്ങളുടെ സ്നേഹവും നന്ദിയും അവർക്കൊപ്പമുണ്ട്. എത്രയും വേഗം അവർ പുറത്തിറങ്ങണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അനുപമ പറഞ്ഞു.

അരമണിക്കൂറോളം ജയിലിന് മുന്നിൽ കാത്തുനിന്ന ശേഷമാണ് അനുപമയും അജിത്തും മടങ്ങിപ്പോയത്. കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് അനുപമയ്ക്ക് നീതി ആവശ്യപ്പെട്ടും ശിശുക്ഷേമസമിതി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുമാണ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേയ്ക്ക് മാർച്ച് നടത്തിയത്. ഇതിനിടെ സെക്രട്ടറിയേറ്റിലേയ്ക്ക് ചാടിക്കടന്ന ആറ് വനിതാ പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇവരെ ജയിലിലടച്ചിരിക്കുന്നതിനെ പറ്റി മറുനാടൻ ഇന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

കുട്ടിയെ തട്ടിയെടുത്ത കേസിലെ പ്രതിയായ ജയചന്ദ്രനെ പുറത്ത് വിലസാനനുവദിക്കുന്ന പൊലീസ് സമരം ചെയ്ത പെൺകുട്ടികളെ വലിയ ക്രിമിനലുകളായാണ് കാണുന്നതെന്ന വിമർശനം ഇതിനകം ഉയർന്നു കഴിഞ്ഞു. ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു ഇവരെ കസ്റ്റഡിയിൽ എടുത്തത്. അതിന് ശേഷം പുലർച്ച നാലുമണിക്കാണ് റിമാൻഡ് ചെയ്തത്. വിട്ടയയ്ക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച പൊലീസിന് മുകളിൽ നിന്ന് ഇവരെ ജയിലിൽ അടയ്ക്കാൻ നിർദ്ദേശം കിട്ടുകയായിരുന്നു.

ഇതോടെ കടുകട്ടി വകുപ്പുകൾ ചുമത്തി ഇവരെ ജയിലിലേക്ക് മാറ്റി. കോടതിയിൽ നിന്ന് ജാമ്യം പ്രതീക്ഷിച്ചെങ്കിലും പൊലീസ് വിശദ റിപ്പോർട്ട് നൽകാത്തതാണ് ജാമ്യം നിഷേധിക്കാൻ കാരണമെന്ന് കോൺഗ്രസ് ആരോപിക്കുന്നു.