- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നിലവിൽ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലെന്ന് പറയാനാകില്ല; ഡിഎൻഎ പരിശോധന നടത്താൻ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ട്; കുടുംബകോടതിയിലുള്ള കേസിൽ ഹൈക്കോടതിയുടെ സത്വര ഇടപെടൽ ആവശ്യമില്ലെന്നും ഹൈക്കോടതി; അനുപമയുടെ ഹേബിയസ് കോർപ്പസ് ഹർജി തള്ളാൻ ഹൈക്കോടതി
തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയുടെ അനുവാദമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന ആരോപണത്തിൽ, സംസ്ഥാന അഡോപ്ഷൻ റിസോഴ്‌സ് ഏജൻസി പൊലീസിന് റിപ്പോർട്ട് നൽകി. ദത്ത് നടപടികൾ പൂർണമായും നിയമപരമായാണ് നടന്നത്. കുഞ്ഞിനെ ആർക്ക് നൽകിയെന്നോ, എപ്പോൾ നൽകിയെന്നോ അറിയിക്കാനാകില്ലെന്നും ഏജൻസി പ്രതികരിച്ചു. ദത്തെടുക്കൽ നിയമപ്രകാരം ഈ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് ഏജൻസി വ്യക്തമാക്കി.
അതിനിടെ ഹൈക്കോടതിയിൽ അനുപമ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി കോടതി തള്ളിയേക്കും. കുടുംബ കോടതിയിൽ കേസ് നടക്കുന്ന സാഹചര്യത്തിലാണ് ഇത്. കേസ് പിൻവലിക്കാൻ അനുമപയ്ക്ക് അവസരമുണ്ടാകും. നാളെ ഈ കേസ് വീണ്ടും കോടതി പരിഗണിക്കും. കേസ് പിൻവലിച്ചില്ലെങ്കിൽ തള്ളുമെന്നാണ് സൂചന. കേസിൽ കുടുംബ കോടതിയിൽ കേസുണ്ട്. അതുകൊണ്ട് തന്നെ ഹേബിയർ കോർപ്പസ് നിലനിൽക്കില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
താൻ അറിയാതെയാണ് നാല് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ദത്ത് നൽകിയെന്നും കുഞ്ഞിനെ ഹാജരാക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകണമെന്നുമായിരുന്നു അനുപമ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലെ ആവശ്യം. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത എന്നിവരടക്കം ആറ് പേരെ എതിർ കക്ഷിയാക്കിയായിരുന്നു ഹർജി. നിലവിൽ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലെന്ന് പറയാനാകില്ല. ഡിഎൻഎ പരിശോധന നടത്താൻ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ട് . കുടുംബകോടതിയിലുള്ള കേസിൽ ഹൈക്കോടതിയുടെ സത്വര ഇടപെടൽ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി.
പൊലീസും, ചൈൽഡ് വെൽഫെയർ കമ്മിറ്റിയും രക്ഷിതാക്കളും ഗൂഢാലോചന നടത്തിയാണ് കുട്ടിയെ ഒളിപ്പിച്ചതെന്നും ഹർജിയിലുണ്ട്. കുട്ടിയെ ദത്ത് നൽകിയ സംഭവത്തിൽ നിയമ നടപടികൾ കീഴ് കോടതിയിൽ തുടരുന്നതിനിടെയാണ് ഹേബിയസ് കോർപ്പസ് ഹർജിയുമായി അനുപമ ഹൈക്കോടതിയിൽ എത്തിയത്. ഇതാണ് തിരിച്ചടിയാകുന്നത്. ശിശുക്ഷേമ സമിതിയിൽ കുട്ടി എങ്ങനെ എത്തിയെന്നതിൽ വ്യക്തത വേണമെന്ന് ഇന്നലെ കുടുംബ കോടതി പറഞ്ഞിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിൽ വ്യക്തത വരുത്താൻ ഡിഎൻഎ പരിശോധന വരെ നടത്താൻ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് അധികാരമുണ്ട്. സമഗ്രമായ അന്വേഷണം നടത്തി ഈ മാസം 20ന് റിപ്പോർട്ട് നൽകാനാണ് ഇന്നലെ കുടുംബ കോടതി സിഡബ്ല്യൂസിക്ക് നിർദ്ദേശം നൽകിയത്. പരാതിയിൽ സമയോചിതമായി സർക്കാർ ഇടപ്പെട്ടുവെന്ന് കോടതി പ്രശംസിച്ചു.
എന്നാൽ ശിശുക്ഷേമ സമിതിയെ രൂക്ഷമായി കോടതി വിമർശിച്ചു. ദത്തെടുക്കലിനുള്ള ശിശുക്ഷേമ സമിതിയുടെ ലൈസൻസിന്റെ കാലാവധി കഴിഞ്ഞതാണെന്ന് കോടതി വിമർശിച്ചു. സമിതി ഹാജരാക്കിയ ലൈസൻസിന്റെ കാലാവധി ജൂൺ 30ന് അവസാനിച്ചതാണ്. ലൈസൻസ് പുതുക്കൽ നടപടികൾ നടന്നുവരികയാണെന്ന് ശിശുക്ഷേമ സമിതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ലൈസൻസ് പുതുക്കാനുള്ള നടപടിയുൾപ്പെടെ എല്ലാ കാര്യങ്ങളും വിശദമാക്കി സത്യവാങ്മൂലം നൽകണമെന്ന് ശിശുക്ഷേമ സമിതിക്കും നിർദ്ദേശം നൽകി.
മറുനാടന് മലയാളി ബ്യൂറോ