തിരുവനന്തപുരം: ദത്ത് വിവാദത്തിൽ കുട്ടിയെ അനുപമയ്ക്ക് നൽകി ജയചന്ദ്രനെ കേസിൽ നിന്ന് രക്ഷിക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി ആന്ധ്രയിലുള്ള കുട്ടിയെ തിരുവനന്തപുരത്ത് എത്തിക്കും. അതിന് ശേഷം ഡി എൻ എ പരിശോധന നടത്തും. ഡിഎൻഎ പരിശോധനയിൽ കുട്ടി അനുപമയുടേതാണെന്ന് തെളിഞ്ഞാൽ അവർക്ക് തിരിച്ചു നൽകും. അമരാവതിയിലെ അദ്ധ്യാപക ദമ്പതികൾക്കൊപ്പമാണ് ഈ കുട്ടിയുള്ളത്. പൊലീസ് സംരക്ഷണയിൽ കുട്ടിയെ എത്തിക്കാൻ ശിശു ക്ഷേമ സമിതിക്ക് സി ഡബ്ല്യു സി അനുമതി നൽകി. ഇതോടെയാണ് കുട്ടിയെ കേരളത്തിൽ എത്തിക്കാൻ അവസരം ഒരുങ്ങുന്നത്.

പൊലീസ് സംരക്ഷണയിലാകും കുട്ടിയെ നിർത്തുക. . ഈ ഉത്തരവ് അനുപമയ്ക്കും കൈമാറും. ഇതിന് ശേഷം തുടർ നടപടികളുമായി മുമ്പോട്ട് പോകുമെന്ന് അനുപമ അറിയിച്ചു. കുട്ടിയെ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് അനുപമയും പ്രതികരിച്ചു. ദത്ത് വിവാദത്തിൽ അനുപമയുടെ കുഞ്ഞിനെ ഉടൻ കേരളത്തിലേക്ക് കൊണ്ടുവരും. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ ആന്ധ്രയിൽ നിന്ന് തിരികയെത്തിക്കണമെന്നാണ് ഉത്തരവ്. പൊലീസ് സംരക്ഷണയിലാണ് ആന്ധ്രാപ്രദേശിൽ നിന്നും കുഞ്ഞിനെ തിരിച്ചെത്തിക്കുക. കുഞ്ഞിനെ കേരളത്തിൽ എത്തിച്ച ശേഷം ഡിഎൻഎ പരിശോധനയും നടത്തും. നിലവിൽ ആന്ധ്രാ സ്വദേശികളായ ദമ്പതികൾക്ക് ഒപ്പമാണ് കുഞ്ഞ് കഴിയുന്നത്. അതേസമയം, സമരം തുടരാൻ തന്നെയാണ് തീരുമാനമെന്നും വകുപ്പുതല അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരായവരെ പുറത്താക്കുംവരെ സമരം തുടരുമെന്നും അനുപമ വ്യക്തമാക്കി. 

ദത്ത് കേസിൽ ഒത്തുകളി സംശയിക്കുന്നതായി അനുപമ ആരോപിച്ചിരുന്നു. ശിശുക്ഷേമ സമിതിയും സിഡബ്ല്യൂസിയും പരസ്പരം പഴിചാരുകയാണെന്നും ഇവരുവരുടേയും വാദങ്ങളിൽ ആശയക്കുഴപ്പമുണ്ടെന്നും അനുപമ ആരോപിച്ചിരുന്നു. കേസ് പരിഗണിക്കുന്ന വഞ്ചിയൂർ കുടുംബ കോടതി നിർദ്ദേശ പ്രകാരമുള്ള നടപടികൾക്കായി സിഡബ്ല്യൂസിക്ക് മുമ്പാകെ ഹാജരായതിന് ശേഷമായിരുന്നു പ്രതികരണം. അനുപമയുടെ വാദങ്ങൾ കേട്ടാണ് കുട്ടിയെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള തീരുമാനം. ഇത് ഏറെ നിർണ്ണായകമാകും. ഡി എൻ എ പരിശോധനാ ഫലം യോജിച്ചില്ലെങ്കിൽ പുതിയ വിവാദങ്ങൾക്ക് ഈ കേസ് വഴിവയ്ക്കും. അനുപമയുടെ കുട്ടി എവിടെ എന്ന ചോദ്യം കൂടുതൽ പ്രസക്തവുമാകും.

''ഷിജു ഖാന്റെ മാത്രം തെറ്റെന്ന നിലയിലാണ് സിഡബ്ല്യൂസിയുടെ നിലപാട്. ഇത് പൂർണമായി അംഗീകരിക്കാനാവില്ല. സിഡബ്ല്യൂസിയുടെ ഭാഗത്തും തെറ്റ് സംഭവിച്ചിട്ടുണ്ട്. കോടതി കേസ് പരിഗണിക്കുന്ന സമയത്ത് ഡിഎൻഎ നടപടികൾ നടക്കുമെന്ന് കരുതുന്നില്ലെന്നും ശിശുക്ഷേമ സമിതിക്ക് മുന്നിലെ സമരം തുടരുമെന്നും'' അനുപമ പറഞ്ഞിരുന്നു. സിഡബ്യുസി ചെയർപേഴ്‌സണും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് അനുപമ സമരം തുടരുകയാണ്. ശിശു ദിനത്തിൽ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിന് മുന്നിൽ കുഞ്ഞിനായി തൊട്ടിൽകെട്ടിയായിരുന്നു അനുപമയുടെ സമരം. സമിതി ആസ്ഥാനത്ത് ശിശുദിനാഘോഷ പരിപാടികൾ നടക്കുമ്പോഴായിരുന്നു പുറത്ത് അനുപമയുടെ വേറിട്ട സമരം.

അതിനിടെ, അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ ഒന്നാം പ്രതി അനുപമയുടെ അച്ഛൻ ജയചന്ദ്രൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട് താനറിയാതെ വ്യാജ രേഖകളുണ്ടാക്കി കുഞ്ഞിനെ ദത്തു നൽകിയെന്നാണ് മാതാപിതാക്കൾക്കും സഹോദരിക്കുമെതിരെയുള്ള അനുപമയുടെ കേസ്. കേസിൽ അനുപമയുടെ അമ്മ ഉൾപ്പെടെ അഞ്ചു പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ജയചന്ദ്രൻ മാത്രം മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നില്ല. കേസന്വേഷണം ഊർജ്ജിതമാകുന്നതിടെയാണ് ഒന്നാം പ്രതി ജയചന്ദ്രൻ തിരുവനന്തപുരം സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.

കുടുംബകോടതിയിൽ കുട്ടിയെ അമ്മ തൊട്ടിലിൽ നിന്ന് കിട്ടിയെന്നാണ് ശിശു ക്ഷേമ സമിതി എടുത്ത നിലപാട്. ജാമ്യ ഹർജിയിൽ കുട്ടിയെ സുരക്ഷിതമായി കൈമാറിയെന്നാണ് ജയചന്ദ്രൻ വിശദീകരിക്കുന്നത്. ഇതെല്ലാം പൊതു സമൂഹത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കുട്ടിയെ അമരാവതിയിൽ നിന്നും കേരളത്തിലേക്ക് കൊണ്ടു വരാനുള്ള നീക്കം. ഈ കേസ് സിപിഎമ്മിനും വലിയ തലവേദനയാണ്. സിപിഎം നേതാവായിരുന്ന പേരൂർക്കട സദാശിവന്റെ മകനാണ് ജയചന്ദ്രൻ. പാർട്ടിയോട് ആലോചിച്ചാണ് താനെല്ലാം ചെയ്തതെന്ന് ജയചന്ദ്രൻ പരസ്യമായി പറഞ്ഞിരുന്നു.

കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കണമെന്നും ഷിജു ഖാനെയും സി.ഡബ്ല്യു.സി ചെയർപേഴ്സണെയും നീക്കണമെന്നും ആവശ്യപ്പെട്ടാണ് അനുപമ സമരം ചെയുന്നത്. ആരോപണവിധേയരായ എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ദത്ത് എടുത്തവർ തന്റെ കുഞ്ഞിനെ പൊന്നുപോലെ നോക്കുന്നതിന് നന്ദിയുണ്ടെന്നും ഇന്ന് അവരും താനും കടന്നുപോകുന്ന മാനസികാവസ്ഥയെന്താണെന്ന് ഇതിന് ഉത്തരവാദികളായവർ ചിന്തിക്കണമെന്നും അനുപമ പറഞ്ഞു.