തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ പരാതിക്കാരിയായ അനുപമയുടെയും അജിത്തിന്റെയും മൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തും. അന്വേഷണ ഉദ്യോഗസ്ഥയായ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ടിവി അനുപമയുടെ മുന്നിൽ ഹാജരാകാൻ നിർദ്ദേശം നൽകി.

ചൊവ്വാഴ്ച വൈകീട്ട് നാല് മണിക്ക് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഓഫീസിൽ എത്താനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കുട്ടിയെ കിട്ടാൻ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി കിട്ടിയ രസീതുകളും മറ്റ് രേഖകളും ഹാജരാക്കാനും നിർദേശമുണ്ട്. സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് അനുപമയിൽ നിന്ന് വകുപ്പ് വിവരങ്ങൾ തേടുന്നത്.

വിഷയത്തിൽ ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറി റാണി ജോർജ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് അനുപമയോട് ഹാജരാവാൻ നിർദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ വിളിച്ച് വരുത്തി വിശദീകരണം തേടിയിരുന്നു. പിന്നാലെയാണ് അനുപമയോടും ഹാജരാവാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വനിതാ കമ്മിഷൻ നവംബർ 5ന് മൊഴിയെടുക്കും. കഴിഞ്ഞ ദിവസം കമ്മിഷൻ കേസെടുത്തിരുന്നു

കുഞ്ഞിന്റെ ദത്തെടുക്കൽ നടപടികൾ തിരുവനന്തപുരം കുടുംബ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തിട്ടുണ്ട്. ദത്ത് നടപടികൾ താൽക്കാലികമായി നിർത്തിവെക്കണമെന്ന് സർക്കാരും ശിശുക്ഷേമ സമിതിയും കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണെന്നാണ് ശിശുക്ഷേമ സമിതി കോടതിയെ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബർ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയിൽ വെച്ച് തന്റെ അമ്മയും അച്ഛനും ചേർന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുൻ എസ്എഫ്‌ഐ നേതാവ് അനുപമയുടെ പരാതി. ഏപ്രിൽ19 ന് പേരൂർക്കട പൊലീസിൽ ആദ്യ പരാതി നൽകി.

പിന്നീടങ്ങോട്ട് ഡിജിപി, മുഖ്യമന്ത്രി, ചൈൽഡ് വെൽഫയർ കമ്മിറ്റി, സിപിഎം നേതാക്കൾ തുടങ്ങി എല്ലാവർക്കും പരാതി നൽകി. പക്ഷേ കുട്ടി ദത്ത് പോകുന്നവരെ എല്ലാവരും കണ്ണടച്ചു. മാധ്യമങ്ങളിൽ ഒക്ടോബർ 14 ന് വാർത്ത പുറത്ത് വന്നതോടെയാണ് പരാതി കിട്ടി ആറ് മാസത്തിന് ശേഷം പൊലീസ് എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്തത്.