തിരുവനന്തപുരം: കുഞ്ഞിനെ കടത്താൻ തന്റെ മാതാപിതാക്കൾക്കൊപ്പം നിന്നത് ശിശുക്ഷേമസമിതി സെക്രട്ടറിയായ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനെന്ന് അനുപമ. പാർട്ടി നേതാക്കളായ തന്റെ മാതാപിതാക്കളെ നിയമവിരുദ്ധമായി ഷിജു ഖാൻ സഹായിച്ചു. കുഞ്ഞിനെ തട്ടിക്കൊണ്ടു പോയെന്ന് ഏപ്രിലിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും അനുപമ ആരോപിച്ചു.

മതാപിതാക്കളെ സഹായിക്കാൻ നിലവിലെ നിയമങ്ങളെല്ലാം അട്ടിമറിച്ചുകൊണ്ടാണ് സംസ്ഥാന ശിശുക്ഷേമ സമിതി കുഞ്ഞിനെ സ്വീകരിച്ചത്. പിതാവും സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായ ജയചന്ദ്രൻ, ബ്രാഞ്ച് കമ്മിറ്റിയംഗമായ മാതാവ് സ്മിത ജെയിംസ് എന്നിവർ ഷിജുഖാനുമായി ചേർന്നു കുഞ്ഞിനെ കടത്തുകയായിരുന്നുവെന്നും അനുപമ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം അട്ടിമറിക്കുകയാണ്. അന്വേഷണ മേൽനോട്ടമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അനുപമ പറഞ്ഞു.

കഴിഞ്ഞ ഒക്ടോബർ 19 നാണ് അനുപമ കുഞ്ഞിന് ജന്മം നൽകിയത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് വരുന്ന വഴിയിലാണ് കുട്ടിയെ ജയന്ദ്രൻ ബലമായി പിടിച്ചുവാങ്ങിയത്. പിന്നീട് കുഞ്ഞിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതെ വന്നതോടെ ഏപ്രിൽ 19ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ ഗൗരവമുള്ള പരാതി ലഭിച്ചിട്ടും പൊലീസ് കേസ് എടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിരുന്നില്ല. ഡിജിപിയുൾപ്പെടെയുള്ളവരെ ജയചന്ദ്രൻ നിയമപരമായാണ് കുഞ്ഞിനെ ഏറ്റെടുത്തതെന്ന് വിശ്വസിപ്പിച്ചിരുന്നു. കുഞ്ഞിനെ ചോദിക്കുമ്പോൾ ഉടൻ തരാമെന്ന് മാതാപിതാക്കൾ അനുപമയെ പറഞ്ഞു പറ്റിച്ചിരുന്നു.

ആറ് മാസം മുൻപാണ് അനുപമ തന്റെ ആൺ കുഞ്ഞിനെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയത്. സഹോദരിയുടെ വിവാഹ ശേഷം തിരിച്ചു നൽകാമെന്ന് പറഞ്ഞ് അച്ഛൻ ബലമായി എടുത്തുകൊണ്ടു പോയ കുട്ടിയെ തിരികെ വേണമെന്നാണ് അനുപമയുടെ ആവശ്യം. എന്നാൽ അനുപമയുടെ സമ്മതപ്രകാരം കുട്ടിയെ നിയമപരമായി കൈമാറിയെന്നാണ് ജയചന്ദ്രൻ പറയുന്നത്.

തന്റെ കുഞ്ഞിനെ അച്ഛൻ തട്ടിക്കൊണ്ടുപോയെന്ന് അടുത്തിടെ നടന്നൊരു ചാനൽ ചർച്ചയിൽ അനുപമ പരസ്യമായി ആരോപിച്ചിരുന്നു. ഇതോടെ സംഭവം വലിയ ചർച്ചയായി. ഇതേ തുടർന്നാണ് പൊലീസ് കേസ് എടുത്തത്. ചാനൽ ചർച്ചയ്ക്കിടെ അനുപമയുടെ പരാതി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സതീ ദേവി ശരിവെച്ചിരുന്നു. സംഭവത്തിൽ അടുത്ത ദിവസം കോടതിയെ സമീപിക്കാനാണ് അനുപമയുടെ തീരുമാനം. സംഭവത്തിൽ വനിതാ കമ്മിഷൻ കേസെടുത്തിട്ടുണ്ട്. വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവിയോട് വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി അടിയന്തര റിപ്പോർട്ട് തേടി.

തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന കമ്മിഷൻ സിറ്റിങ്ങിൽ പരാതിക്കാരിയായ അനുപമയേയും ഭർത്താവ് അജിത്തിനേയും വിളിച്ചുവരുത്തുമെന്നും വനിതാ കമ്മിഷൻ അറിയിച്ചു. അനുപമ കുഞ്ഞിനെ തേടിനടക്കുന്ന വാർത്ത കേരളം ഏറെ ചർച്ച ചെയ്തിരുന്നു. കേസിൽ പൊലീസ് അന്വേഷണം ഇഴയുന്നുവെന്ന ആരോപണം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് വനിതാ കമ്മിഷൻ വിഷയത്തിൽ ഇടപെടുന്നത്. ഇതോടെ പൊലീസും ഗൗരവത്തോടെ അന്വേഷണം തുടങ്ങി. പ്രസവം നടന്ന നെയ്യാർ മെഡിസിറ്റിയിൽ നിന്നും വിവരങ്ങൾ തേടി. ശിശുക്ഷേമ സമിതിയിൽ നിന്നും വിവരങ്ങൾ തേടും.

സിപിഎം. നേതാവായ പിതാവിന്റെ രാഷ്ട്രീയ സ്വാധീനത്താൽ കേസ് അന്വേഷണം തടസപ്പെടുത്തുന്നുവെന്നും അനുപമ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 19നാണ് അനുപമ പ്രസവിച്ചത്. മൂന്നു ദിവസത്തിനുശേഷം കുഞ്ഞിനെ പിതാവ് എടുത്തുകൊണ്ടുപോയെന്നാണ് അനുപമയുടെ പരാതി. അതിനിടെ കഴിഞ്ഞ ഓഗസ്റ്റിൽ ശിശുക്ഷേമ സമിതി ആന്ധ്രാ ദമ്പതികൾക്ക് നൽകിയ കുഞ്ഞ് അനുപമയുടേതാണെന്ന സംശയം ബലപ്പെടുകയാണ്. അതേ കുട്ടി തന്നെയാണെങ്കിൽ ഗുരുതരമായ പിഴവ് ശിശുക്ഷേമ സമിതിക്കുണ്ടായെന്നാണു നിയമ വിദഗ്ധരുടെ വിലയിരുത്തൽ.