തിരുവനന്തപുരം: അനുപമ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയിൽ നിന്നും വിവരങ്ങൾ തേടി സംസ്ഥാന നേതൃത്വം. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ എകെജി സെന്ററിലേക്ക് കോടിയേരി ബാലകൃഷ്ണൻ വിളിച്ചുവരുത്തി വിവരം തേടി. കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സർക്കാർ തിരുത്തൽ തുടങ്ങിയതിനൊപ്പം മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് സിപിഎമ്മും. സംസ്ഥാന സെക്രട്ടറിയേറ്റ് ഉടൻ പ്രശ്‌നം ചർച്ച ചെയ്യും.

അതിന് മുന്നോടിയായാണ് പ്രശ്‌നത്തിൽ നേരത്തെ ഇടപെട്ട ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ നേരിട്ട് എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തി കോടിയേരി ബാലകൃഷ്ണൻ വിശദാംശങ്ങൾ ശേഖരിച്ചത്. കേന്ദ്ര നേതാക്കൾ പോലും ഇടപെട്ടിട്ടും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ അറിയിച്ചിട്ടും അനുപമയ്ക്ക് നീതി കിട്ടിയില്ലെന്ന പ്രശ്‌നം പാർട്ടിയെ വല്ലാതെ സമ്മർദ്ദത്തിലാക്കുന്നു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും അനുപമയുടെ അച്ഛൻ ജയചന്ദ്രനുമെതിരെ പാർട്ടി നടപടിക്കാണ് സാധ്യത. പക്ഷെ ഡിവൈഎഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ ഷിജുഖാന് വീഴ്ച പറ്റിയില്ലെന്നാണ് സംഘടനയുടെ നിലപാട്.

അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിക്കണമെന്നാണ് പാർട്ടി നിലപാടെന്ന് ആനാവൂർ നാഗപ്പൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഈ നിലപാടിനെ തള്ളി അനുപമയും ഭർത്താവ് അജിത്തും രംഗത്തു വന്നു. അനുപമയുമായി ഇക്കാര്യങ്ങൾ നേരിട്ട് സംസാരിച്ചിട്ടില്ല, എന്നാൽ ഫോണിൽ സംസാരിച്ചപ്പോൾ പാർട്ടിയെ കൊണ്ട് തീരുന്ന വിഷയമല്ല ഇതൊന്നും നിയമപരമായി നീങ്ങുന്നതാണ് നല്ലതെന്നുമാണ് അന്ന് പറഞ്ഞത്. കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനായുള്ള നിയമപരമായ എല്ലാ പിന്തുണയും പാർട്ടി നൽകുമെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞിരുന്നു.

ആറു മാസങ്ങൾക്ക് മുമ്പ് കുഞ്ഞിനെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ട് ആനാവൂർ നാഗപ്പനെ തങ്ങൾ സമീപിച്ചിരുന്നെന്ന് അനുപമയും പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. ജില്ലാ കമ്മിറ്റി ഓഫീസിലാണ് പരാതി നൽകാനായി പോയത്. എന്നാൽ ആനാവൂരിന് കോവിഡ് ആയതിനാൽ നേരിട്ടു കാണാനായില്ല. അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിരുന്നു. നേരിട്ട് പരാതി എഴുതി കൊടുക്കുകയും ചെയ്തു. പിന്നീട് അച്ഛനുമായി ആനാവൂർ നാഗപ്പൻ സംസാരിച്ചു. അച്ഛനാണ് തന്റെ അനുമതിയോടെയാണ് ദത്ത് നൽകിയതെന്ന കള്ളം പറഞ്ഞത്. അദ്ദേഹത്തിന് മാസങ്ങൾക്ക് മുമ്പ് കൊടുത്ത പരാതിയിൽ ഇപ്പോൾ നിലപാട് എടുക്കുന്നത് മുഖം രക്ഷിക്കാനാണെന്നും അനുപമ ആരോപിച്ചിരുന്നു.