- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദത്ത് കേസ് നിർണായക ഘട്ടത്തിൽ; ഡിഎൻഎ പരിശോധന ഫലം അമ്മയെ അറിയിക്കാതെ സിഡബ്ല്യൂസിയുടെ ഒളിച്ചുകളി; വ്യക്തത വരുത്തണമെന്ന് അനുപമ; ഇനി ഉയരുക കുഞ്ഞിനെ എപ്പോൾ കൈമാറുമെന്ന ചോദ്യം
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്തു നൽകിയ കേസിൽ ഡിഎൻഎ പരിശോധനയിൽ കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് വ്യക്തമായി കഴിഞ്ഞുവെങ്കിലും വിവരം ഇത് വരെ അനുപമയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
ഡിഎൻഎ ഫലം പോസിറ്റീവാണെന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി സിഡബ്ല്യൂസിയെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. കുഞ്ഞിനെ അനുപമയ്ക്ക് എപ്പോൾ കൈമാറുമെന്നതാണ് ഇനിയുള്ള ചോദ്യം. ടെസ്റ്റ് റിസൾട്ട് പോസിറ്റിവാണെന്ന് സിഡബ്ല്യൂസിയെ അറിയിച്ചുവെങ്കിലും ഇക്കാര്യം അനുപമയെ അറിയിച്ചിട്ടില്ല.
മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാടി വിഷയത്തിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് അനുപമ സിഡബ്ല്യൂസിക്ക് മെയിലയച്ചിട്ടുണ്ട്. ഡിഎൻഎ റിപ്പോർട്ടിലെ വിവരങ്ങൾ തനിക്കു നൽകണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ സിഡബ്ല്യുസിക്ക് കത്തു നൽകിയത്്. നിയമോപദേശം തേടിയ ശേഷമായിരിക്കും സിഡബ്ല്യൂസിയുടെ തുടർ നടപടികളെന്നാണ് അറിയാൻ കഴിയുന്നത്.
ഡിഎൻഎ പരിശോധനയിൽ മൂന്നു പേരുടെയും ഫലം പോസിറ്റീവായി. ഈ റിപ്പോർട്ട് സിഡബ്ല്യുസി കോടതിയിൽ സമർപ്പിക്കും. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയാണ് കുഞ്ഞിന്റെ സാംപിൾ പരിശോധിച്ച് ഡിഎൻഎ റിപ്പോർട്ട് സിഡബ്ല്യുസിക്ക് കൈമാറിയത്. സന്തോഷ വാർത്ത അറിഞ്ഞയുടൻ സമരപ്പന്തലിൽ അനുപമ മിഠായി വിതരണം ചെയ്തിരുന്നു.
ആന്ധ്രയിലെ വിജയവാഡയിൽ നിന്നും തിരുവനന്തപുരത്തെത്തിച്ച കുഞ്ഞ് ഇപ്പോൾ നിർമലാ ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നൽകിയിരുന്നുവെങ്കിലും ഇത് നിലവിൽ അനുവദിച്ചിട്ടില്ല.
കേസിൽ കോടതി അന്തിമ കാര്യങ്ങൾ തീരുമാനിക്കുമെന്നും കോടതി വഴിമാത്രമെ കുഞ്ഞിനെ കൈമാറാനാകൂവെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നേരത്തേ വ്യക്തമാക്കിയിരുന്നു.
ഈ മാസം മുപ്പതാം തീയതിക്ക് അകം ഡിഎൻഎ പരിശോധനാ ഫലം ഉൾപ്പെടെ റിപ്പോർട്ട് നൽകാനായിരുന്നു തിരുവനന്തപുരം കുടുംബകോടതി ആവശ്യപ്പെട്ടിരുന്നത്. അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ നടത്തുന്ന സമരം തുടരുകയാണ്.
ഒക്ടോബർ 14ന് മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് കുഞ്ഞിനെ അമ്മ അറിയാതെ ദത്ത് നൽകിയ സംഭവം പുറത്തെത്തിയത്. കുഞ്ഞിന് വേണ്ടിയുള്ള അമ്മയുടെ പോരാട്ടം മാധ്യമങ്ങൾ ഏറ്റെടുത്തതോടെ പൊലീസിന്റെയും ചെൽഡ് വെൽഫയർ കമ്മിറ്റിയുടെയും ശിശുക്ഷേമ സമിതിയുടെയും വീഴ്ചകൾ ഒന്നൊന്നായി തെളിവ് സഹിതം പുറത്തുവന്നു.
മാധ്യമങ്ങളിലെ വാർത്തകൾക്ക് പിന്നാലെ വിഷയം പ്രതിപക്ഷ കക്ഷികൾ ഏറ്റെടുത്തതോടെ ദത്ത് നടപടികൾ നിർത്തിവെക്കാൻ സർക്കാർ ഇടപെടൽ ഉണ്ടായി. അനുപമയുടെ പരാതിയെ ഗൗനിക്കാതിരുന്ന ചൈൽഡ് വെൽഫയർ കമ്മിറ്റി തന്നെയാണ് ഒടുവിൽ കുഞ്ഞിനെ നാട്ടിലെത്തിക്കാൻ ഉത്തരവിട്ടത്.
കഴിഞ്ഞ ദിവസം കുഞ്ഞിനെ നാട്ടിലെത്തിച്ച് ഡിഎൻഎ പരിശോധന നടത്താൻ അവസരമൊരുങ്ങി. ഒടുവിൽ കുഞ്ഞ് അനുപമയുടേതെന്ന് സ്ഥിരീകരിക്കുന്ന ഡിഎൻഎ ഫലവും പുറത്ത് വന്നു.
ദത്ത് നടപടിക്രമങ്ങളുമായുള്ള അന്വേഷണ റിപ്പോർട് ഈ മാസം 29 ന് കോടതിയിൽ സമർപ്പിക്കാമെന്നാണു സിഡബ്ല്യുസി തിരുവനന്തപുരം കുടുംബകോടതിയെ അറിയിച്ചത്. ദത്തു കേസിലെ അതിനിർണായക പരിശോധനാഫലമാണ് ഇന്നു സിഡബ്ല്യുസിക്ക് കൈമാറിയിരിക്കുന്നത്.
കുഞ്ഞ് തന്റേതാണെന്ന അനുപമയുടെ അവകാശവാദത്തിനു പരിശോധനാഫലത്തിലൂടെ വ്യക്തതയുണ്ടായിരിക്കുന്നു. സർക്കാർ ഏജൻസികൾക്കോ കോടതികൾക്കോ മാത്രമേ ഡിഎൻഎ പരിശോധനാഫലം രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി കൈമാറാവൂ എന്നതാണ് നിയമം. പരിശോധനയ്ക്കായി കുഞ്ഞ്, അനുപമ, അജിത്ത് എന്നിവരുടെ സാംപിൾ ശേഖരിച്ചപ്പോഴും സിഡബ്ല്യുസി ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നു.
ദത്തു നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട് സമർപ്പിക്കാൻ അർധ ജുഡീഷ്യൽ സ്വഭാവമുള്ള ഏജൻസിയായ സിഡബ്ല്യുസിയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ ഡിഎൻഎ ടെസ്റ്റ് അടക്കം നടത്തുകയാണെന്നും ഈ മാസം 29 വരെ സമയം വേണമെന്നും സിഡബ്ല്യുസി കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
ഇതനുസരിച്ച് റിപ്പോർട്ടിനൊപ്പം ഡിഎൻഎ പരിശോധനാ ഫലവും കോടതിയിൽ ഹാജരാക്കും. കോടതിയുടെ നിലപാടനുസരിച്ചായിരിക്കും ഇനിയുള്ള തുടർ നടപടികൾ. ഈ മാസം 30 നാണ് ഇനി കേസ് തിരുവനന്തപുരം കുടുംബകോടതി പരിഗണിക്കുന്നത്.
ആന്ധ്രയിൽനിന്നു ഞായറാഴ്ച രാത്രിയോടെ തലസ്ഥാനത്തെത്തിച്ച കുഞ്ഞിന്റെ ഡിഎൻഎ സാംപിളാണ് ആദ്യമെടുത്തത്. കുഞ്ഞിനെ ഏൽപിച്ചിരിക്കുന്ന കുന്നുകുഴിയിലെ നിർമല ശിശുഭവനിലെത്തിയാണു ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരുടെ സാന്നിധ്യത്തിൽ രാജീവ്ഗാന്ധി സെന്റർ ഉദ്യോഗസ്ഥർ സാംപിളെടുത്തത്. സെന്ററിൽ എത്താൻ അനുപമയോടും അജിത്തിനോടും തുടർന്നു ഫോണിൽ അറിയിച്ചു. ഇവർ ഉച്ചയ്ക്കു ശേഷം അവിടെ ചെന്നു സാംപിൾ നൽകുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ