- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അനുപമയിൽ നിന്നും പിടിച്ചുവാങ്ങിയ കുട്ടിയെ ശിശുക്ഷേമ സമിതിയിൽ എത്തിച്ചത് ജയചന്ദ്രൻ; പാർട്ടി വക്കീലിന്റെ സഹായത്തോടെ വ്യാജസമ്മതപത്രം ഉണ്ടാക്കി; ആൺകുട്ടിയെ പെൺകുട്ടിയെന്ന് രേഖപ്പെടുത്തിയത് ഷിജുഖാന്റെ സഹായത്തോടെ; ആന്ധ്രാ സ്വദേശികൾക്ക് കൊടുത്തത് കുട്ടിയെ കേരളത്തിൽ നിന്നും കടത്താൻ; ഒടുവിൽ എല്ലാ പ്ലാനുകളും തകർത്ത് കുഞ്ഞ് തിരികെ അനുപമയ്ക്ക് തന്നെ
തിരുവനന്തപുരം: ഒടുവിൽ ഡിഎൻഎ ഫലം പോസിറ്റീവായി, കുട്ടി അനുപമയുടെ പക്കലേയ്ക്ക് തന്നെ എത്തുമ്പോൾ തകരുന്നത് ജയചന്ദ്രനും ഷിജുഖാനും സിപിഎം പേരൂർക്കട ഏരിയ സെക്രട്ടറിയും അടക്കമുള്ളവർ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ. എട്ടാം മാസത്തിൽ അനുപമ ഗർഭിണി ആയ ശേഷം മലപ്പുറത്തും കരുനാഗപ്പള്ളിയിലുമടക്കമുള്ള ആശുപത്രികളിലെത്തിച്ച് അബോർഷൻ ചെയ്യിക്കാൻ ജയചന്ദ്രൻ ശ്രമിച്ചെങ്കിലും അനുപമയുടെ ചെറുത്ത് നിൽപ്പ് മൂലവും എട്ട് മാസമായതുകൊണ്ടും അബോർഷൻ നടന്നില്ല.
കാട്ടാക്കടയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ച് സിസേറിയൻ നടത്തി മൂന്നാം ദിവസം വീട്ടിലേയ്ക്ക് വരുന്നവഴി ജയചന്ദ്രൻ പിടിച്ചുവാങ്ങിക്കൊണ്ടുപോയ കുട്ടിയെ അനുപമ അതിന് ശേഷം ഇന്നാണ് കാണുന്നത്. കുട്ടിയെ ചേച്ചിയുടെ കല്യാണത്തിന് ശേഷം തിരിച്ചെത്തിക്കാമെന്നായിരുന്നു ഉറപ്പ്. എന്നാൽ ആ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല അനുപമയെ അവിടെ നിന്നും ഇടുക്കിയിൽ അമ്മയുടെ വീട്ടിലേയ്ക്ക് നാട് കടത്തുകയുമാണ് ഉണ്ടായത്. ഏതാനും മാസങ്ങൾ അനുപമ അവിടെ വീട്ടുതടങ്കിലായിരുന്നു, അവിടെ നിന്നും രക്ഷപ്പെട്ട് ബസ് കേറി കൊട്ടാരക്കരയിൽ എത്തിയാണ് അനുപമ അജിത്തിനെ വിളിച്ചുവരുത്തിയത്.
ഈ സമയം ജയചന്ദ്രനും ഷിജുഖാനുമടക്കമുള്ള സംഘം കുട്ടിയെ ശിശുക്ഷേമസമിതി വഴി നാട് കടത്താനുള്ള പ്ലാൻ തയ്യാറാക്കുകയായിരുന്നു. ഷിജുഖാൻ നൽകിയ ഉറപ്പനുസരിച്ചാണ് അനുപമയുടെ മാതാപിതാക്കളായ ജയചന്ദ്രനും സ്മിത ജയിംസും പേരൂർക്കടയിലെ പാർട്ടി ലോക്കൽ കമ്മിറ്റിയംഗവും ചേർന്ന് ഒക്ടോബർ 22ന് രാത്രി ശിശുക്ഷേമ സമിതിയിൽ ആൺകുട്ടിയെ കൊണ്ടുവന്നത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ദീപ റാണി കുഞ്ഞിനെ വാങ്ങി ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. തുടർന്ന്, തൈക്കാട് ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ പെൺകുഞ്ഞാക്കി രജിസ്റ്ററിൽ ഡോക്ടറെക്കൊണ്ട് എഴുതിപ്പിച്ചു. പിറ്റെ ദിവസം മലാല എന്ന് പേരിട്ട് വാർത്തകളും നൽകി.
23ന് വെള്ളിയാഴ്ച മറ്റൊരു ആൺകുഞ്ഞിനെയും സമിതിയിൽ ലഭിച്ചു. പിറ്റെ ദിവസം ആൺ-പെൺ വിവാദം വന്നപ്പോൾ തൈക്കാട് ആശുപത്രിയിൽ പോയി രജിസ്റ്ററിൽ പെൺകുട്ടി എന്നത് ആൺകുട്ടിയാക്കി മാറ്റി എഴുതിച്ചതും തിരുത്തി മറ്റൊരു ഒ.പി ടിക്കറ്റ് വാങ്ങിയതും സൂപ്രണ്ട് ഷീബയാണ് എന്നും ആരോപണമുണ്ട്. എം.എസ്.ഡബ്ല്യു യോഗ്യത വേണ്ട ദത്തെടുക്കൽ കേന്ദ്രത്തിലെ അഡോപ്ഷൻ ഓഫിസറുടെ ചുമതലയും ബിരുദം മാത്രമുള്ള ഷീബക്കാണ് ഷിജുഖാൻ നൽകിയതും വിവാദത്തിലായിരുന്നു.
അനുപമയും ഭർത്താവും കുഞ്ഞിനെ ആവശ്യപ്പെട്ട് ഷിജുഖാന്റെ അടുത്തുവന്നപ്പോൾ തിടുക്കത്തിൽ കുഞ്ഞിനെ എന്തിന് ആന്ധ്രയിലെ ദമ്പതികൾക്ക് നൽകിയെന്ന് പാർട്ടിയും സർക്കാറും അന്വേഷിക്കണം എന്നും ജീവനക്കാർ തന്നെ ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിന്റെ ഡി.എൻ.എ ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടപ്പോൾ ഒക്ടോബർ 23ന് ലഭിച്ച പെലെ എഡിസൺ എന്ന കുട്ടിയുടെ ടെസ്റ്റ് നടത്തി അമ്മയെ കബളിപ്പിച്ചതും ചർച്ചകളിലെത്തി.
അമരാവതിയിലെ കുടുംബത്തിന് കുട്ടിയെ ദത്തുകൊടുത്തത് മുൻഗണനാ പട്ടിക അട്ടിമറിച്ചെന്നാണ് സൂചന. ദത്തിന് അർഹരായവരുടെ പട്ടികയിൽ നാലു പേരെ പിന്തള്ളിയാണ് ഈ കൈമാറ്റം എന്നാണ് ഉയരുന്ന ആരോപണം. അനുപമയുടെ കുട്ടി കേരളത്തിൽ വളരരുതെന്ന മുൻവിധി ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന. കുഞ്ഞിന്റെ അമ്മയുടെ പരാതി പല തവണ കിട്ടിയിട്ടും കുട്ടിയെ കണ്ടെത്താൻ ബോധപൂർവം ശ്രമിച്ചില്ല എന്നതും ഞെട്ടിക്കുന്നതാണ്.
കുഞ്ഞിനെ ലഭിച്ച ദിവസങ്ങളിലെ സമിതിയിലെ മുഴുവൻ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിച്ചതായി മുഖ്യമന്ത്രിക്ക് ജീവനക്കാരിൽ ചിലർ നൽകി കത്തിൽ പറയുന്നു. നിയമലംഘനങ്ങൾ നടത്തിയിരിക്കുന്നത് ഷിജുഖാനും ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സുനന്ദയും ചേർന്നാണ്. പ്രശ്നങ്ങൾ പുറത്തുവന്നപ്പോൾ ജീവനക്കാരെ ഭീഷണിപ്പെടുത്താനാണ് ഷിജുഖാനും അടുപ്പക്കാരും ശ്രമിച്ചത്. 2020 ഒക്ടോബർ 22ന് അർധരാത്രിക്കുശേഷം 12.30ന് ശിശുക്ഷേമ സമിതിയിൽ ലഭിച്ച കുഞ്ഞിന്റെ വിവരം സമിതിയിലെ മുഴുവൻ ജീവനക്കാർക്കും അറിവുള്ളതാണ്. സംഭവ ദിവസങ്ങളിൽ സമിതിയിലെ അമ്മത്തൊട്ടിൽ പൂർണമായി പ്രവർത്തിച്ചിരുന്നില്ല.
കുട്ടിയെ തിരിച്ചുകിട്ടാൻ അനുപമയും അജിത്തും ആദ്യം മുട്ടിയത് പാർട്ടിയുടെ വാതിലുകളാണ്. ജില്ലാ സെക്രട്ടറി മുതൽ പോളിറ്റ് ബ്യൂറോ അംഗം വരെയുള്ളവരെ ഇവർ ബന്ധപ്പെട്ടു. സംസ്ഥാന കമ്മിറ്റി കൂടട്ടെ, സെക്രട്ടറിയേറ്റിൽ അവതരിപ്പിക്കാം എന്നൊക്കെ വാഗ്ദാനങ്ങൾ നൽകി പാർട്ടി നേതാക്കൾ പൊലീസ് കേസ് നൽകുന്നതിൽ നിന്നും ഇവരെ പിന്തിരിപ്പിച്ചു. എന്നാൽ പാർട്ടി പൂർണമായും ജയചന്ദ്രനൊപ്പമാണെന്ന് മനസിലായതോടെയാണ് അനുപമയും അജിത്തും പേരൂർക്കട സ്റ്റേഷനിൽ പരാതിയുമായെത്തിയത്. എന്നാൽ കേസെടുക്കാതെ പരാതി മുക്കാനാണ് പൊലീസ് ശ്രമിച്ചത്.
അനുപമ മുഖ്യമന്ത്രിക്ക് കൊടുത്തതടക്കം പൊലീസ് അട്ടിമറിച്ചത് മൂന്ന് പരാതികളാണ്. ശിശുക്ഷേമ സമിതിയിൽ കുട്ടിയെ കിട്ടിയ വിവരവും പൊലീസിനെ അറിയിച്ചിരുന്നു എന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞതോടെ പൊലീസിന്റെ കള്ളക്കളി കൂടുതൽ പുറത്തുവന്നു. സ്വന്തം കുഞ്ഞിനെ കാണാനാല്ലെന്ന് പറഞ്ഞ് പൊലീസിന് കിട്ടിയ മൂന്ന് പരാതികളും കേസ് പോലും എടുക്കാതെ തീർപ്പാക്കി. മൂന്നും കുഞ്ഞ് ദത്ത് പോകുന്നതിന് മുമ്പ്. ഏപ്രിൽ 19 ന് അനുപമ പേരൂർക്കട പൊലീസിൽ കൊടുത്ത ആദ്യ പരാതി , ഏപ്രിൽ 29 ന് ഡിജിപിക്ക് കൊടുത്ത പരാതി, മുഖ്യമന്ത്രിക്ക് ജൂലായ് 12 ന് കൊടുത്ത പരാതി
കുഞ്ഞ് ദത്ത് പോകും വരെ പൊലീസ് അനങ്ങിയില്ല. അനുപമ പരാതിയിൽ പറയുന്ന ഒക്ടോബർ 22 ന് രാത്രി കുഞ്ഞിനെ കിട്ടിയെന്ന് ശിശുക്ഷേമ സമിതിയെ അറിയിച്ചതോടെ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയാണ്. കുഞ്ഞ് ശിശുക്ഷേമ സമിതിയിലുണ്ടൈന്നറിഞ്ഞിട്ടും പൊലീസ് അനങ്ങിയില്ല എന്നതിന് തെളിവാണ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ ഇന്നലെ പറഞ്ഞത്. ഇതിന് പിന്നിൽ വൻ ഗൂഢാലോചന നടന്നുവെന്നാണ് സൂചന. പൊലീസ് കുഞ്ഞ് ദത്ത് പോകും വരെ കാത്ത് നിൽക്കുകയായിരുന്നു.
അനുപമയുടെ കുട്ടിയെ ദത്തു നൽകിയ കേസിൽ മുഖ്യമന്ത്രിക്കു കത്തുമായി ശിശുക്ഷേമ സമിതി ജീവനക്കാർ രംഗത്തു വന്നിരുന്നു. അനുപമ എസ്. ചന്ദ്രന്റെ കുഞ്ഞ് അമ്മത്തൊട്ടിലിൽ എത്തിയിരുന്നില്ലെന്നാണു കത്തിലെ പ്രധാന വെളിപ്പെടുത്തൽ. കുഞ്ഞിനെ അനുപമയുടെ മാതാപിതാക്കൾ നേരിട്ട് ശിശുക്ഷേമ സമിതിയിൽ ഏൽപ്പിക്കുകയായിരുന്നുവെന്നും കത്തിലുണ്ട്. ഇതോടെ സംഭവത്തിൽ ദുരൂഹത വർദ്ധിച്ചു. കുടുംബ കോടതിയിൽ ഇത് ശിശുക്ഷേമ സമിതി നിഷേധിച്ചു. എന്നാൽ ജാമ്യ ഹർജിയിൽ കുട്ടിയെ ഏൽപ്പിച്ചുവെന്നാണ് അനുപമയുടെ അച്ഛൻ ജയചന്ദ്രൻ പറയുന്നത്.