തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ഇനി കൈമാറുക കോടതി നിർദ്ദേശപ്രകാരം. വൈകുന്നേരം ചേർന്ന ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ അടിയന്തര യോഗത്തിൽ ഡിഎൻഎ ഫലം അനുപമയ്ക്ക് അനുകൂലമാണെന്ന് കാട്ടി കോടതിയിൽ റിപ്പോർട്ട് നൽകാൻ തീരുമാനമായി. കുഞ്ഞ് അനുപമയുടേതാണെന്നും കുട്ടിയെ അമ്മയ്ക്ക് കൈമാറാവുന്നത് ആണെന്നും ഉള്ള റിപ്പോർട്ട് നാളെ തന്നെ കോടതിയിൽ സമർപ്പിക്കും.

ഡിഎൻഎ പരിശോധനയിൽ മൂന്നു പേരുടെയും ഫലം പോസിറ്റീവായി. ഈ റിപ്പോർട്ടും സിഡബ്ല്യുസി കോടതിയിൽ സമർപ്പിക്കും. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയാണ് കുഞ്ഞിന്റെ സാംപിൾ പരിശോധിച്ച് ഡിഎൻഎ റിപ്പോർട്ട് സിഡബ്ല്യുസിക്ക് കൈമാറിയത്. . ഡിഎൻഎ റിപ്പോർട്ടിലെ വിവരങ്ങൾ തനിക്കു നൽകണമെന്ന് ആവശ്യപ്പെട്ട് അനുപമ സിഡബ്ല്യുസിക്ക് കത്തു നൽകിയിട്ടുണ്ട്.

ദത്ത് നടപടിക്രമങ്ങളുമായുള്ള അന്വേഷണ റിപ്പോർട് ഈ മാസം 29 ന് കോടതിയിൽ സമർപ്പിക്കാമെന്നാണു സിഡബ്ല്യുസി തിരുവനന്തപുരം കുടുംബകോടതിയെ അറിയിച്ചത്. ദത്തു കേസിലെ അതിനിർണായക പരിശോധനാഫലമാണ് ഇന്നു സിഡബ്ല്യുസിക്ക് കൈമാറിയിരിക്കുന്നത്. കുഞ്ഞ് തന്റേതാണെന്ന അനുപമയുടെ അവകാശവാദത്തിനു പരിശോധനാഫലത്തിലൂടെ വ്യക്തതയുണ്ടായിരിക്കുകയാണ്. സർക്കാർ ഏജൻസികൾക്കോ കോടതികൾക്കോ മാത്രമേ ഡിഎൻഎ പരിശോധനാഫലം രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി കൈമാറാവൂ എന്നതാണ് നിയമം. പരിശോധനയ്ക്കായി കുഞ്ഞ്, അനുപമ, അജിത്ത് എന്നിവരുടെ സാംപിൾ ശേഖരിച്ചപ്പോഴും സിഡബ്ല്യുസി ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നു.

ദത്തു നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട് സമർപ്പിക്കാൻ അർധ ജുഡീഷ്യൽ സ്വഭാവമുള്ള ഏജൻസിയായ സിഡബ്ല്യുസിയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ ഡിഎൻഎ ടെസ്റ്റ് അടക്കം നടത്തുകയാണെന്നും ഈ മാസം 29 വരെ സമയം വേണമെന്നും സിഡബ്ല്യുസി കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് റിപ്പോർട്ടിനൊപ്പം ഡിഎൻഎ പരിശോധനാ ഫലവും കോടതിയിൽ ഹാജരാക്കും. കോടതിയുടെ നിലപാടനുസരിച്ചായിരിക്കും ഇനിയുള്ള തുടർ നടപടികൾ. ഈ മാസം 30 നാണ് ഇനി കേസ് തിരുവനന്തപുരം കുടുംബകോടതി പരിഗണിക്കുന്നത്.

അതേസമയം, ഡിഎൻഎ ഫലം വന്നതിനു പിന്നാലെ സിഡബ്ലുസിയുടെ അനുമതിയോടെ പാളയത്തെ നിർമല ശിശുഭവനിലെത്തി അനുപമ കുഞ്ഞിനെയും കണ്ടു. പിറന്നുവീണു മൂന്നാംനാൾ 'കാണാതായ' കുഞ്ഞിനെയാണ് ഒരു വർഷത്തിനു ശേഷം കണ്ടത്. ''സന്തോഷം, പറഞ്ഞറിയാക്കാനാകാത്ത സന്തോഷം. ഒന്നും പറയാൻ പറ്റുന്നില്ല.'' ഡിഎൻഎ ഫലം പുറത്തുവന്നശേഷം അനുപമയുടെ ആദ്യ പ്രതികരണം ഇങ്ങനെ.

ഉടനെ കൈയിൽ കിട്ടുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും അനുപമ പ്രതികരിച്ചു. അനുപമയ്‌ക്കൊപ്പം അജിത്തുമുണ്ടായിരുന്നു.