- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയും കുഞ്ഞും ഒന്നായി; അമ്മ അറിയാതെ ദത്ത് നൽകിയ കേസ്: അനുപമയുടെ കുഞ്ഞിനെ വിട്ടുനൽകാൻ കുടുംബ കോടതി വിധി; ജഡ്ജിയുടെ ചേംബറിൽ വച്ച് കുഞ്ഞിനെ കൈമാറി; വിട്ടുനൽകിയത് വൈദ്യ പരിശോധനയ്ക്ക് ശേഷം; കേസ് അടിയന്തരമായി പരിഗണിച്ചത് സർക്കാർ വാദങ്ങൾ പരിഗണിച്ച്
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്തു നൽകിയ കേസിൽ അനുപമയ്ക്ക് കുഞ്ഞിനെ വിട്ടുനൽകാൻ തിരുവനന്തപുരം കുടുംബ കോടതി വിധി. ജഡ്ജിയുടെ ചേംബറിൽ വച്ച് കുഞ്ഞിനെ കൈമാറി. കുഞ്ഞിനെ കോടതിയിൽ എത്തിച്ചിരുന്നു. തുടർന്ന് ജഡ്ജിയുടെ ചേംബറിൽ ഹാജരാക്കിയ ശേഷം വൈദ്യ പരിശോധന നടത്തി. ഡോക്ടറെ ചേംബറിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പരിശോധന. അനുപമയെയും ചേംബറിലേക്ക് വിളിപ്പിച്ചു. സിഡബ്ല്യുസി അധ്യക്ഷയും, സർക്കാർ പ്രോസിക്യൂട്ടറും കോടതിയിലെത്തിയിരുന്നു. അനുപമയും അജിത്തും കോടതിയിൽ എത്തി കുഞ്ഞിനെ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട ഹർജി സമർപ്പിച്ചിരുന്നു.
സർക്കാർ വാദങ്ങൾ പരിഗണിച്ചാണ് അടിയന്തരമായി കേസ് പരിഗണിക്കാൻ തിരുവനന്തപുരം കുടുംബകോടതി തീരുമാനിച്ചത്. കുഞ്ഞ് അനുപമയുടേതാണെന്ന ഡി.എൻ.എ പരിശോധനാഫലം ഉൾപ്പെടെയുള്ള സി.ഡബ്ല്യു.സി റിപ്പോർട് ഗവൺമെന്റ് പ്ലീഡർ എ.ഹക്കിം കോടതിക്ക് കൈമാറി. ഡിഎൻഎ പരിശോധനാ ഫലം അനുപമയ്ക്ക് അനുകൂലമായ സാഹചര്യത്തിൽ എത്രയും വേഗം കുട്ടിയെ കൈമാറാനുള്ള നടപടികൾ സ്വീകരിക്കാനാണ് ഗവൺമെന്റ് പ്ലീഡറോട് സർക്കാർ നിർദ്ദേശിച്ചത്. വനിതാശിശു വികസന വകുപ്പ് ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ വിവരങ്ങളും കോടതിയെ അറിയിച്ചു.
കുഞ്ഞിനെ അനുപമക്ക് കൈമാറാൻ കുടുംബകോടതി ജഡ്ജി കെ. ബിജു മേനോനാണ് ഉത്തരവിട്ടത്. കുഞ്ഞിനെ ഹാജരാക്കാൻ ഉത്തരവിട്ടത് പ്രകാരം ശിശുക്ഷേമ സമിതി കുഞ്ഞിനെ കോടതിയിൽ ബുധനാഴ്ച ഉച്ച തിരിഞ്ഞ് 3 മണിക്ക് ഹാജരാക്കി. അനുപമയും അജിത്തും കോടതിയിൽ ഹാജരായിരുന്നു. വിജയവാഡയിൽ നിന്നെത്തിച്ച കുഞ്ഞിന്റെ ഡി എൻ എ ഫലം പോസിറ്റീവായതിനാൽ സർക്കാർ അഭിഭാഷകൻ വെമ്പായം എ. ഹക്കിം ബുധനാഴ്ച കേസ് മുൻകൂറായി കേൾക്കണമെന്നാവശ്യപ്പെട്ട് അഡ്വാൻസ് ഹർജി സമർപ്പിച്ചു. തുടർന്ന് കേസ് ഉച്ച തിരിഞ്ഞ് പരിഗണിക്കാനായി മാറ്റി.
ഇതിനിടെ കുഞ്ഞിന്റെയും മാതാപിതാക്കളായ തങ്ങളുടെയും ഡിഎൻഎ ഫലം പോസിറ്റീവായതിനാൽ കുഞ്ഞിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അനുപമ ഹർജി ഫയൽ ചെയ്തു. അനുപമയുടെ ഹർജി കോടതി അനുവദിക്കുകയായിരുന്നു. ദത്തുമായി ബന്ധപ്പെട്ട് ആന്ധ്രാ ദമ്പതികൾ കുഞ്ഞിന്റെ പേരിൽ രജിസ്റ്റാക്കിയ സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ റദ്ദ് ചെയ്ത് അവർക്ക് തിരികെ നൽകാനും കോടതി ഉത്തരവിട്ടു. വിജയവാഡയിൽ നിന്നും കുഞ്ഞിനെ 2 ദിവസം മുമ്പ് കേരളത്തിലെത്തിച്ചിരുന്നു.
30 നകം കുഞ്ഞിന്റെയും അനുപമയുടെയും ഡിഎൻഎ ഫലം ഹാജരാക്കാൻ കുടുംബ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. കോടതിയുത്തരവ് പ്രകാരം ദത്തു നൽകിയതിന്റെ രേഖകൾ തിരുവനന്തപുരം കുടുംബക്കോടതിയിൽ സി. ഡബ്ലു. സി ഹാജരാക്കി. കുഞ്ഞിനെ ഹാജരാക്കാൻ ആന്ധ്രാ ദമ്പതികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് കാണിച്ച റിപ്പോർട്ടും ഹാജരാക്കിയിരുന്നു. 30 നകം കുഞ്ഞിന്റെയും അനുപമയുടെയും ഡിഎൻഎ ഫലം ഹാജരാക്കാൻ കുടുംബ കോടതി ജഡ്ജി കെ. ബിജു മേനോൻ ഉത്തരവിട്ടു.
മുഴുവൻ രേഖകളും ശിശുക്ഷേമ സമിതിയും സി. ഡബ്ലു. സി. യും 20 നകം ഹാജരാക്കാൻ തിരുവനന്തപുരം കുടുംബ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ശിശുക്ഷേമ സമിതിക്കും ചൈൽഡ് വെൽഫയർ കമ്മിറ്റിക്കും ഉള്ള ദത്ത് ലൈസൻസ് , കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിലോ കൊണ്ടുവന്നേൽപ്പിച്ച നിലയിലോ ലഭിച്ചത് , ജനന സർട്ടിഫിക്കറ്റ് , അഡോപ്ഷൻ സർട്ടിഫിക്കറ്റ് , കുഞ്ഞിനെ ദത്ത് നൽകുന്നത് വിളംബരം ചെയ്തുള്ള പത്രപ്പരസ്യം , ഡിഎൻഎ പ്രൊഫൈൽ റിപ്പോർട്ട് , ദത്തിന് മുന്നോടിയായി പൊലീസിന് നൽകിയ പരാതി റിപ്പോർട്ടടക്കമുള്ള സകല റെക്കോർഡുകളും സഹിതം സത്യവാങ്മൂലം ഹാജരാക്കണം.
ചട്ടങ്ങൾ പാലിക്കാതെ നിയമവിരുദ്ധമായുള്ള കുട്ടിക്കടത്തിന് ശിശുക്ഷേമ സമിതിയെയും സി ഡബ്ലുസിയെയും തലസ്ഥാനത്തെ കുടുംബക്കോടതി രൂക്ഷമായി വിമർശിച്ചു. ദത്ത് ലൈസൻസിന്റെ കാലാവധി തീർന്നതിന് ശേഷമാണ് കുഞ്ഞിനെ ദത്ത് നൽകിയതെന്ന് റെക്കോർഡുകൾ പരിശോധിച്ച് കണ്ടെത്തിയ ജഡ്ജി കെ. ബിജു മേനോൻ രണ്ട് സ്ഥാപനങ്ങളെയും രൂക്ഷമായി വിമർശിക്കുകയായിരുന്നു. ലൈസൻസ് പുതുക്കാത്തതിന്റെ കാരണം വിശദമാക്കാനും കോടതി ഉത്തരവിട്ടു. കുഞ്ഞ് എങ്ങനെ ശിശുക്ഷേമ സമിതിയിലെത്തിയെന്നതടക്കമുള്ള തുടർ നടപടികളടക്കം മുദ്രവച്ച കവറിൽ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.
ദത്തുമായി ബന്ധപ്പെട്ട് വനിതാ ശിശു വികസന വകുപ്പ് മെമ്പർ സെക്രട്ടറി സമർപ്പിച്ച ഇടക്കാല ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 2003 ലെ ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) കേരള ചട്ടം 58 പ്രകാരമുള്ള ഹർജിയിലാണ് കോടതിയുടെ രൂക്ഷ വിമർശനങ്ങൾ രണ്ടു സ്ഥാപനങ്ങളും ഏറ്റുവാങ്ങിയത്. 2021 സെപ്റ്റംബർ 6 നാണ് മിസലേനിയസ് സിവിൾ ആപ്ലിക്കേഷൻ 18/2021 നമ്പരായി കുടുംബക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ഒക്ടോബർ 23 നാണ് അനുപമ കക്ഷി ചേരൽ ഹർജിയും ഡിഎൻഎ പരിശോധനാ ഹർജിയും സമർപ്പിച്ചത്.