- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിന്റെ വയറ്റിൽ കിടക്കുന്നത് മാംസ പിണ്ഡം അല്ലേ... അബോർഷൻ ചെയ്യാൻ നീ എന്തിനാണ് വിഷമിക്കുന്നത് എന്ന് ചോദിച്ച ബാങ്കിൽ അസിസ്റ്റന്റ്‌റ് മാനേജർ ആയ ചേച്ചി; പ്രസവിച്ച കുഞ്ഞിനെ കണ്ടത് വെറും മൂന്നു ദിവസം; ആത്മഹത്യ ചെയ്യൂ അല്ലെങ്കിൽ ഭ്രാന്താശുപത്രിയിൽ അടയ്ക്കും എന്ന് അച്ഛനും അമ്മയും; സ്വന്തം ചോരക്കുഞ്ഞിനെ നഷ്ടമായ കഥ അനുപമ പറയുമ്പോൾ
തിരുവനന്തപുരം: സാക്ഷര കേരളത്തിന് അപമാനമാണ് ഇത്. അമ്മയിൽ നിന്ന് കുട്ടിയെ തട്ടിയെടുക്കുക. പരാതി കൊടുത്തിട്ട് തിരിഞ്ഞു നോക്കാത്തെ പൊലീസും. മലയാളിയുടെ മനസാക്ഷിക്ക് നേരെയുള്ള ചോദ്യമാണ് ഈ വാർത്ത. സർക്കാരിൽ സ്വാധീനമുണ്ടെങ്കിൽ എന്ത് തോന്ന്യവാസവും കേരളത്തിൽ ആകാമെന്നതിന് തെളിവ്. പ്രസവിച്ച കുഞ്ഞിനെ തേടി തിരുവനന്തപുരത്തെ സർക്കാർ സ്ഥാപനങ്ങൾ കയറിയിറങ്ങുകയാണ് ഒരമ്മയുടെ കഥ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തു വിട്ടത്. കമ്യൂണിസ്റ്റ് കുടുംബത്തിൽ അതും തിരുവനന്തപുരത്ത് നഗരത്തിലാണ് ഇതെല്ലാം സംഭവിച്ചതെന്നതാണ് ഞെട്ടിക്കുന്നത്. പ്രതിസ്ഥാനത്തുള്ളത് സിപിഎം നേതാവ്. അതുകൊണ്ട് തന്നെ പൊലീസിനും അനക്കമില്ല. സാമൂഹിക പ്രവർത്തകരുടെ ഞെട്ടലുമില്ല.
ഒരു വർഷം മുമ്പ് പ്രസവിച്ച കുഞ്ഞിനെ തന്റെ അച്ഛനും അമ്മയും കൊണ്ടുപോയെന്ന ഗുരുതര ആരോപണവുമായാണ് അനുപമയെന്ന 22 കാരി രംഗത്തെത്തിയിരിക്കുന്നത്. പേരൂർക്കട പൊലീസിലും ഡിജിപിക്കും മുഖ്യമന്ത്രിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പരാതി നൽകിയിട്ടും കുഞ്ഞിനെക്കണ്ടെത്താൻ സഹായിക്കുന്നില്ലെന്നാണ് യുവതിയുടെ പരാതി. കേന്ദ്ര ഏജൻസികൾ റെയ്ഡിനെത്തിയപ്പോൾ നേതാവിന്റെ കൊച്ചുമക്കളെ രക്ഷിക്കാൻ ഓടിയെത്തി രാഷ്ട്രീയ നാടകം കളിച്ചവർക്ക് ഈ അമ്മയുടെ കണ്ണീര് തുടയ്ക്കാൻ ഒന്നും ചെയ്യാനില്ല. ഈ കഥ ഇന്നലെ മറുനാടൻ വാർത്തായാക്കിയിരുന്നു. ഇതിന് പിന്നാലെ അനുപമയുടെ കുട്ടിയുടെ അച്ഛനായ അജിത്ത് എന്താണ് സംഭവിച്ചതെന്ന് മറുനാടനോട് പറയുകയും ചെയ്തു. ഇപ്പോൾ അനുപമയുടെ വെളിപ്പെടുത്തലും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
തനിക്ക് നേരിടേണ്ടി വന്ന ക്രൂരതയാണ് അനുപമ പറയുന്നത്. സിപിഎമ്മിലെ പ്രമുഖ നേതാവായിരുന്ന പേരൂർക്കട സദാശിവന്റെ മകനാണ് അനുപമയുടെ അച്ഛൻ ജയചന്ദ്രൻ. സിപിഎം സംസ്ഥാന സമിതി അംഗമായിരുന്ന പേരൂർക്കട സദാശിവൻ തിരുവനന്തപുരത്ത് പാർട്ടിയെ വളർത്തിയ പ്രമുഖനാണ്. അതുകൊണ്ട് സംവിധാനമെല്ലാം ജയചന്ദ്രന് അനുകൂലവും. ഇതാണ് തനിക്ക് കുട്ടിയെ നഷ്ടപ്പെടുത്താൻ കാരണമായതെന്ന് അനുപമ പറയുന്നു. കേരളം ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ക്രൂരത.
തനിക്കുണ്ടായ ദുരവസ്ഥയെ കുറിച്ച് അനുപമ ഒരു മാധ്യമത്തോട് മനസ്സ് തുറക്കുന്നത് ഇങ്ങനെ
രണ്ടര വർഷമായി ഞങ്ങൾ പ്രണയത്തിലാണ്. ഞങ്ങൾ ഇപ്പോഴും വിവാഹിതരല്ല. അതിനു റീസൺസുണ്ട്. 2020 മാർച്ചിലാണ് ഞാൻ ഗർഭിണിയാകുന്നത്. ഗർഭിണിയായത് വീട്ടിൽ അറിഞ്ഞാൽ അത് തുടരാൻ അവർ അനുവദിക്കില്ല. അത് എനിക്ക് അറിയാം. വീട്ടിൽ ആരോടും ഞാൻ പറഞ്ഞിട്ടില്ല. എനിക്കും അജിത്തിനും മാത്രം അറിയാവുന്ന കാര്യമാണത്. തുടരാൻ തന്നെയാണ് ഞങ്ങൾ തീരുമാനിച്ചത്.
ലോക്ക് ഡൗൺ പ്രശ്‌നം ഉള്ളതിനാൽ ഞങ്ങൾക്ക് ഒരുമിക്കാൻ കഴിഞ്ഞില്ല. എട്ടാം മാസത്തിലാണ് ഞങ്ങൾ പോകുന്നത്. ആ ഘട്ടത്തിൽ വീട്ടുകാർ അജിത്തിന്റെ ഫോണിൽ എന്നെ വിളിച്ചിട്ട് തിരിച്ച് വരണം, തിരിച്ച് വന്നില്ലെങ്കിൽ ഞങ്ങൾ മരിച്ചതായും... അങ്ങനെയൊക്കെ ഒരുപാട് പറഞ്ഞപ്പോൾ മെന്റലി എനിക്കും അതൊരു പ്രയാസമായി.. അപ്പോൾ ഞാനാണ് ചേട്ടനോട് വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞത്.
എന്നോടു വീട്ടുകാർ പറഞ്ഞത് കുഞ്ഞിനെ ഒന്നും തന്നെ ചെയ്യത്തില്ല.... നമുക്ക് എന്താണെന്ന് വച്ചാൽ ആലോചിക്കാം... പക്ഷെ വീട്ടിൽ ചെന്നപ്പോൾ സാഹചര്യം മാറി. അജിത്തിന്റെ കൂടെ കെട്ടിച്ച് വിടത്തില്ല... അങ്ങനെയൊക്കെ ഉള്ളതായി..എനിക്ക് എട്ടുമാസം എന്ന് പറഞ്ഞപ്പോൾ അവർ വിശ്വസിച്ചില്ല. എന്നെ വേറെ ഒരു സ്ഥലത്തുകൊണ്ടുപോയി.. ഒരു വീട്ടില്. അത് കഴിഞ്ഞിട്ട് സ്‌കാൻ ചെയ്യിപ്പിച്ചു...എന്നെ പരിചയമുള്ള ഒരു ഡോക്ടർ ഉണ്ട്. രാജൻ എന്നു പറഞ്ഞിട്ട്...അവരുടെ വൈഫ് ഗൈനക്കോളജിസ്റ്റ് ആണ്. ആ ഡോക്ടറുടെ അടുത്തുകൊണ്ടുപോയി ചെക്കപ്പ് ചെയ്തിട്ട് കുഞ്ഞിനു വളർച്ച കുറവാണ് എന്നൊക്കെ പറഞ്ഞു...
ഞാൻ എട്ടുമാസത്തോളം തുടർച്ചയായി ചെക്കപ്പ് ചെയ്തിട്ടുണ്ട്. അതിലെല്ലാം കുട്ടിക്ക് നോർമൽ ആണ്. അവര് ചെയ്യിപ്പിച്ച സ്‌കാനിങ് റിപ്പോർട്ടിലും കുഞ്ഞിനു നോർമൽ ആണ്. വേറെ ഒന്നും ചെയ്തില്ല. വയറ്റിൽ തൊട്ടു നോക്കി പരിശോധിച്ച് അവർ പറഞ്ഞത് കുഞ്ഞിനു വളർച്ച കുറവ് ആണെന്നാണ്. എനിക്ക് അപ്പോഴേ അറിയാമായിരുന്നു ഇത് കള്ളമാണെന്ന്. എന്നെക്കൊണ്ട് എന്തൊക്കെയോ ചെയ്യിപ്പിക്കാനാണെന്ന്. പിന്നെ അജിത്തേട്ടനെ ബന്ധപ്പെടാനോ ഒന്നും സമ്മതിച്ചില്ല. എന്നെ പിന്നെ അവർ മലപ്പുറത്തുകൊണ്ടുപോയി. അവിടെ ഒരാശുപത്രിയിലാണ് കൊണ്ടുപോയത്. അബോർഷൻ ആണ് വീട്ടുകാർ ഉദ്ദേശിച്ചത്. അവിടുത്തെ ഡോക്ടർ പറഞ്ഞു. അബോർഷൻ ഒന്നും പറ്റത്തില്ല. എട്ടു മാസമായി.
പ്രസവം നേരത്തെയാക്കി ഇവർക്ക് കുഞ്ഞിനെ നോക്കാൻ കഴിഞ്ഞില്ലെങ്കിൽ ചൈൽഡ് ലൈനിൽ ഏൽപ്പിക്കാം എന്ന് പറഞ്ഞു. ഞാൻ അതിനു സമ്മതിച്ചില്ല. പ്രസവം നേരത്തെയാക്കാനോ. കുഞ്ഞിനെ ചൈൽഡ് ലൈനിൽ ഏൽപ്പിക്കാം എന്നോ ഒന്നും ഞാൻ ആരോടും പറഞ്ഞില്ല. അപ്പോൾ ഡോക്ടർ പറഞ്ഞു... നിങ്ങൾ തീരുമാനിക്ക് എന്ന് പറഞ്ഞു. എനിക്ക് അയേൺ കുറവാണ് എന്ന് പറഞ്ഞു എന്നെ അവിടെ അഡ്‌മിറ്റ് ആക്കി.
രണ്ടാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് കോവിഡ് പോസിറ്റീവ് ആയിട്ട് എന്നെ വേറൊരു ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തു. അപ്പോൾ ഞാൻ അജിയെ വിളിച്ചു. അപ്പോഴാണ് എനിക്ക് കമ്യൂണിക്കെറ്റ് ചെയ്യാൻ കഴിഞ്ഞത്. ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞു. നെഗറ്റീവ് ആയ ദിവസം പുള്ളി എന്നെ വിളിക്കാൻ പറഞ്ഞു. അതോടെ വീട്ടുകാർ പൊലീസിനെ ഒക്കെ വിളിച്ച് വരുത്തിയിട്ട് .. എന്റെ ചേച്ചിയുടെ വിവാഹം കഴിഞ്ഞിട്ടില്ല. വിവാഹം പത്ത് ദിവസത്തിനുള്ളിൽ നടത്താം...അത് കഴിഞ്ഞിട്ട് നിന്നെ അവന്റെ കൂടെ വിടാം...പ്രസവം എല്ലാം നിങ്ങൾ തന്നെ നോക്കിക്കോ...ഞങ്ങൾ ഒന്നിലും ഇടപെടാൻ വരില്ല. കല്യാണം വരെ നിലക്ക് എന്നൊക്കെ പറഞ്ഞിട്ട് ഒരുപാട് സമ്മർദ്ദം ചെലുത്തി.
ഞാനും അജിത്തും കൂടി വീണ്ടും വിചാരിച്ചു. ചേച്ചീടെ കല്യാണം അല്ലെ...അത് കഴിഞ്ഞാൽ പിന്നെ എല്ലാം നോർമൽ ആകുമല്ലോ എന്ന് വിചാരിച്ചു... പ്രശ്‌നം വേണ്ട എന്ന് വിചാരിച്ചിട്ട് ഞാൻ വീണ്ടും വീട്ടുകാരുടെ കൂടെ പോയി. എനിക്ക് അപ്പോൾ ഒൻപതാം മാസം തുടങ്ങിയിരുന്നു. നവംബർ സെക്കൻഡ് ആയിരുന്നു എന്റെ ഡേറ്റ്. വീട്ടിൽ എത്തിയപ്പോൾ വീട്ടുകാർ വീണ്ടും മാറി. എവിടെയും വിടത്തില്ല. ആ സ്റ്റേജിൽ എത്തി. ഞാൻ വീട്ടുകാരെ വിശ്വസിച്ച് പോയി. വീട്ടിൽ വന്നിട്ട് അവർ പൊലീസുകാരെക്കൊണ്ട് വിളിപ്പിക്കുകയാണ്. ഞാൻ പരാതി കൊടുക്കുക എന്നൊക്കെ പറഞ്ഞു... എന്നെ ഭീഷണിപ്പെടുത്തി. മെന്റലി ആയാലും ഫിസിക്കലി ആയാലും ഒരുപാട് ഹരാസ് ചെയ്യുന്നുണ്ട്. ഒൻപതാം മാസം എനിക്ക് അത് വലിയ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു.
എനിക്ക് ഒരു ചെറിയ പെയിൻ പോലെ വന്നപ്പോൾ കായംകുളത്ത് ഒരു ആശുപത്രിയിൽ കൊണ്ടുപോയി. ജെയ്ജി ആശുപത്രി എന്ന് പറയുന്ന ആശുപത്രിയിൽ. അവിടെയും ഡോക്ടർ സ്‌കാൻ ചെയ്തിട്ട് കുഴപ്പമുണ്ട്... കുഞ്ഞു ജീവിച്ചിരിക്കുമോ എന്ന് സംശയമാണ്. ജീവിച്ചാൽ തന്നെ ഒരുപാട് നാള് ഐസിയുവിൽ വെയ്‌ക്കേണ്ടി വരും അങ്ങനെയൊക്കെ പറഞ്ഞു. എനിക്ക് അത് ആക്‌സപ്റ്റബിൾ അല്ലായിരുന്നു. എനിക്ക് ഈ ആശുപത്രി പറ്റത്തില്ല... ഇവിടെയും ഇവർ കളവാണ് പറയുന്നത്. ചേട്ടന്റെ കൂടെ പോയപ്പോഴും കുഞ്ഞിനു ഒരു കുഴപ്പവുമില്ല എന്ന റിപ്പോർട്ട് ഒക്കെ എന്റെ കയ്യിലുണ്ട്. അതുകൊണ്ട് തന്നെ ഞാൻ പറ്റത്തില്ല എന്ന് പറഞ്ഞു. അപ്പോൾ ഡോക്ടർ പറഞ്ഞു. വേണ്ട... ഈ കുട്ടിയെ ഇവിടെ നോക്കാൻ കഴിയില്ല... ഇവിടെ കുട്ടി ജനിച്ച് എന്തെങ്കിലും പറ്റിയാൽ ഈ കുട്ടി എനിക്ക് എതിരെ കേസ് നൽകും എന്ന് ഡോക്ടർ പറഞ്ഞു.
അതിനു ശേഷമാണ് നെയ്യാർ മെഡിസിറ്റി എന്ന് പറഞ്ഞു കാട്ടാക്കടയുള്ള ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അവിടെയും എല്ലാം പറഞ്ഞിട്ടാണ് കൊണ്ട് പോകുന്നത്. സിസേറിയൻ വീട്ടുകാർ നിർബന്ധിച്ച് ചെയ്യിപ്പിച്ചതാണ്. എനിക്ക് നോർമൽ ഡെലിവറി ആകുമായിരുന്നു. എന്നാൽ നിർബന്ധിച്ച് വീട്ടുകാർ സിസേറിയൻ ചെയ്യിപ്പിച്ചു. മൂന്നാമത്തെ ദിവസം ഡിസ്ചാർജ് ആയി കൊണ്ടുപോയതും എന്റെ വീട്ടിലേക്കല്ല. രാജേന്ദ്രൻ ഡോക്ടർ എന്ന് പറഞ്ഞ ആ ഡോക്ടറുടെ പഴയ വീട്ടിലേക്കാണ്. കൊണ്ട് പോകുന്ന വഴിക്കാണ് എന്റെ കുഞ്ഞിനെ ബലമായി എടുത്തുകൊണ്ട് പോയത്. പിടിച്ച് വാങ്ങിക്കൊണ്ടു പോവുകയാണ്. ആ സമയത്ത് എനിക്ക് ഒരു സിസേറിയനും കൂടി കഴിഞ്ഞതുകൊണ്ട് എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്.
ഞാൻ ബഹളം വയ്ക്കുന്നുണ്ട്., കരയുന്നുണ്ട്. ആ സമയത്ത് പോലും എന്നെ വീട്ടുകാർ വഴക്ക് പറയുകയാണ്. അടിക്കുകയാണ്. പ്രസവം കഴിഞ്ഞു മൂന്നു ദിവസം മാത്രമേ ആയുള്ളൂ. ഞാൻ ബഹളം വയ്ക്കുന്നുണ്ടെങ്കിലും അവർക്ക് അതൊരു പ്രശ്‌നമേയല്ല. കുഞ്ഞിനെ എന്ത് ചെയ്തു എന്ന് ചോദിക്കുമ്പോഴോക്കെ കുഞ്ഞിനെ ഒന്നും ചെയ്യത്തില്ല.. കുഞ്ഞു ജനിച്ചു അതിനെ ഒന്നും ചെയ്യാൻ കഴിയില്ല...ചേച്ചീടെ കല്യാണം വരെ എങ്ങനെയെങ്കിലും ഒന്ന് പിടിച്ച് നിൽക്ക്. ഒരു മാസത്തിനകം വിവാഹം നടത്താം..
പത്ത് ദിവസത്തെ സമയാണ് ചോദിച്ചത്. എങ്ങനെയെങ്കിലും ചേച്ചീടെ വിവാഹം നടത്താം. കുഞ്ഞിനെ നിനക്ക് തരാം... നിന്നോട് ഞാൻ അല്ലെ പറയുന്നത്... അമ്മയാണ് എന്നോട് സംസാരിക്കുന്നത്. എനിക്ക് അപ്പോഴും... എന്നെക്കൊണ്ട് പറ്റുന്നില്ല... നിന്നെ എന്നും കുട്ടിയെ കാണിക്കാം... എന്നൊക്കെ പറഞ്ഞാണ് കൊണ്ട് പോകുന്നത്. ഞാൻ ആകെ മൂന്നു ദിവസമാണ് കുഞ്ഞിനു പാല് കൊടുത്തത്. പാല് കൊടുക്കാൻ പോലും സമ്മതിച്ചിട്ടില്ല.... പിന്നെ ഞാൻ ചോദിക്കുമ്പോഴെല്ലാം ഓരോ ന്യായങ്ങളാണ് പറയുന്നത്.
കുഞ്ഞു നന്നായി തന്നെയാണ് ഇരിക്കുന്നത്. ഞങ്ങൾ കണ്ടിരുന്നു. അങ്ങനെയോക്കെയാണ് പറയുന്നത്. പ്രസവത്തിനു മുൻപേ എന്റെ കയ്യിൽ നിന്നും ഒരു അഗ്രിമെന്റ് സൈൻ ചെയ്തു വാങ്ങിച്ചു. ഞാൻ വായിച്ച് നോക്കണം എന്നൊക്കെ പറയുമ്പോഴും എന്നെ അടിക്കുന്നു. വയറ്റിൽ ചവിട്ടും എന്ന് പറയുന്നു. കൊങ്ങയ്ക്ക് പിടിക്കുന്നു... എന്ന്‌റെ വായിക്കാൻ പോലും സമ്മതിച്ചില്ല. വക്കീലുണ്ട്... എന്റെ അമ്മയുണ്ട്... എന്നെ ഒന്നിനും സമ്മതിച്ചിട്ടില്ല. ഡെലിവറി കഴിഞ്ഞിട്ട് പോലും ഞാൻ വീട്ടിലുണ്ട് എന്ന് തൊട്ടപ്പുറത്തെ വീട്ടുകാർക്ക് പോലും അറിയില്ല...ആരെങ്കിലും വരുമ്പോൾ എന്നെ അടുത്ത റൂമിൽ കയറ്റി പൂട്ടും. ബഹളം വച്ചാൽ അടിക്കും, ചവിട്ടും എന്നൊക്കെ പറയും... ഒൻപതാം മാസം വയറ്റിൽ ചവിട്ടും എന്നൊക്കെ പറഞ്ഞാൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല.
അബോർഷൻ ചെയ്യാൻ നീ എന്തിനാണ് വിഷമിക്കുന്നത് എന്നാണ് ബാങ്കിൽ അസിസ്റ്റന്റ്‌റ് മാനേജർ ആയ ചേച്ചി പോലും ചോദിച്ചത്..., നിന്റെ വയറ്റിൽ കിടക്കുന്നത് മാംസ പിണ്ഡം അല്ലെ എന്നാണ് പറഞ്ഞത്... അതോടെ ചേച്ചി എങ്കിലും പിന്തുണയ്ക്കും എന്ന പ്രതീക്ഷയും പോയി.. അമ്മയായാലും ഞാൻ ചേട്ടനോട് ബന്ധപ്പെടണം, കാര്യങ്ങൾ അറിയിക്കണം എന്ന് പറഞ്ഞാൽ പോലും അമ്മയായാലും അറിയിക്കില്ല. ഞാൻ രണ്ടു തവണ ആത്മഹത്യ ശ്രമം നടത്തി. അവർ അറിയുമ്പോൾ വിജിലന്റ്‌റ് ആകും.
ചേച്ചീടെ വിവാഹത്തിനു എനിക്ക് ഒട്ടും താത്പര്യമില്ലായിരുന്നു പങ്കെടുക്കാൻ... കൗൺസിലിങ് ചെയ്യുന്നവരാണ് എന്നോട് പറഞ്ഞത് എന്തായാലും അവരുടെ കൂടെയല്ലേ... കുഞ്ഞിനെ എന്തെങ്കിലും ചെയ്താലോ... അവര് കൂടി അങ്ങനെ പറഞ്ഞതുകൊണ്ടാണ് ഞാൻ വിവാഹത്തിനു നിൽക്കാം എന്ന് പറഞ്ഞത്. ചേച്ചീടെ കല്യാണം ജനുവരി ആയപ്പോഴാണ് എന്നെ തിരുവനന്തപുരത്തേക്ക് കൊണ്ട് വന്നത്. വിവാഹത്തിനു നല്ല രീതിയിൽ ഞാൻ സഹകരിച്ചു. വിവാഹത്തിരക്കിന്നിടയിൽ ഞാൻ ചേട്ടനെ ബന്ധപ്പെട്ടു. കല്യാണം കഴിഞ്ഞു
രണ്ട് ദിവസം കഴിഞ്ഞു ചേട്ടൻ എന്നെ കൂട്ടാൻ വന്നു. പുള്ളി കാണാതെ എന്നെ റൂമിലേക്ക് മാറ്റി പൂട്ടിയിട്ടു. വിടത്തില്ല. കുഞ്ഞിനെ തരില്ല എന്ന് പറഞ്ഞു. പിന്നെ എന്നെ വീണ്ടും നാട്ടിലേക്ക് അയച്ചു. കുഞ്ഞിനെക്കുറിച്ച് ഞാൻ ചോദിക്കുമ്പോൾ കുഞ്ഞിനെ നിനക്ക് ഇനി കിട്ടാൻ പോകുന്നില്ല. ഞങ്ങൾ ഒരിടത്ത് ചെയ്തിട്ടുണ്ട്. ഇനി കുഞ്ഞിനെ ചോദിക്കേണ്ട. ഇനി തിരുവനന്തപുരത്തേക്ക് കുഞ്ഞിനെ കൊണ്ടുവരേണ്ട എന്ന് പറയുമ്പോഴും അവര് കേൾക്കില്ല. കുഞ്ഞിനെ ചോദിക്കുമ്പോൾ തരുന്നത് തിന്നുകൊണ്ട് ഇരുന്നാ മതി എന്നാണ് എന്നോട് പറഞ്ഞത്.
എനിക്ക് ഒന്നും ചോദിക്കാൻ പാടില്ല. എനിക്ക് ഒട്ടും പറ്റത്തില്ല എന്നായപ്പോഴാണ് ഞാൻ ഇറങ്ങി വന്നത്. വീട്ടുകാർ പറഞ്ഞത് ഒന്നുകിൽ നീ പോയി ആത്മഹത്യ ചെയ്യ്, അല്ലെങ്കിൽ നിന്നെ ഭ്രാന്താശുപത്രിയിലാക്കും അതിനു വേണ്ടുന്ന എല്ലാം ഞങ്ങൾ ചെയ്തിട്ടുണ്ട്. ആ ഒരിതിലേക്ക് നീ കൊണ്ടുപോകരുത് എന്ന് പറഞ്ഞു. ഇനി നിന്ന് കഴിഞ്ഞാൽ അവർ അത് തന്നെയാകും ചെയ്യുന്നത്. മമ്മി കാണാതെ പണം എടുത്തിട്ടു ഒക്കെയാണ് ഞാൻ പണം സംഘടിപ്പിച്ച് കോട്ടയത്ത് എത്തിയാണ് ഞാൻ ചേട്ടനെ ബന്ധപ്പെട്ടു ചേട്ടൻ എന്നെ കൊട്ടാരക്കര വന്നു വിളിച്ചു.
ഗീനാകുമാരി എന്ന പബ്ലിക് പ്രോസിക്യൂട്ടറുണ്ട്. അവർ ഒരു ദിവസം എന്നെ വിളിച്ച് പറഞ്ഞു. അജിത്ത് എന്നെ ഫ്രെണ്ടിൽ ഇരുപ്പുണ്ട്. അജിത്തിന്റെ ആദ്യ ഭാര്യയും മുന്നിലുണ്ട്. അജിത്തിന് ഇയാളുടെ കുഞ്ഞിനെയും ഇയാളെയും വേണ്ട. ഭാര്യയെ മതി എന്നാണ് പറയുന്നത് എന്ന് ഗീനാകുമാരി എന്നോട് പറഞ്ഞു. എനിക്ക് ഉറപ്പുണ്ടായിരുന്നു അങ്ങനെ പറയില്ലെന്ന്...ഇഷ്ടമാണ് എന്ന് എന്നോടാണ് പറഞ്ഞത്. ഇഷ്ടമല്ലെങ്കിൽ വേണ്ട എന്ന് എന്നോട് പറയട്ടെ....അപ്പോൾ ഞാൻ വിശ്വസിച്ചോളാം അത് വരെ എനിക്ക് വിശ്വസിക്കാൻ കഴിയില്ല എന്ന് പറഞ്ഞു. അവര് എന്നോട് ചൂടായി. തന്നെ വിശ്വസിക്കേണ്ട ആവശ്യവും ഒന്നും എനിക്കില്ല എന്ന് പറഞ്ഞു.
അവർ വീഡിയോ കോൾ ആണ് ചെയ്തത്. ചേട്ടനെ വിളിച്ചിട്ടും ഇതുപോലെ തിരിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു. എനിക്ക് ചേട്ടനെ വേണ്ട, കുഞ്ഞിനെ വേണ്ട... വേറെ ആരുടേയും കൂടെ ജീവിക്കാനാണ് ഇഷ്ടം എന്ന് ഞാൻ പറഞ്ഞു എന്ന് ചേട്ടനോട് പറഞ്ഞു. ഇവർ നന്നായി കളിച്ചിട്ടുണ്ട് എന്ന് എനിക്ക് മനസിലായി. അതുപോലെ പ്രസവം കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ രണ്ട് പൊലീസുകാർ എന്നെ കാണാൻ വന്നു. ഒരു ഇൻസ്പകെടറും ഒരു കോൺസ്റ്റബിളുമാണ് എന്നാണ് പറഞ്ഞത്. എന്റെ അച്ഛൻ നൽകിയ പരാതിയുടെ പേരിൽ മൊഴി എടുക്കാനാണ് വന്നത് എന്നാണ് അവർ പറഞ്ഞത്. അച്ഛൻ എന്നെ വിളിച്ച് പറഞ്ഞു.
ചേട്ടൻ വിവാഹം കഴിച്ചത് എനിക്ക് അറിയത്തില്ല എന്ന് ഞാൻ പറയണം എന്നാണ് പറഞ്ഞത്. പക്ഷെ എല്ലാം എനിക്ക് അറിയാമായിരുന്നെന്നും എന്റെ സമ്മതപ്രകാരമാണ് ഞാൻ ഗർഭിണിയായത് എന്ന് എല്ലാം ഞാൻ പറഞ്ഞു. പക്ഷെ അവർക്ക് പ്രതീക്ഷിച്ച മറുപടി കിട്ടാത്തതുകൊണ്ട് അവർ പറഞ്ഞു, ശരി ഇയാളുടെ മനസ് ശരിയല്ല...ഞങ്ങൾ പിന്നെ വന്നു മൊഴി എടുത്തുകൊള്ളാം എന്ന് പറഞ്ഞു അവർ പോയി. ഞാൻ അമ്മയോട് ഇനി ഇങ്ങനെ ആരെയും കൊണ്ട് വരരുത് പറ്റത്തില്ല എന്ന് പറഞ്ഞു.
ചേട്ടന്റെ കൂടെ വന്നതിനു ശേഷമാണ് ഒരുപാട് കാര്യങ്ങൾ വേറെ അറിയുന്നത്. പാർട്ടിയുടെ ഇടപെടൽ അടക്കം അറിയുന്നത്. ഞാൻ ഇറങ്ങി വന്ന സമയത്ത് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അജിത്തിന്റെ അച്ഛനെ വിളിച്ചിട്ട് തിരുവനന്തപുരത്ത് ജീവിക്കാൻ സമ്മതിക്കില്ല.. മര്യാദയ്ക്ക് ആ കുട്ടിയെ കുട്ടിയുടെ വീട്ടിൽ പറഞ്ഞു വിട് എന്നൊക്കെ പറഞ്ഞു. അപ്പോൾ എനിക്ക് മനസിലായി. ഒരുപാട് പേർ ഈ കാര്യത്തിൽ ഇടപെട്ടിട്ടുണ്ട് എന്ന്.
പാർട്ടി ഇടപെട്ടതിനാൽ ഞങ്ങൾ പാർട്ടിക്ക് പരാതി കൊടുത്തു. അച്ഛനെതിരെ പൊലീസിൽ പരാതി കൊടുത്തപ്പോൾ അച്ഛൻ ഒരു തവണ പോലും പൊലീസ് സ്റ്റേഷനിൽ വന്നിട്ടില്ല. പൊലീസുകാർ വിളിക്കുന്നത് തന്നെ അയ്യോ അണ്ണാ ഒന്ന് വരാൻ കഴിയുമോ... ഇല്ല എന്ന് പറയുമ്പോൾ നാളെ വരാൻ കഴിയുമോ എന്നാണ് ചോദിക്കുന്നത്. പറ്റുമ്പോൾ ഒന്ന് വരുമോ എന്നൊക്കെയാണ് ചോദിക്കുന്നത്. ഞങ്ങൾക്ക് പൊലീസിൽ ഉള്ള വിശ്വാസവും പോയി. ഡിജിപിക്ക് പരാതി കൊടുത്തു. എല്ലാം എത്തുന്നത് ഇതേ പൊലീസ് സ്റ്റെഷനിലാണ്. മുഖ്യമന്ത്രിക്കും പരാതി കൊടുത്തു. പൊലീസ് സ്റ്റേഷനിൽ നിന്നും നീതി കിട്ടുന്നില്ല എന്ന് പറഞ്ഞപ്പോൾ അവർ അറിയിക്കാം എന്ന് പറഞ്ഞു. കോടതി വഴി പോകണം. അല്ലാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് പൊലീസ് ഞങ്ങൾക്ക് അയച്ച കത്തിൽ പറയുന്നത്.
പൊലീസിൽ നിന്നും നീതി കിട്ടാത്തപ്പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകുക. ആ പരാതിയും അതേ പൊലീസ് സ്റ്റേഷനിൽ തന്നെ എത്തുക എന്ന് പറയുമ്പോൾ അതിൽ എന്തെങ്കിലും ഗുണം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. നമ്മൾ മൊഴി കൊടുത്താൽ പോലും അവർക്ക് ഇഷ്ടപ്പെട്ട റിപ്പോർട്ട് ആണ് അവർ മേൽപോട്ടു അയക്കുന്നത്. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ നിന്നും ഞങ്ങൾക്ക് ഫേവർ ആയി ഒരു റിപ്പോർട്ട് കിട്ടുമെന്ന് തോന്നുന്നേയില്ല. ചൈൽഡ് വെൽഫെയർ കമ്മിറ്റി അടക്കമുള്ള എല്ലാ സ്ഥലത്തും ഞങ്ങൾ പോയി. എല്ലാ സ്ഥലത്തും നിന്നും തണുത്ത റെസ്‌പോൺസ് ആണ് കിട്ടുന്നത്.
പൊലീസിൽ പരാതി നൽകിയപ്പോൾ ഞങ്ങൾ ചൈൽഡ് വെൽഫെയർ കമ്മറ്റിയിൽ പരാതി നൽകി. അവർ പറയുന്നത് പൊലീസിനു മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ... പൊലീസ് കുഞ്ഞിനെ എവിടെയുണ്ടെന്നു കണ്ടു പിടിച്ച് തന്നാലേ ഞങ്ങൾക്ക് എന്തെങ്കിലും നടപടി എടുക്കാൻ കഴിയൂ. പൊലീസുകാർ പറയുന്നത് തന്റെ അച്ഛൻ കുഞ്ഞിനെ എവിടെ കൊടുത്തെന്നു അറിഞ്ഞാലേ തങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയൂ... ഞങ്ങൾ ഒന്ന് ചോദിച്ച് നോക്കട്ടെ....എസിപിയുടെ അടുത്ത് പരാതി കൊടുത്തപ്പോൾ പുള്ളിക്കാരൻ നിർബന്ധിച്ച് അച്ഛനെ വിളിച്ചപ്പോഴാണ് അമ്മ തൊട്ടിലിൽ ആണ് കുഞ്ഞിനെ കൊടുത്തത് എന്ന് പറയുന്നത്.
രണ്ടു കുട്ടികളെ അവിടെ കിട്ടിയിട്ടുണ്ട്. ഒരു കുട്ടി ദത്തെടുക്കപ്പെട്ടു എന്ന് അറിഞ്ഞു. അതോടെ പാതി പ്രതീക്ഷയും പോയി. അവിടെ ഉള്ള കുഞ്ഞിനെ പോയി കണ്ടു ഞങ്ങൾ ഡിഎൻഎ ടെസ്റ്റിനു എഴുതി നൽകി. അത് നെഗറ്റീവ് ആയാണ് വന്നത്. ആകെയുള്ള പ്രതീക്ഷ അഡോപ്റ്റഡ് ആയ കുഞ്ഞാണ് എന്നാണ്. അത് പക്ഷെ നടപടി ക്രമങ്ങൾ കഴിഞ്ഞതിനാൽ കിട്ടാൻ പാടാണ് എന്നാണ് പറയുന്നത്. ഇനി ആകെയുള്ള പ്രതീക്ഷ കോടതിയാണ്.
പാർട്ടിയിൽ പരാതി നൽകിയിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. വൃന്ദ കാരാട്ട്, ശ്രീമതി ടീച്ചർ, വിജയരാഘവൻ സഖാവ്, കോടിയേരി സഖാവ്, സതീദേവി, സൂസൻ എന്നിവർക്കും പരാതി നൽകി. സഖാക്കൾക്ക് എല്ലാം പരാതി നൽകി. അനാവൂരിനു പരാതി നൽകിയപ്പോൾ ഞാൻ വിളിച്ചു. അന്ന് അവർക്ക് കോവിഡ് ആയിരുന്നു. സഖാവ് എന്നോടു ഹാർഷ് ആയാണ് സംസാരിച്ചത്. പാർട്ടിക്ക് ഇടപെടാൻ കഴിയില്ല. പാർട്ടി കാര്യങ്ങൾ എല്ല ഇതൊന്നും... പാർട്ടി അറിഞ്ഞുകൊണ്ടല്ല ഇതൊന്നും... എന്നൊക്കെ പറഞ്ഞാണ് സംസാരിച്ചത്.
ഞാൻ ഇറങ്ങി വന്ന സമയത്ത് പുള്ളിയുടെ അച്ഛനെ വിളിച്ചിട്ട് ജീവിക്കാൻ സമ്മതിക്കില്ല എന്ന് പറയുന്നു. ഇതിന്റെ ഒക്കെ കാര്യമെന്താണ്? ഞങ്ങൾക്ക് മനസിലായത് എല്ലാവരും കൂടെ ചേർന്നാണ് എന്നാണ്. ശ്രീമതി ടീച്ചറെ വിളിച്ചപ്പോൾ പറഞ്ഞത് നിങ്ങളെ സഹായിക്കാൻ ഞങ്ങൾ ഒരു കമ്മറ്റി രൂപീകരിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. മാക്‌സിമം സഹായം ഞങ്ങൾ തരും എന്നൊക്കെ പറഞ്ഞു.
അവസാനം ഞങ്ങൾ റിട്ടേൺ പരാതിയും മെയിലും അയച്ച് നേരിട്ട് കണ്ടതിനു ശേഷം ഏറ്റവും അവസാനം പാർട്ടി സെക്രട്ടറിയെറ്റ് കൂടുമ്പോൾ ഈ കാര്യം ചർച്ച ചെയ്യാം എന്നാണ് പറഞ്ഞത്. അത് കഴിഞ്ഞു വിളിച്ചപ്പോൾ എന്നോട് പറയുന്നത് തന്റെ അച്ഛനും അമ്മയും എല്ലാം ആണ് അവർ. ഞങ്ങൾക്ക് അവർക്ക് എതിരെ എന്ത് നടപടി എടുക്കാൻ കഴിയും എന്നാണ് പറഞ്ഞത്. ആദ്യം സഹായിക്കാം എന്നാണ് പറഞ്ഞത്. അവസാനം തന്റെ അച്ഛൻ അല്ലെ തനിക്ക് എന്ത് ചെയ്യാൻ കഴിയും എന്നാണ് ചോദിച്ചത്.
കുട്ടി ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ഇപ്പോൾ ഞാൻ പേടിക്കുന്നു. എന്റെ അച്ഛനും അമ്മയും ഓരോ സ്ഥലത്ത് ഓരോന്നാണ് പറയുന്നത്. എന്നെ കൗൺസിൽ ചെയ്തവർ പറഞ്ഞത് തൃശൂരിൽ ഒരാളുടെ കയ്യിൽ നോക്കാൻ ഏൽപ്പിച്ചു എന്നാണ് പറഞ്ഞത്....മാമൻ പറഞ്ഞത് തമിഴ്‌നാട് ഒരു സ്ഥലത്ത് കുട്ടിയെ ഏൽപ്പിച്ചു എന്നാണ്. ബന്ധുക്കൾ ചോദിച്ചപ്പോൾ അങ്ങനെ ഒരു കുഞ്ഞേ ഇല്ലെന്നാണ് അബോർഷൻ ആയി എന്നാണ് പലരോടും അച്ഛൻ പറഞ്ഞത്.
ഓരോ സ്ഥലത്തും ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നാൽ എങ്ങനെ വിശ്വസിക്കണം എന്ന് എനിക്ക് അറിയില്ല. പൊലീസിൽ പരാതി നൽകിയിട്ടും ഒരു തവണ പോലും കരുണ കാണിച്ചില്ല. പലരും നെഗറ്റീവ് കമന്റ്‌സ് ആണ് ഞങ്ങളെക്കുറിച്ച് പറയുന്നത്. അച്ഛൻ പറഞ്ഞു പരത്തുന്നത് പുള്ളിക്കാരൻ എന്റെ സ്വത്ത് കണ്ടിട്ടാണ് വരുന്നത് എന്നാണ് എനിക്ക് കുഞ്ഞിനെ വേണ്ട, ഞാൻ ചേട്ടന്റെ കൂടെ പോയതുകൊണ്ട് ഞാൻ കുട്ടിയെ വെറുതെ ചോദിക്കുന്നതാണ്. വിവാഹം നടത്താത്ത ദേഷ്യം കൊണ്ട് ഞാൻ വെറുതെ അവരെ അപകീർത്തിപ്പെടുത്തുകയാണ് എന്നൊക്കെയാണ് പറയുന്നത്.
കുട്ടിയെ എന്റെ മാതാപിതാക്കൾക്ക് നൽകും എന്നൊന്നും എഴുതി നൽകിയിട്ടില്ല. എന്റെ കയ്യിൽ നിന്നും ഒപ്പിട്ട് വാങ്ങിച്ചത്, ശിശു ക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറുന്നു. ഇനി ഒരിക്കലും ചോദിക്കില്ല എന്ന് എഴുതി നൽകിയിട്ടുണ്ട് എന്ന് എസിപിയുടെ അടുത്ത് ചെല്ലുമ്പോഴാണ് അറിയുന്നത്. ആ സാറാണ് എഗ്രിമെന്റ് എനിക്ക് കാണിച്ചു തരുന്നത്. അപ്പോഴാണ് ഉള്ളടക്കം ഞാൻ അറിയുന്നത്. പൊലീസ് സ്റ്റേഷനിൽ നിന്നും അഗ്രിമെന്റ് വായിച്ച് നോക്കാൻ ഒന്നും അനുവദിച്ചിട്ടില്ല.
ഞാൻ സമ്മതത്തോടെ കുട്ടിയെ നൽകാൻ എഴുതിക്കൊടുത്തു എന്നാണ് അവർ പറയുന്നത്. കോടതി വഴി പോകാനാണ് ഉദ്ദേശിക്കുന്നത്. ഞാൻ സ്‌നേഹിക്കുന്ന ആളുടെ കൂടെയാണ് ജീവിക്കുന്നത് എന്ന് പറഞ്ഞാലും ഞങ്ങൾക്ക് ഉണ്ടായ കുഞ്ഞു ഞങ്ങളുടെ കൂടെ ഇല്ലെന്നു വന്നാൽ, എവിടെയാണെന്ന് അറിയാത്ത സാഹചര്യം വന്നാൽ ഹാപ്പിയായിട്ടു പോലും ജീവിക്കാൻ കഴിയില്ല. കുഞ്ഞിനെ തിരികെ വേണം എന്ന് തന്നെയാണ് ഞങ്ങളുടെ ആവശ്യം.
എന്റെ അച്ഛനും അമ്മയും തെറ്റി ചെയ്‌തെങ്കിൽ അവർക്ക് ഉള്ള ശിക്ഷ കോടതി കൊടുക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് കുഞ്ഞിനെ വേണം എന്ന് തന്നെയാണ് എന്റെ ആവശ്യം. കുഞ്ഞിനെ കിട്ടിയാൽ മാത്രമേ ജീവിക്കാൻ കഴിയുകയുള്ളൂ. അല്ലെങ്കിൽ എന്ത് ചെയ്യും എന്ന് പോലും എനിക്ക് അറിയില്ല. അമ്മ എന്നോട് പറഞ്ഞത് നിന്റെ കൂടെ കുഞ്ഞു വെറും മൂന്നു ദിവസം മാത്രമേയുണ്ടായിരുന്നുള്ളൂ.. പിന്നെ അതിനോട് എന്തിനാണ് ഇത്ര അറ്റാച്ച്‌മെന്റ് എന്നാണ്. എന്നെ പ്രസവിച്ച അമ്മയാണ് എന്നോട് അത് ചോദിക്കുന്നത്. അതോടെ എനിക്ക് അമ്മയിലുള്ള എല്ലാ വിശ്വാസവും സ്‌നേഹവും പോയി-അനുപമ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ