- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മ തൊട്ടിലിൽ കിട്ടിയത് പെൺകുട്ടിയെ; തൈക്കാട് ആശുപത്രിയിൽ മലാല ആൺകുട്ടിയായി; പെലെയുടെ ജന്മദിനത്തിൽ രണ്ടാമതൊരു ആൺകുട്ടിയേയും കിട്ടി; ശിശുക്ഷേമ സിമിതിയും സംശയ നിഴലിൽ; ആ ചോരക്കുഞ്ഞ് എവിടെ എന്ന് ആർക്കും അറിയില്ല; ദുരഭിമാന കൊല ഭയന്ന് അനുപമയും
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞ് എവിടെ ആണെന്ന് ആർക്കും അറിയില്ല. വ്യാജ രേഖകൾ ഉണ്ടാക്കി കുഞ്ഞിനെ കൊന്നുവെന്ന സംശയം ശക്തമാകുകയാണ്. കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് കൈമാറിയെന്നു പറയുന്ന ദിവസം ആൺകുഞ്ഞിനെ പെണ്ണാക്കിയ വിവാദവും ശിശുക്ഷേമസമിതിയിൽ ഉണ്ടായി. ഇതെല്ലാം പല സംശയങ്ങൾക്ക് ഇട നൽകുന്നു. അനുപമയുടെ കുട്ടിയെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
2020 ഒക്ടോബർ 22-നു വൈകീട്ടാണ് തന്റെ ആൺകുഞ്ഞിനെ രക്ഷിതാക്കൾ എടുത്തുമാറ്റിയതെന്നാണ് അനുപമ പറയുന്നത്. 22-ന് രാത്രി 12.30ഓടെ അമ്മത്തൊട്ടിലിൽ ഒരു പെൺകുഞ്ഞിനെ ലഭിച്ചെന്ന് ശിശുക്ഷേമസമിതി അടുത്ത ദിവസം പത്രക്കുറിപ്പ് ഇറക്കിയിരുന്നു. കുട്ടിക്ക് മലാല എന്ന പേരുമിട്ടു. ഈ സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ശിശുക്ഷേമസമിതിയോടു വിശദീകരണം തേടിയിരുന്നു. പിന്നീട് ഈ കുട്ടി ആൺകുട്ടിയായി എന്നതാണ് വസ്തുത.
അമ്മത്തൊട്ടിലിൽ ലഭിക്കുന്ന കുഞ്ഞിനെ ശിശുക്ഷേമസമിതിയിലെ നഴ്സ് പരിശോധിച്ച ശേഷം തൈക്കാട് ആശുപത്രിയിൽ കൊണ്ടുപോയി മെഡിക്കൽ പരിശോധനയും നടത്തിയിരുന്നു. ഇവിടെയും പെൺകുഞ്ഞെന്നാണ് രേഖപ്പെടുത്തിയത്. തുടർന്ന് കോവിഡ് നിരീക്ഷണകേന്ദ്രത്തിലേക്കും മാറ്റി. ഇവിടെ വച്ചാണ് ആൺകുഞ്ഞെന്നു മനസ്സിലാക്കിയത്.
രജിസ്റ്ററിൽ രേഖപ്പെടുത്തിയപ്പോൾ വന്ന സാങ്കേതികപ്പിഴവാണെന്നായിരുന്നു ശിശുക്ഷേമസമിതിയുടെ വാദം. രണ്ട് നഴ്സുമാർക്കെതിരേ നടപടിയെടുക്കുകയും ചെയ്തു. ഈ ദിവസം രാത്രിയും ഒരു ആൺകുഞ്ഞിനെയും അമ്മത്തൊട്ടിലിൽ ലഭിച്ചിരുന്നു. ഫുട്ബോൾ താരം പെലെയുടെ ജന്മദിനത്തിൽ ലഭിച്ചതിനാൽ ഈ കുഞ്ഞിന് എഡ്സൺ പെലെ എന്നാണ് പേരിട്ടിരുന്നത്. ഇതിലൊന്ന് അനുപമയുടെ കുട്ടിയാണോ എന്ന് ഇനിയും ഉറപ്പിക്കാൻ കഴിയുന്നില്ല. അമ്മതൊട്ടിലിലേക്ക് കുട്ടിയെ ദത്തുകൊടുക്കാൻ കഴിയുമോ എന്ന സംശയവും ചർച്ചയും സജീവമാണ്. അങ്ങനെ ഏറെ ദുരൂഹതകളിലേക്ക് കടക്കുകയാണ് പേരൂർക്കടയിലെ കുട്ടിയുടെ അപ്രത്യക്ഷമാകൽ.
ദുരഭിമാന കൊല ഭയന്ന് അനുപമ
പ്രസവിച്ച് മൂന്നാം ദിവസം എടുത്തുമാറ്റിയ കുഞ്ഞിനെ തേടി അലയുമ്പോഴും ദുരഭിമാനക്കൊല ഭയന്ന് കഴിയുകയാണ് പേരൂർക്കട സ്വദേശി അനുപമ. തന്റെ ഭർത്താവ് അജിത്തിനെ പിതാവും സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായ ജയചന്ദ്രൻ കൊല്ലുമെന്ന് ഭയക്കുന്നതായി അനുപമ പറയുന്നു. ''നീ ഞങ്ങളുടെ കണ്ണുവെട്ടിച്ച് അവനോടൊപ്പം ഇറങ്ങിപ്പോയാലും ജീവിക്കാമെന്ന് കരുതേണ്ട. ഞാൻ മരിച്ചാലും അവന്റെ കൂടെ ജീവിക്കാൻ നിന്നെ സമ്മതിക്കില്ല. അതിനുള്ള എല്ലാ ഏർപ്പാടുകളും ഇപ്പോഴേ ചെയ്തുവെച്ചിട്ടുണ്ട്. അജിത്തിന്റെ രണ്ട് കയ്യും കാലും ഞങ്ങൾ വെട്ടിക്കളയും, പിന്നെ നീ അവനോടൊപ്പം എങ്ങനെ സുഖമായി ജീവിക്കും?. ദുരഭിമാനക്കൊല നടന്നാൽ ഞങ്ങൾ എങ്ങനെ ഉത്തരവാദികളാവും. നിങ്ങളല്ലേ തെറ്റ് ചെയ്തത്. അവനെ കൊന്നാൽ ഞങ്ങളെ കുറ്റപ്പെടുത്താൻ പറ്റില്ല''.-ഇങ്ങനെ അച്ഛൻ ഭീഷണിപ്പെടുത്തിയതായി അനുപമ പറയുന്നു.
അച്ചൻ അജിത്തിനെ കൊന്നുകളയുമെന്ന് ചില പൊലീസുകാരും സൂചന നൽകിയിട്ടുണ്ടെന്നും അനുപമ പറയുന്നു. അച്ഛൻ ഇപ്പോൾ വെറുതേയിരിക്കുന്നത് അജിത്തിനെ കൊല്ലാനാണ് എന്നാണ് പരാതി കൊടുക്കാൻ പോയപ്പോൾ പൊലീസുകാർ പറഞ്ഞത്. തങ്ങളെ ഗുണ്ടകളെ വിട്ട് അച്ഛൻ ആക്രമിക്കുമോ എന്ന് പേടിയുണ്ടെന്നും ഭയത്തോടെയാണ് കഴിയുന്നതെന്നും അനുപമ പറഞ്ഞു. അജിത്തിന്റെ ജാതിയാണു പ്രധാന പ്രശ്നമായി കമ്യൂണിസ്റ്റ് കുടുംബമായ മാതാപിതാക്കൾ ചൂണ്ടികാട്ടുന്നതെന്നും, ഇടപെടലിനായി ഉന്നത സിപിഎം നേതാക്കളെയടക്കം സമീപിപ്പിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അനുപമ കൂട്ടിച്ചേർത്തു. മറ്റൊരു ഭാര്യയും കുട്ടിയുമായി കഴിഞ്ഞിരുന്ന അജിത്ത് അനുപമയ്ക്കു കുട്ടിയുണ്ടായ ശേഷമാണ് ആദ്യഭാര്യയിൽ നിന്നു വിവാഹമോചനം നേടുകയും അനുപമയോടൊപ്പം ജീവിക്കാനും തുടങ്ങിയത്.
അനുപമയും അജിത്തും നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം അനുപമയുടെ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വിവാഹിതരാവാതെ ഗർഭം ധരിച്ചതിന്റെ പേരിൽ പ്രസവിച്ചു മൂന്നു ദിവസം കഴിഞ്ഞയുടനെ കുഞ്ഞിനെ അച്ഛനും അമ്മയും സഹോദരിയും ചേർന്നു നിർബന്ധപൂർവം മാറ്റിയെന്ന പരാതിയിലാണ് പൊലീസ് ഒരു വർഷത്തിന് ശേഷം കേസെടുത്തത്. തട്ടിക്കൊണ്ടുപോകൽ, വീട്ടുതടങ്കലിൽ വയ്ക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
മറുനാടന് മലയാളി ബ്യൂറോ