- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞിനെ തട്ടിക്കൊണ്ടു പോയെന്ന് പൊലീസിൽ പരാതി നൽകിയത് ഏപ്രിലിൽ; ആന്ധ്ര സ്വദേശികൾക്ക് ശിശുക്ഷേമ സമിതി താൽകാലിക ദത്ത് നൽകിയത് ഓഗസ്റ്റിലും; അമ്മ ജീവിച്ചിരിക്കുമ്പോൾ അവരുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തു നൽകാൻ കഴിയില്ലെന്നു നിയമവിദഗ്ധരും; വെറും കുടുംബ പ്രശ്നമെന്ന് സിപിഎം; ഹേബിയസ് കോർപ്പസ് ഹർജിയുമായി അമ്മയും; പേരൂർക്കട കേസ് പുതിയ തലത്തിലേക്ക്
തിരുവനന്തപുരം: സിപിഎം നേതാവിന്റെ കുടുംബത്തിൽ പെറ്റമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തു കൊടുത്തെന്ന സംഭവം നിയമപോരാട്ടത്തിലേക്കു നീങ്ങുമ്പോൾ അത് വെറും കുടുംബ പ്രശ്‌നമെന്ന നിലപാടിൽ സിപിഎം. ശിശുക്ഷേമ സമിതിയും പ്രതികരണത്തിന് തയ്യാറല്ല. അതിനിടെ കേസ് പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. സിപിഎമ്മിന്റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്ന പേരൂർക്കട സദാശിവന്റെ മകനായ പി എസ് ജയചന്ദ്രനാണ് പ്രതിക്കൂട്ടിലുള്ളത്. അതുകൊണ്ടാണ് സിപിഎമ്മിന്റെ മൗനം.
അതിനിടെ തന്റെ കുഞ്ഞിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്യാൻ തയ്യാറെടുക്കുകയാണ് എസ്എഫ്‌ഐ മുൻ നേതാവായ അനുപമ എസ്. ചന്ദ്രൻ അറിയിച്ചു. പ്രസവിച്ചു മൂന്നാം ദിവസം തന്നിൽനിന്നു വേർപെടുത്തി ശിശുക്ഷേമ സമിതിക്കു കൈമാറിയ കുഞ്ഞിനെ നിയമവിരുദ്ധമായി ദത്തു നൽകിയെന്നാണു പരാതി. എന്നാൽ ശിശുക്ഷേമ സമിതി ഇക്കാര്യത്തിൽ വെളിപ്പെടുത്തലുകൾക്കോ വിശദീകരണത്തിനോ തയ്യാറല്ല.
പി.എസ്.ജയചന്ദ്രൻ സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണ്. കഴിഞ്ഞ ദിവസം നടന്ന ലോക്കൽ സമ്മേളനത്തിലും പദവി നിലനിർത്തി. ഈ വിവാദം നടക്കുമ്പോൾ സിഐടിയുവിന്റെ കോപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്റെ സമ്മേളനം തൃശൂരിൽ നടന്നിരുന്നു. ഈ സമ്മേളനത്തിൽ ജയചന്ദ്രനെ സംഘടനയുടെ സംസ്ഥാന ട്രഷററാക്കുകയും ചെയ്തിരുന്നു സിപിഎം. അനുപമയുടെ പരാതിയിൽ പേരൂർക്കട പൊലീസ് ഒളിച്ചു കളിക്കുന്നതിന് കാരണവും സിപിഎം ബന്ധമാണ്.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് അനുപമ പരാതി നൽകി 6 മാസത്തിനു ശേഷമാണ് മാതാപിതാക്കൾ ഉൾപ്പെടെ 6 പേർക്കെതിരെ പേരൂർക്കട പൊലീസ് കേസെടുത്തത്. വിവാദമായതിനു പിന്നാലെ വനിതാ കമ്മിഷനും കേസെടുത്തു. അടിയന്തര റിപ്പോർട്ട് നൽകാൻ കമ്മിഷൻ അധ്യക്ഷ പി.സതീദേവി ഡിജിപിയോട് ആവശ്യപ്പെട്ടു. അനുപമയ്ക്കും ഡിവൈഎഫ്‌ഐ മുൻ മേഖലാ സെക്രട്ടറി അജിത്തിനും കഴിഞ്ഞ വർഷം ഒക്ടോബർ 19 നാണ് ആൺകുഞ്ഞ് ജനിച്ചത്. അജിത് വേറെ വിവാഹിതനായിരുന്നതിനാൽ ഈ ബന്ധത്തെ അനുപമയുടെ കുടുംബം എതിർത്തിരുന്നു. ഗർഭഛിദ്രത്തിനു നിർബന്ധിക്കുകയും ചെയ്തു. എന്നാൽ അനുപമ വഴങ്ങിയില്ല.
പ്രസവശേഷം 2020 ഒക്ടോബർ 22 ന് വീട്ടിലേക്കു മടങ്ങുമ്പോൾ വഴിയിൽ വച്ചു കുഞ്ഞിനെ തട്ടിയെടുക്കുകയും തന്നെ മറ്റൊരിടത്തു വീട്ടുതടങ്കലിലാക്കുകയും ചെയ്‌തെന്നാണ് അനുപമയുടെ പരാതി. കുഞ്ഞിനെ അനുപമയുടെ മാതാപിതാക്കൾ ശിശുക്ഷേമ സമിതിക്കു കൈമാറി. സമിതി ആന്ധ്രയിലുള്ള ദമ്പതികൾക്കു താൽക്കാലികമായി ദത്തു കൊടുത്തു. സ്ഥിരമായി ദത്തു നൽകുന്നതിനുള്ള നടപടി കോടതിയിൽ പുരോഗമിക്കുകയാണെന്നാണ് സൂചന.
മൂത്ത സഹോദരിയുടെ വിവാഹം കഴിയുംവരെ കുഞ്ഞിനെ ഒളിപ്പിച്ചെന്നാണു മാതാപിതാക്കൾ വിശ്വസിപ്പിച്ചതെന്ന് അനുപമ പറയുന്നു. സഹോദരിയുടെ വിവാഹാവശ്യത്തിനു സ്ഥലം വിൽക്കാനെന്നു തെറ്റിദ്ധരിപ്പിച്ച് നോട്ടറി അഭിഭാഷകന്റെ സാന്നിധ്യത്തിൽ നിർബന്ധിച്ചു മുദ്രപ്പത്രത്തിൽ ഒപ്പുവയ്പിച്ചു. എന്നാൽ അതിൽ എഴുതിയതു വായിക്കാൻ അനുവദിച്ചില്ല. കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറാനുള്ള സമ്മതപത്രമായിരുന്നു അതെന്നും അനുപമ പറയുന്നു.
സഹോദരിയുടെ വിവാഹശേഷം വീട്ടിൽ നിന്നിറങ്ങിയ അനുപമ, ആദ്യ വിവാഹം നിയമപരമായി വേർപെടുത്തിയ അജിത്തിനൊപ്പമാണു കഴിഞ്ഞ മാർച്ച് മുതൽ താമസിക്കുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ചെന്നു മനസ്സിലാക്കി ഏപ്രിലിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ പേരൂർക്കട പൊലീസ് കൂട്ടാക്കിയില്ല. സിപിഎം നേതാക്കളായ വൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണൻ, എ.വിജയരാഘവൻ, പി.കെ.ശ്രീമതി, ആനാവൂർ നാഗപ്പൻ എന്നിവർക്കു പരാതി നൽകിയെങ്കിലും വൃന്ദ ഒഴികെ ആരും തുണച്ചില്ലെന്നും അനുപമ പറയുന്നു.
പരാതി നിൽക്കുമ്പോഴാണു സിഡബ്ല്യുസി അധ്യക്ഷ കൂടി ഉൾപ്പെട്ട ദത്തു നൽകൽ സമിതി ഓഗസ്റ്റ് 7 നു ആന്ധ്ര ദമ്പതികൾക്കു കുഞ്ഞിനെ കൈമാറിയത്. ഒക്ടോബർ 22 നു ശേഷം ശിശുക്ഷേമ സമിതിക്കു ലഭിച്ച കുഞ്ഞുങ്ങളുടെ വിശദാംശങ്ങൾ വിവരാവകാശ പ്രകാരം ചോദിച്ചെങ്കിലും എസ്എഫ്‌ഐ മുൻ സംസ്ഥാന അധ്യക്ഷൻ ഷിജുഖാൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന സമിതിയിൽനിന്ന് ഉത്തരം ലഭിച്ചില്ല. സിഡബ്ല്യുസി അധ്യക്ഷ സുനന്ദ 2010ൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായിരുന്നു.
അമ്മ ജീവിച്ചിരിക്കുമ്പോൾ അവരുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തു നൽകാൻ കഴിയില്ലെന്നു നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അമ്മ എതിർപ്പ് ഉന്നയിച്ച സാഹചര്യത്തിൽ അവരെ തെറ്റിദ്ധരിപ്പിച്ച് ഒപ്പിട്ടു വാങ്ങിയ രേഖയ്ക്കു പ്രസക്തിയില്ല. ബാലനീതി നിയമം (ജെജെ ആക്ട്) പാലിക്കുന്നതിൽ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യുസിക്കും നോട്ടറി അഭിഭാഷകനും വീഴ്ച പറ്റിയെന്നും നിയമവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ