- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവകാശവാദമില്ലാത്ത മറ്റൊരു കുഞ്ഞ് സമിതിയിൽ ഉണ്ടായിരുന്നിട്ടും ഈ കുഞ്ഞിനെ ദത്തു നൽകാൻ തിടുക്കം കാട്ടിയത് ഷിജുഖാൻ; 'ലീഗലി ഫ്രീ ഫോർ അഡോപ്ഷൻ സർട്ടിഫിക്കറ്റ്' ശിശുക്ഷേമ സമിതി സംഘടിപ്പിച്ചതും നിയമവിരുദ്ധം; കുട്ടിയെ കിട്ടാൻ അമ്മ അനുപമ നിരാഹാരത്തിന്; പേരൂർക്കടയിലെ അട്ടിമറിക്ക് കാരണം രാഷ്ട്രീയ സ്വാധീനം തന്നെ
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നൽകിയെന്ന വിവാദത്തിൽ നിറയുന്നത് അനുപമ എസ് ചന്ദ്രന്റെ അച്ഛൻ ജയചന്ദ്രന്റെ രാഷ്ട്രീയ സ്വാധീനം തന്നെ. ഇതുവരെ ജയചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഗുരുതര കുറ്റം ചെയ്തിട്ടും ജയചന്ദ്രനെതിരെ ജാമ്യാമില്ലാ വകുപ്പുകളൊന്നും ചുമത്തിയില്ലെന്ന വാദവും ശക്തമാണ്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ വ്യാജ വിവരങ്ങൾ കടന്നുവെന്നത് ഇതിന് തെളിവാണ്. പ്രസവിച്ചു മൂന്നാം നാൾ കുഞ്ഞിനെ നഷ്ടമായ എസ്എഫ്‌ഐ മുൻ നേതാവ് അനുപമ എസ്.ചന്ദ്രൻ സിപിഎമ്മിനെതിരെ കടുത്ത വിമർശനമുന്നയിച്ചു.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഭാഗത്തു നിന്നുണ്ടായത് പല വീഴ്ചകൾ. മാതാപിതാക്കൾ ജീവിച്ചിരിക്കുന്നുവെന്നു ബോധ്യമുള്ളപ്പോഴാണു 'ലീഗലി ഫ്രീ ഫോർ അഡോപ്ഷൻ സർട്ടിഫിക്കറ്റ്' ചൈൽഡ് വെൽഫെയർ കമ്മിറ്റി വഴി ശിശുക്ഷേമ സമിതി സംഘടിപ്പിച്ചത്. ഈ സർട്ടിഫിക്കറ്റ് ലഭിക്കുമ്പോഴേക്കും പരാതിയുമായി അനുപമയും കുട്ടിയുടെ അച്ഛൻ അജിത്തും സമിതിയെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും സമീപിച്ചിരുന്നു. അതിനു ശേഷമാണു കുഞ്ഞിനെ ദത്തു നൽകാൻ സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് അഥോറിറ്റിയുടെ വെബ്‌സൈറ്റിൽ വിവരങ്ങൾ നൽകിയത്. ഇതെല്ലാം കുട്ടിയെ മാറ്റാനുള്ള ഗൂഢാലോചനയായിരുന്നു.
അമ്മത്തൊട്ടിലിൽനിന്നാണു കുഞ്ഞിനെ കിട്ടിയതെന്നു സമിതി പറയുമ്പോൾ, രക്തബന്ധമുള്ളവർ നേരിട്ടെത്തി ഏൽപിച്ചതാണെന്നും വാദമുണ്ട്. അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെ ഏറ്റെടുക്കാനേ സമിതിക്ക് അധികാരമുള്ളൂ. രക്തബന്ധുക്കളിൽനിന്നാണു കുഞ്ഞിനെ സ്വീകരിച്ചതെങ്കിൽ അതു മുതൽ ക്രമക്കേടുകൾ തുടങ്ങുന്നു. പെറ്റമ്മയുടെ പരാതി മൂടിവച്ചു ദത്തുനൽകിയതു വരെ ശിശുക്ഷേമ സമിതിയെ പ്രതിക്കൂട്ടിൽ നിർത്തുന്നു. വിവാദത്തിൽ അമ്മ ഇന്ന് മുതൽ സെക്രട്ടറിയേറ്റിന് മുമ്പിൽ നിരാഹാരം തുടങ്ങും. ഇതോടെ ഈ വിഷയം പുതിയ തലത്തിലെത്തുകയാണ്. ഒരു രാഷ്ട്രീയ പാർട്ടിക്കും എതിരല്ലെന്നും വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വരാനാണ് ശ്രമമെന്നും അനുപമ പറയുന്നു.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അനുപമയുടെ പരാതി ചർച്ച ചെയ്തിരുന്നെന്നു ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ഇതും തള്ളി അനുപമ രംഗത്ത് വന്നത്. ശിശുക്ഷേമ സമിതി ഓഫിസിലേക്കു മഹിളാ കോൺഗ്രസും യൂത്ത് കോൺഗ്രസും പ്രതിഷേധ മാർച്ച് കൂടി നടത്തിയതോടെ വിവാദ സംഭവം ആളിക്കത്തുകയാണ്. 2020 ഒക്ടോബർ 22 ന് രാത്രി ശിശുക്ഷേമ സമിതിയിലെത്തി ആൺകുഞ്ഞിനെ കൈമാറിയെന്നാണ് അനുപമയുടെ പിതാവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ പി.എസ്.ജയചന്ദ്രന്റെ നിലപാട്.
രക്തബന്ധുക്കൾ എത്തിച്ചു നൽകുന്ന കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി വഴി മാത്രമേ സ്വീകരിക്കാൻ പാടുള്ളൂ. എന്നാൽ ശിശുക്ഷേമ സമിതിയിലെ ജീവനക്കാർ കുഞ്ഞിനെ ഏറ്റുവാങ്ങിയെന്നാണു വിവരം. കുഞ്ഞിനെ എത്തിക്കുമെന്ന് അവരെ മുൻകൂട്ടി അറിയിച്ചിരുന്നു. കുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ പെൺകുഞ്ഞാണെന്നു തെറ്റായി രേഖപ്പെടുത്തുകയും 'മലാല' എന്നു പേരിടുകയും ചെയ്തു. ഇതു കേവലം അബദ്ധമായി സമിതി അന്നു വിശദീകരിച്ചതിൽ ഇപ്പോൾ സംശയമുയരുന്നുണ്ട്. വിവാദമായപ്പോൾ 2 ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തെങ്കിലും ഉടൻ തിരിച്ചെടുത്തു.
അവകാശവാദമില്ലാത്ത മറ്റൊരു കുഞ്ഞ് സമിതിയിൽ ഉണ്ടായിരുന്നിട്ടും ഈ കുഞ്ഞിനെ ദത്തു നൽകാൻ തിടുക്കം കാട്ടി. 2020 ഏപ്രിൽ മുതൽ അനുപമ പരാതിയുമായി കയറിയിറങ്ങുമ്പോഴാണു ഷിജുഖാൻ കൂടി ഉൾപ്പെട്ട ദത്തു നൽകൽ കമ്മിറ്റി യോഗം ഓഗസ്റ്റ് ഏഴിന് കുഞ്ഞിനെ ആന്ധ്ര ദമ്പതികൾക്കു കൈമാറിയത്. ഇത്രയും വിവാദങ്ങൾക്കിടയിലും, നിയമപരമായ ഉടമസ്ഥനില്ലാത്ത കുഞ്ഞെന്നാണു കഴിഞ്ഞയാഴ്ച കുടുംബക്കോടതിയിൽ സമിതി നിലപാട് എടുത്തത്.
കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിലും കൃത്രിമം കാണിച്ചെന്ന വിവരവും ഇതിനിടെ പുറത്തുവന്നു. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ജനിച്ച കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ സ്ഥാനത്ത് അജിത്തിനു പകരം 'സി.ജയകുമാർ' എന്ന പേരാണ്. ഇതു മാതാപിതാക്കൾ ചെയ്തതാണെന്നാണ് അനുപമയുടെ ആരോപണം.
അനുപമയുടെ പരാതി ലഭിച്ചപ്പോൾ, കുഞ്ഞിനെ തിരിച്ചു കൊടുക്കാൻ പിതാവ് ജയചന്ദ്രനോട് ആവശ്യപ്പെട്ടിരുന്നെന്നും അമ്മയ്ക്കു കുഞ്ഞിനെ ലഭിക്കണമെന്നാണു പാർട്ടി നിലപാടെന്നും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. എന്നാൽ പാർട്ടിയിൽ തനിക്കു വിശ്വാസമില്ലെന്നും പരാതിപ്പെട്ടപ്പോൾ ജില്ലാ സെക്രട്ടറി തികച്ചും മോശമായാണു പെരുമാറിയതെന്നും അനുപമ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ