തിരുവനന്തപുരം: അനുപമാ എസ് ചന്ദ്രന്റെ കുഞ്ഞിനെ അവർക്ക് തന്നെ കൈമാറുമെന്ന തീരുമാനം കുടുംബ കോടതിയെ സർക്കാർ അറിയിക്കും. കോടതി വിധിയിലൂടെ അല്ല സർക്കാർ തന്നെ അനുപമയ്ക്ക് അനുകൂലമായ നിലപാട് എടുത്തുവെന്ന് വരുത്താനാകും ഇത്. എന്നാൽ അനുപമ നൽകിയ. ക്രിമിനൽ പരാതിയിൽ അനുപമയുടെ അച്ഛൻ ജയചന്ദ്രനെതിരെ ബാലനീതി വകുപ്പുകൾ ചുമത്തുകയുമില്ല. ശിശു ക്ഷേമ സമിതിയിലെ ഉന്നതർക്കെതിരെ നടപടിയും എഠുക്കില്ല.

കോടതി നടപടികൾ വേഗത്തിലാക്കി രണ്ടു ദിവസത്തിനകം കുഞ്ഞിനെ നൽകാൻ വേണ്ട കാര്യങ്ങൾ ചെയ്യാമെന്നാണു സിഡബ്ല്യുസി അധികൃതർ അറിയിച്ചതെന്ന് അനുപമ പറഞ്ഞു.എന്നാൽ ദത്തുനൽകലിനു നിയമപരമായ മേൽനോട്ടം വഹിക്കുന്ന ജുഡീഷ്യൽ അധികാരങ്ങളുള്ള സിഡബ്ല്യുസിക്കു കോടതിയുടെ അനുമതിയില്ലാതെ തന്നെ കുഞ്ഞിനെ അമ്മയ്ക്കു വിട്ടുനൽകാനാകുമെന്നു നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സിഡബ്ല്യുസി നിയമോപദേശം തേടിയതായി വിവരമുണ്ട്. ഈ നിയമോപദേശം അനുകൂലമായാൽ ഇന്ന് തന്നെ കുട്ടിയെ അമ്മയ്ക്ക് കൈമാറും. ഇതാകും സർക്കാരിന് നല്ലതെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. സ്വന്തം കുട്ടിയെ നേടാൻ പേരൂർക്കട സ്വദേശി അനുപമ എസ്.ചന്ദ്രന്റെ അസാധാരണമായ പോരാട്ടവും വിജയവും രാജ്യത്തു തന്നെ ഇത്തരത്തിലുള്ള ആദ്യ സംഭവമാണ്.

കുഞ്ഞിനെ ദത്തു നൽകാൻ അനുമതി നൽകിയതു സിഡബ്ല്യുസി ആണ്. അനുപമയ്ക്കു കുഞ്ഞിനെ നൽകണമെങ്കിൽ അതിനു മുൻപ് ഈ അനുമതി റദ്ദാക്കേണ്ടി വരും. അതിനു ശേഷം കുഞ്ഞിനെ മടക്കി നൽകാൻ ഉത്തരവിടണം. കോടതിയിൽ റിപ്പോർട്ട് നൽകാൻ 29 വരെയാണ് സിഡബ്ല്യുസി സമയം നീട്ടിച്ചോദിച്ചത്. 30ന് ആണ് കേസ് വീണ്ടും പരിഗണിക്കുക. പുതിയ സാഹചര്യത്തിൽ കോടതിയിൽ കേസ് പരിഗണിക്കുന്നതു വേഗത്തിലാക്കാനും ശ്രമം നടക്കുന്നുണ്ട്. ഇതിനൊപ്പം കുട്ടിയെ കൈമാറുന്ന കാര്യവും കോടതിയെ അറിയിക്കും. അനുപമയ്ക്ക് സർക്കാർ എതിരായിരുന്നില്ലെന്ന് വരുത്താൻ കൂടിയാണഅ ഇത്.

അനുപമയുടെ കുഞ്ഞിനെ സംരക്ഷിച്ചിരുന്ന ആന്ധ്രയിലെ ദമ്പതികൾക്കു മറ്റൊരു കുഞ്ഞിനെ ദത്തു നൽകുന്നതിൽ മുൻഗണന നൽകണമെന്നു സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് അഥോറിറ്റിയോട് (കാര) ആവശ്യപ്പെട്ടതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇനി രജിസ്റ്റർ ചെയ്യുമ്പോൾ ഈ ദമ്പതികൾക്കു മുൻഗണന നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണു സംസ്ഥാനം ഇടപെട്ടത്. വലിയൊരു പോരാട്ട വിജയമാണ് അനുപമ നേടുന്നത്. കുഞ്ഞിനെ അനുപമയിൽനിന്ന് അകറ്റാൻ കൂട്ടുനിന്ന സർക്കാർ സംവിധാനങ്ങൾക്കൊപ്പം സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയ വിവാദത്തിൽ പാർട്ടി അനുഭാവികളുടെ അടക്കം സൈബർ ആക്രമണങ്ങളും നേരിട്ടാണ് അനുപമ കുഞ്ഞിനെ വീണ്ടെടുക്കുന്നത്.

അനാഥരായ കുഞ്ഞുങ്ങൾക്കു പുതിയൊരു ജീവിതത്തിലേക്കു വഴി തുറക്കേണ്ട ശിശുക്ഷേമ സമിതിയുടെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും സുതാര്യത വലിയ ചോദ്യചിഹ്നമായി മാറുകയും ചെയ്തു. സമിതിക്കും സിഡബ്ല്യുസിക്കുമെതിരെ ഉയർന്ന പരാതികൾക്കും ആക്ഷേപങ്ങൾക്കും വ്യക്തമായ വിശദീകരണം നൽകാൻ ഇരു സ്ഥാപനങ്ങളുടെയും മേധാവികൾ ഇതുവരെ തയാറായിട്ടില്ല. ഒരു മാസം മുമ്പ് എനിക്ക് എന്റെ കുട്ടിയെ കിട്ടുമോ എന്ന ചോദ്യവുമായി നിന്ന അനുപമ എസ് ചന്ദ്രൻ ഓരോ ദിവസം കഴിയും തോറും കരുത്തുള്ളവളായി. സൈബർ ആക്രമണങ്ങളിൽ പതറിയില്ല. മന്ത്രി സജി ചെറിയാൻ തന്നെ നേരിട്ട് അപമാനിക്കാനെത്തി. പേരൂർക്കട പൊലീസിൽ പരാതി കൊടുത്തപ്പോൾ അത് നാട്ടിലെ കഥയെന്ന് പറഞ്ഞ് മന്ത്രി തടിയൂരി. വനിതാ കമ്മീഷനിലെ പരാതിയും വെറുതെ ആയി.

അവർക്കും ഒന്നും ചെയ്യാനായില്ല. പക്ഷേ വിട്ടു കൊടുക്കാൻ അനുപമ തയ്യാറായിരുന്നില്ല. കുടുംബ കോടതിയിൽ കൃത്യമായി തന്റെ കേസ് പറഞ്ഞ് അവർ നിയമ പോരാട്ടവും നടത്തി. ഇതോടെ ചില ചോദ്യങ്ങൾ ശിശുക്ഷേമ സമിതിക്ക് മുമ്പിലെത്തി. വെറും കുടുംബ പ്രശ്നമായി അതിനെ ഒതുക്കാൻ പിന്നെ ആർക്കും കഴിഞ്ഞില്ല. അങ്ങനെ അമരാവതിയിലെ ആ കുട്ടി വിജയവാഡ വഴി തിരുവനന്തപുരത്ത് തിരിച്ചെത്തി. കുട്ടിയെ കൊടുത്ത് എല്ലാ വിവാദവും അവസാനിപ്പിക്കുകയാണ് ശിശുക്ഷേമ സമിതിയുടേയും സർക്കാരിന്റേയും ആഗ്രഹം. അതിന് വേണ്ടിയാണ് സൈബർ സഖാക്കളുടെ ഇല്ലാ കഥ പറഞ്ഞുള്ള ആക്രമണങ്ങൾ. പക്ഷേ കുറ്റക്കാർ ശിക്ഷിക്കപ്പെടും വരെ ഈ അമ്മ പോരാട്ടം തുടരും. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണമെന്ന് അനുപമ പറയുന്നു.

അച്ഛനെ സ്നേഹിച്ച മകളായിരുന്നു അനുപമ. അച്ഛന്റെ വഴിയേ എസ് എഫ് ഐയിൽ എത്തിയ വിദ്യാർത്ഥിനി. ഇതിനിടെ പാർട്ടി യോഗങ്ങളിൽ കണ്ട അജിത്ത് എന്ന ഡിവൈഎഫ്ഐക്കാരനുമായി പ്രണയത്തിലായി. കുടുംബ ജീവിതം താറുമാറായ അജിത്തും അനുപമയും ഒരുമിക്കാൻ തിരുമാനിച്ചു. ആദ്യ ഭാര്യയിൽ നിന്ന് ഡിവോഴ്സ് കിട്ടും മുമ്പേ അനുപമ ഗർഭിണിയായി. ഇതായിരുന്നു ആ ബന്ധത്തിൽ പ്രതിസന്ധിയായത്. ആരുമറിയാതെ ഗർഭത്തെ അനുപമ സംരക്ഷിച്ചു. അജിത്തിന് ഡിവോഴ്സ് കിട്ടിയോപ്പോൾ വില്ലനായി അവതരിച്ചത് ഏറെ സ്നേഹിച്ച അച്ഛൻ ജയചന്ദ്രനായിരുന്നു. മാർക്ക് വെട്ടിപ്പിലും ഒളിച്ചോട്ടത്തിലും കുടുങ്ങിയ പഴയ സഖാവ്. അച്ഛന്റെ സ്വാഭവം അറിയാവുന്ന അനുപമ കുട്ടിയെ സംരക്ഷിക്കാൻ പെടാപാടുപ്പെട്ടു. തടങ്കലിൽ മകളെ പാർപ്പിച്ച് ഗർഭസ്ഥ ശിശുവിനെ കൊല്ലാൻ ശ്രമിച്ചു. പിന്നെ പിറന്ന കുഞ്ഞിനെ തട്ടിയെടുത്തു. ഇതൊന്നും സൈബർ സഖാക്കൾ കണ്ടും കേട്ടുമില്ല. അവർ അനുപമയെന്ന എസ് എഫ് ഐക്കാരിയെ കടന്നാക്രമിച്ചു. അജിത്തിനെ മൂന്ന് കുട്ടികളുടെ അച്ഛനാക്കി പോലും വ്യാജ പ്രചരണമെത്തി. പക്ഷേ ഇതൊന്നും അനുപമയെ തളർത്തിയില്ല. അവർ ശിശുക്ഷേമ സമിതിക്ക് മുമ്പിൽ സമരത്തിനെത്തി.

പന്തൽ കെട്ടാൻ അനുവദിക്കാതെ പൊലീസ് സമരത്തെ പൊളിക്കാൻ നോക്കി. റോഡരികിൽ മാരുതി വാൻ കൊണ്ടൊതുക്കി അതിലായി മഴക്കാലത്തെ സമരം. ഇത് ആരും പ്രതീക്ഷിച്ചില്ല. തന്നെ കാണാൻ എത്തുന്നവർക്ക് ചെറിയൊരു ചായ്പ പോലെ ടാർപാളിൻ കെട്ടാൻ അനുവദിച്ചു ഒടുവിൽ പൊലീസ്. ഡൽഹിയിലെ കർഷക സമരത്തെ അടിച്ചമർത്താൻ മോദിയും കൂട്ടരും കാട്ടിയ അതേ തന്ത്രങ്ങൾ തന്നെയാണ് സമര പന്തൽ പോലും കെട്ടാൻ അനുവദിക്കാതെ പിണറായി പൊലീസും ആദ്യം ചെയ്തത്. രണ്ടു ദിവസം മഴ നനഞ്ഞ് സമരം ചെയ്ത അനുപമ പിന്നോട്ടില്ലെന്ന സന്ദേശം അതിശക്തമായി നൽകി. ഇതോടെ നടപടികൾ വേഗത്തിലായി.

കുട്ടിയെ കൊണ്ടു വരാൻ ശിശുക്ഷേമ സമിതി തീരുമാനിച്ചു. പൊലീസ് സംരക്ഷണയിൽ കുട്ടി തിരുവനന്തപുരത്ത് പറന്നിറങ്ങി. വിമാനത്താവളത്തിൽ ശിശുക്ഷേമ സമിതിയിലെ ജീവനക്കാരി കുട്ടിയെ മാറോട് അണച്ചു കൊണ്ടു വന്നു. ഈ ജീവനക്കാരിയെ പോറ്റമ്മയുടെ ഇമേജ് നൽകി ഉയർത്തിക്കാട്ടി സൈബർ സഖാക്കൾ. വീണ്ടും ദത്തെടുത്തവരുടെ അവകാശങ്ങളിലേക്ക് ചർച്ച കൊണ്ടു പോയി. അപ്പോഴും കുട്ടിക്ക് വേണ്ടി അനുപമ പരാതിയുമായി നടക്കുമ്പോൾ അത് തിരിച്ചറിഞ്ഞാണ് ശിശുക്ഷേമ സമിതി കുട്ടിയെ അമരാവതിയിലേക്ക് കടത്തിയതെന്ന സത്യം ആരും ഉയർത്തിക്കാട്ടിയില്ല. ഈ പ്രചരണങ്ങളോടെ ഡിഎൻഎ ടെസ്റ്റിൽ അട്ടിമറിയുണ്ടാകുമെന്ന് അനുപമ ഭയന്നു. അതോടെ അതായി സൈബർ സഖാക്കളുടെ ചർച്ച. കളിയാക്കൽ.

പക്ഷേ അതിനൊന്നും 24 മണിക്കൂറിന്റെ ആയുസ്സുണ്ടായില്ല. പേരൂർക്കടയിലെ ലോക്കൽ കമ്മറ്റി അംഗം രണ്ടു ഡോക്ടർമാരുടെ സഹായത്തോടെ തട്ടിയെടുത്ത ആ കുട്ടിയുടെ മതാപിതാക്കളെ ഒടുവിൽ തിരിച്ചറിഞ്ഞു. ഇനി ആ കുട്ടി അനാഥയല്ല. അനുപമയോട് ചേർന്ന് ആ കുട്ടിക്ക് ഇരിക്കാം. അനധികൃത ദത്ത് വിവാദത്തിൽ കുഞ്ഞ് അനുപമയുടേതു തന്നെയെന്ന് ഡിഎൻഎ പരിശോധനാ ഫലം പുറത്തു വന്നു കഴിഞ്ഞു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ പരിശോധനയിൽ കുഞ്ഞ് അനുമപയുടെയും അജിത്തിന്റേയും തന്നെയെന്ന് തെളിഞ്ഞു.